ഒരു പ്രമുഖ ദക്ഷിണേന്ത്യൻ സംവിധായകനില്‍നിന്നും തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് നടി ഉപാസന സിങ്. രാത്രി പതിനൊന്നരക്ക് തന്നെ ഹോട്ടല്‍മുറിയിലേക്ക് ക്ഷണിക്കുകയാണ് സംവിധായകൻ ചെയ്തതെന്നും ബോളിവുഡ് താരം വെളിപ്പെടുത്തി.കഥ കേള്‍ക്കാൻ നാളെ വരാമെന്ന് പറഞ്ഞപ്പോള്‍ അർത്ഥം മനസ്സിലായില്ലേ എന്നായിരുന്നു മറുചോദ്യമെന്നും താരം പറയുന്നു. ഇത് തന്റെ ജീവിതത്തില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചതെന്നും ഒരു അഭിമുഖത്തില്‍ താരം വ്യക്തമാക്കി.
‘ഒരു വലിയ തെന്നിന്ത്യൻ ചലച്ചിത്ര സംവിധായകന്റെ അനില്‍ കപൂർ ചിത്രത്തിനായി ഞാൻ കരാർ ഒപ്പിട്ടിരുന്നു. സംവിധായകന്റെ ഓഫീസില്‍ പോകുമ്ബോഴെല്ലാം ഞാൻ എൻ്റെ അമ്മയെയോ സഹോദരിയെയോ കൊണ്ടുപോകുമായിരുന്നു. എന്തുകൊണ്ടാണ് എപ്പോഴും അവരെ കൂടെ കൊണ്ടുവരുന്നതെന്ന് ഒരു ദിവസം അദ്ദേഹം എന്നോട് ചോദിച്ചു. രാത്രി 11:30-ന് വിളിച്ച് കൂടിക്കാഴ്ചയ്ക്കായി ഹോട്ടലിലേക്ക് എത്താൻ ആവശ്യപ്പെട്ടു. കാറില്ലാതിരുന്നതിനാല്‍ അടുത്ത ദിവസം കഥ കേള്‍ക്കാമെന്ന് ഞാൻ പറഞ്ഞു. എന്നാല്‍ അർഥം മനസിലായില്ലേ എന്ന് അദ്ദേഹം ചോദിച്ചു’- ഉപാസന വെളിപ്പെടുത്തി.
‘പിറ്റേ ദിവസം ഞാൻ അയാളുടെ ഓഫീസിലേക്ക് പോയി. അദ്ദേഹം മറ്റ് മൂന്ന് നാല് പേരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അദ്ദേഹത്തിൻ്റെ സെക്രട്ടറി എന്നോട് പുറത്ത് കാത്തിരിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ ഞാൻ അത് അനുസരിച്ചില്ല. അവരുടെ മുന്നില്‍വെച്ച് പഞ്ചാബിയില്‍ ഞാൻ അയാളെ ചീത്ത വിളിച്ചു. ഓഫീസില്‍ നിന്നിറങ്ങിയപ്പോള്‍ ഞാൻ സിനിമയെക്കുറിച്ചോർത്തു. അനില്‍കപൂർ സിനിമയില്‍ ഒപ്പിട്ട കാര്യം ഞാൻ പലരേയും അറിയിച്ചിരുന്നു. ഫുട്പാത്തിലൂടെ നടക്കുമ്ബോള്‍ എനിക്ക് കരച്ചില്‍ അടക്കാനായില്ല.’- ഉപാസന പറഞ്ഞു.
ഈ സംഭവം തന്നില്‍ വലിയ ആഘാതം സൃഷ്ടിച്ചെന്ന് താരം അഭിമുഖത്തില്‍ പറയുന്നു. പിന്നീടുള്ള ഏഴുദിവസങ്ങളില്‍ മുറിയില്‍നിന്ന് പുറത്തിറങ്ങിയില്ല. ആളുകളോട് എന്ത് പറയും എന്ന് ആലോചിച്ച് നിർത്താതെ കരഞ്ഞു. പക്ഷേ, ആ ഏഴു ദിവസങ്ങള്‍ എന്നെ കൂടുതല്‍ ശക്തയാക്കി. എനിക്ക് പിന്തുണ നല്‍കാൻ എന്റെ മാതാവ് ഏറെ ബുദ്ധിമുട്ടി. അവരെക്കുറിച്ച് ആലോചിച്ചതോടെ സിനിമ ഉപേക്ഷിക്കില്ലെന്ന് തീരുമാനിച്ചുവെന്നും നടി കൂട്ടിച്ചേർത്തു.





