കേരളത്തിൻ്റെ സമീപകാല ചരിത്രത്തിലെങ്ങും ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസില്‍ പോലീസ് കയറിയിട്ടുണ്ടാകില്ല. അക്രമം കാണിച്ചിട്ട് പോലും പാർട്ടി ഓഫീസില്‍ ഒളിക്കാമെന്ന് അണികള്‍ കരുതുന്ന വിധത്തില്‍ ‘രാഷ്ട്രീയ പ്രബുദ്ധമായ’ സാമൂഹ്യ സാഹചര്യത്തിലാണ് യതീഷ് ചന്ദ്ര എന്ന ജൂനിയർ ഐപിഎസ് ഉദ്യോഗസ്ഥൻ അങ്കമാലിയിലെ സിപിഎം ഓഫീസില്‍ കയറി പ്രവർത്തകരെ അടിച്ചൊതുക്കിയത്.2015 മാർച്ച്‌ 14ന് നടന്ന ഹർത്താലിൻ്റെ പ്രകടനത്തിനിടെ പോലീസുകാരെ ആക്രമിക്കാൻ ആരോ മുതിർന്നതാണ് പ്രകോപനമായത്. സോഷ്യല്‍ മീഡിയ സജീവമായിട്ടില്ലെങ്കിലും, ‘പോലീസുകാരെ അടിക്കുന്നോടാ’ എന്ന യതീഷിൻ്റെ ആക്രോശം പറ്റുന്ന വഴികളിലെല്ലാം ഷെയർചെയ്ത് കണ്ടു മലയാളികള്‍.

അന്ന് ഡിജിപിയായിരുന്ന കെഎസ് ബാലസുബ്രഹ്മണ്യൻ വിളിച്ചുവരുത്തി താക്കീത് ചെയ്തെങ്കിലും പിന്നീടും ‘മൊട കണ്ടാല്‍ ഇടപെടും’ എന്ന മട്ടില്‍ വിവാദങ്ങളുടെ തോഴനായി തുടർന്നു യതീഷ്. 2018ലെ ശബരിമല സമരകാലത്ത് സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ തടഞ്ഞിടുന്ന പോലീസ് നടപടിക്ക് വഴങ്ങാതിരുന്ന കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ വരച്ചവരയില്‍ നിർത്തി. പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ മടങ്ങിക്കൊള്ളാമെന്ന് ഉറപ്പ് എഴുതിവാങ്ങിയേ, സംഘപരിവാർ നേതാവ് കെപി ശശികലയെയും യതീഷ് ശബബിമലയിലേക്ക് കടത്തിവിട്ടുള്ളൂ. ഇവയുടെയെല്ലാം തത്സമയ ദൃശ്യങ്ങള്‍ പുറത്തുവന്നതും പ്രചരിച്ചതും യതീഷിൻ്റെ ജനപ്രീതിയുടെ ഗ്രാഫുയർത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണൂരില്‍ കോവിഡ് ലോക്ക്ഡൌണ്‍ ലംഘിച്ചവരെ പൊതുവഴിയില്‍ ഏത്തമിടീച്ചത്, കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടയാൻ നിന്ന പുതുവൈപ്പിൻ സമരക്കാരെ ലാത്തിച്ചാർജ് ചെയ്തത് തുടങ്ങി യതീഷ് വില്ലൻസ്ഥാനത്ത് വന്ന ഒട്ടേറെ സംഭവങ്ങളും ഉണ്ടായെങ്കിലും ഒരിക്കലും ശൈലിമാറ്റിയിട്ടില്ല. ഇതിലെല്ലാം വിവിധ തലങ്ങളില്‍ അന്വേഷണങ്ങള്‍ ഉണ്ടായെങ്കിലും എല്ലാത്തില്‍ നിന്നും പുഷ്പം പോലെ ഊരിവരാനും വല്ലാത്തൊരു മെയ് വഴക്കം നേടിയിട്ടുണ്ട് ഈ കർണാടകക്കാരൻ.

കർണാടക ദാവൻഗരെയില്‍ നിന്നുള്ള എൻജിനീയറിങ് ബിരുദക്കാരൻ സിവില്‍ സർവീസിലെത്തിയത് യാദൃഛികമായിട്ടാണ്. കേരള കേഡറില്‍ എത്തിയ ശേഷം ആദ്യം ജോലി ചെയ്തത് കണ്ണൂർ എഎസ്പിയായി. പിന്നീട് കണ്ണൂർ എസ്പി, കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ, തൃശൂർ കമ്മിഷണർ തുടങ്ങിയ പദവികളൊക്കെ വഹിച്ച ശേഷം ഇടക്കാലത്ത് കാണാതായി. പിന്നെ പൊങ്ങിയത് ബംഗളൂരു സിറ്റി പോലീസില്‍ അഴിമതി വിരുദ്ധവിഭാഗം എസ്പിയായി. ഡെപ്യൂട്ടേഷൻ അവസാനിച്ച്‌ ഏതാനും മാസം മുമ്ബ് തിരിച്ചെത്തിയെങ്കിലും അവധിയിലായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ പട്ടിക ഇന്നലെ പുറത്തിറങ്ങിയതിലാണ് ഡിഐജിയായുള്ള പ്രമോഷനും കണ്ണൂരിലേക്കുള്ള നിയമനവും ഉറപ്പിച്ചത്.

തൃശൂർ പൂരം അലങ്കോലമാക്കിയെന്ന പേരില്‍ അടുത്തയിടെ പോലീസ് പ്രതിക്കൂട്ടിലായ വൻ വിവാദത്തിനിടെയും യതീഷ് ചന്ദ്ര സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടി. തൃശൂർ കമ്മിഷണറായിരിക്കെ പൂരപ്രേമികള്‍ക്കൊപ്പം ഫോട്ടോക്ക് നില്‍ക്കുന്നതിൻ്റെ അടക്കം ചിത്രങ്ങളാണ്, പോലീസ് ഇങ്ങനെയാവണമെടാ, എന്ന അടിക്കുറിപ്പുകളുമായി പ്രചരിച്ചത്. ഉദ്യോഗസ്ഥർക്കായി പ്രധാനമന്ത്രി തുടങ്ങിവച്ച ഫിറ്റ്നെസ് ചലഞ്ച് ഏറ്റെടുത്ത് യതീഷ് പുറത്തുവിട്ട വർക്കൌട്ട് വീഡിയോയും വൈറലായിരുന്നു. ചുരുക്കം പറഞ്ഞാല്‍ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ആഘോഷിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥൻ തല്‍ക്കാലം വേറെയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക