പാലയൂർ സെന്റ് തോമസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷം തടഞ്ഞ എസ്.ഐ അവധിയില്‍ പ്രവേശിച്ചു. തൃശൂർ ചാവക്കാട് എസ്.ഐ വിജിത്താണ് തൻ്റെ നടപടി വലിയ വിവാദമായതോടെ അവധിയില്‍ പ്രവേശിച്ചത്.ശനിയാഴ്ച മുതല്‍ വിജിത്തിന് ശബരിമല ഡ്യൂട്ടിയാണ്.
സിപിഎം അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും എസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നതിന് പിന്നാലെയാണ് വിജിത്ത് അവധിയില്‍ പോയത്. ചാവക്കാട് പാലയൂർ പള്ളിയില്‍ കാരള്‍ ഗാനാലാപനം മൈക്കില്‍ നടത്തുന്നതാണ് എസ്.ഐ തടഞ്ഞിരുന്നു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേല്‍ തട്ടില്‍ ക്രിസ്തുമസ് തിരുക്കർമ്മങ്ങള്‍ക്ക് എത്തുന്നതിന് തൊട്ടുമുമ്ബാണ് എസ്‌ഐ പരിപാടി തടഞ്ഞത്.
തിരുകർമ്മങ്ങള്‍ക്ക് മുന്നോടിയായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പല്‍ തീർഥ കേന്ദ്രത്തില്‍ എല്ലാ കൊല്ലവും കാരള്‍ ഗാനങ്ങള്‍ ഇടവക അംഗങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇത്തവണയും അതിനായി സ്റ്റേജ് കെട്ടി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. മാർ തട്ടിലിനെ സ്വീകരിക്കുന്നതിന് ഇടവക അംഗങ്ങള്‍ ഗേറ്റിനോടടുത്ത് നില്‍ക്കുന്ന സമയത്തായിരുന്നു പള്ളി അങ്കണത്തില്‍ ഉച്ചഭാഷിണി അനുവദിക്കാനാവില്ലെന്ന് ചാവക്കാട് എസ്.ഐ വിജിത്ത് പള്ളി അധികൃതരോട് പറഞ്ഞത്. കാരള്‍ ഗാനത്തിനായി പള്ളി മുറ്റത്തെ വേദിയില്‍ ഒരുക്കിയ നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം തൂക്കിയെറിയുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ സംസാരിച്ചു പോയതിന് പിന്നാലെ കാരള്‍ ഗാന പരിപാടി ഉപേക്ഷിച്ചതായി ഇടവക ട്രസ്റ്റി അംഗങ്ങള്‍ അറിയിച്ചു. പള്ളിയങ്കണത്തിന് പുറത്തേക്ക് പ്രദക്ഷിണമായി പോകുന്നതിനാണ് സാധാരണ മൈക്ക് പെർമിഷൻ എടുക്കാറുള്ളതെന്നും ഇടവക അംഗങ്ങള്‍ പറഞ്ഞു. പരാതിയുമായി മുന്നോട്ടു പോകുന്നത് പള്ളി കമ്മിറ്റി കൂടി തീരുമാനിക്കും.

















