മീഡിയവണ്‍ റിപ്പോർട്ടറെ മതത്തിന്റെ പേരില്‍ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് യു. പ്രതിഭ എം.എല്‍.എക്ക് എതിരെ പരാതി.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നൗഫല്‍ ചെമ്ബകപള്ളിയാണ് പരാതി നല്‍കിയത്. എം.എല്‍.എയുടെ പരാമർശം സമൂഹത്തില്‍ മതസ്പർദ്ധ ഉണ്ടാക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു.
സമൂഹത്തില്‍ ഉന്നത സ്ഥാനത്ത് നില്‍ക്കുന്ന എം.എല്‍.എ ഇത്തരത്തിലുള്ള ഒരു പരാമർശം നടത്തുക വഴി സമൂഹത്തില്‍ അത് സ്വാധീനം ഉണ്ടാക്കുകയും, ധ്രുവീകരണത്തിന് ഇടയാക്കിയിരിക്കുകയുമാണ്. പരാമർശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. തല്‍ഫലമായി ബി.ജെ.പി സംസ്ഥാന ഭാരവാഹി അഡ്വ. ബി. ഗോപാലകൃഷ്ണൻ എം.എല്‍.എക്ക് പിന്തുണയുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഒരു വർഗീയ അജണ്ടകൂടി ഇത്തരത്തിലുള്ള പരാമർശങ്ങള്‍ ലക്ഷ്യം വെക്കുന്നുണ്ടെന്ന് പരാതിയില്‍ ആരോപിക്കുന്നു.
ഭരണഘടനയുടെ ആർട്ടിക്കിള്‍ 15ലെ വിവേചനത്തില്‍ നിന്നുള്ള സംരക്ഷണത്തിന് എതിരായ പരാമർശം കൂടിയാണ് എം.എല്‍.എ നടത്തിയിട്ടുള്ളത് എന്നും എം.എ.ല്‍.എക്കെതിരെ കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
പരാതിയുടെ പൂർണരൂപം
സർ ,
കഴിഞ്ഞദിവസം 29- 12- 2024 ഞായർ ഉച്ചക്ക് 2:1 മണിക്ക് 22 മിനിറ്റ് : 31 സെക്കൻഡ് ദൈർഘ്യമുള്ള “യു പ്രതിഭ ഹൃദയപക്ഷം” എന്ന ഫേസ്ബുക്ക് ചാനലിലൂടെ വീഡിയോ ലൈവിലൂടെ ബഹു. എംഎല്‍എയും അഭിഭാഷകയും ആയിട്ടുള്ള അഡ്വ. യു പ്രതിഭ 8: മിനിറ്റ് 52: സെക്കൻഡ് സമയത്ത് മീഡിയവണ്‍ ചാനലിലെ മാധ്യമപ്രവർത്തകനായ റിപ്പോർട്ടറെ ജാതിയുടെയും, മതത്തിന്റെയും പേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തിട്ടുള്ളതാണ്.
ഒരു പബ്ലിക് സർവെന്റിന്റെ വിഭാഗത്തിലുള്ള ബഹു. എംഎല്‍എ അത്തരത്തിലുള്ള ഒരു പരാമർശം നടത്തുക വഴി സമൂഹത്തില്‍ മതസ്പർദ്ധ ഉണ്ടാക്കുക എന്ന ലക്ഷ്യവും, വർഗീയ ലഹളയും കാരണമാകും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ ബോധപൂർവ്വം ലക്ഷ്യം വെച്ചിട്ടാണ് ടി. പരാമർശങ്ങള്‍ നടത്തിയിട്ടുള്ളത്. സമൂഹത്തില്‍ ഉന്നത സ്ഥാനത്ത് നില്‍ക്കുന്ന ബഹു. എംഎല്‍എ ഇത്തരത്തിലുള്ള ഒരു പരാമർശം നടത്തുക വഴി സമൂഹത്തില്‍ അത് സ്വാധീനം ഉണ്ടാക്കുകയും, ധ്രുവീകരണത്തിന് ഇടയാക്കിയിരിക്കുകയുമാണ്. ടി പരാമർശങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. തല്‍ഫലമായി ബിജെപി സംസ്ഥാന ഭാരവാഹി അഡ്വ. ബി ഗോപാലകൃഷ്ണൻ ബഹു എം എല്‍ എക്ക് പിന്തുണയുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്. ഒരു വർഗീയ അജണ്ടകൂടി ഇത്തരത്തിലുള്ള പരാമർശങ്ങള്‍ ലക്ഷ്യം വെക്കുന്നുണ്ട് എന്ന് മനസ്സിലാക്കാം.
ഭരണഘടനയുടെ ആർട്ടിക്കിള്‍ 15ലെ വിവേചനത്തില്‍ നിന്നുള്ള സംരക്ഷണത്തിന് എതിരായ പരാമർശം കൂടിയാണ് ബഹു. എംഎല്‍എ നടത്തിയിട്ടുള്ളത് എന്നും കാണുവാൻ കഴിയും. ആയതിനാല്‍ ബഹു. എസ് എച്ച് ഒ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 191 അനുസരിച്ച് പൊതുലക്ഷ്യം നേടുവാൻ വേണ്ടി പ്രവർത്തിക്കുന്നതില്‍ ചെയ്യുന്ന കുറ്റത്തിനും, സെക്ഷൻ 196 അനുസരിച്ച് മതം കാരണമായി വ്യത്യസ്ത ഗ്രൂപ്പുകള്‍ തമ്മില്‍ ശത്രുത്വം പുലർത്തുകയും, സൗഹാർദ്ദത്തിന്റെ നിലനില്‍പ്പിന് ഭംഗം വരുത്തുന്ന കൃത്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന കുറ്റത്തിന് എതിരായി കേസെടുത്ത് നിയമനടപടികള്‍ സ്വീകരിക്കണമെന്ന് താല്പര്യപ്പെടുന്നു.

















