സംസ്ഥാന ബിജെപിയില്‍ നേതൃമാറ്റത്തിന് നീക്കം. പുതിയ അദ്ധ്യക്ഷനെ ഉടന്‍ നിയമിച്ചേക്കും. രാജീവ് ചന്ദ്രശേഖറിൻ്റെയും എം ടി രമേശിൻ്റെയും പേരാണ് പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം അമിത് ഷാ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രസിഡൻ്റാകുന്നതുമായി ബന്ധപ്പെട്ട് അമിത് ഷാ രാജീവ് ചന്ദ്രശേഖറുടെ അഭിപ്രായം തേടി.

കേരളത്തില്‍ നേതൃമാറ്റം അനിവാര്യമാണെന്ന നിലപാടിലാണ് കേന്ദ്രനേതൃത്വം. അധ്യക്ഷ സ്ഥാനത്തേയ്ക്ക് വരുന്നതില്‍ അനുകൂല നിലപാടല്ല രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചതെന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. കേരളത്തില്‍ സ്ഥിരമായി തുടരേണ്ടി വരുമെന്നതാണ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നതില്‍ നിന്നും രാജീവ് ചന്ദ്രശേഖർ പിൻവലിയാനുള്ള പ്രധാനകാരണം. കേരളത്തിലെ ബിജെപിയിലെ ഗ്രൂപ്പിസവും താഴെതട്ടിലെ നേതാക്കളുമായി അടുപ്പമില്ലാത്തതും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാണിച്ചതായാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ പുതിയൊരു മുഖം നേതൃസ്ഥാനത്തേയ്ക്ക് വരട്ടെയെന്നാണ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട്. എല്ലാ വിഭാഗത്തെയും ആകർഷിക്കാൻ പറ്റുന്ന ആള്‍ സംസ്ഥാന പ്രസിഡൻ്റായി വരണമെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം. മാറ്റം ആഗ്രഹിക്കുന്ന ഒരു തലമുറയെ സ്വാധീനിക്കാൻ കഴിയുന്ന നേതാവ് എന്നതാണ് ബിജെപി നേതൃത്വം രാജീവ് ചന്ദ്രശേഖറിന് നല്‍കുന്ന പരിഗണന. സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖരിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ രാജീവ് ചന്ദ്രശേഖർ‌ ചുരുങ്ങിയ സമയം കൊണ്ട് ഉണ്ടാക്കിയെടുത്ത സ്വാധീനവും ഇടപെടലും കേന്ദ്ര നേതൃത്വം കണക്കിലെടുത്തിട്ടുണ്ട്.

സുരേഷ് ഗോപിയുടെ തൃശ്ശൂരിലെ വിജയവും സമീപകാലത്ത് മറ്റുപാർ‌ട്ടികളില്‍ നിന്നും ആളുകള്‍ ബിജെപിയിലേയ്ക്ക് എത്തുന്നതും പരിഗണിച്ചാണ് നേതൃമാറ്റം കേരളത്തില്‍ അനിവാര്യമാണ് എന്ന നിലപാടിലേയ്ക്ക് ബിജെപി കേന്ദ്രനേതൃത്വം എത്തിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക