പാലക്കാട് ക്രിസ്മസ് ആഘോഷം തടഞ്ഞതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ.നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം വിഎച്ച്‌പി തടഞ്ഞത് അപലപനീയമാണ്. സംസ്ഥാന സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നല്ലേപ്പിള്ളിയില്‍ ഡിവൈഎഫ്‌ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ നടത്തുന്ന ക്രിസ്മസ് ആഘോഷങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്തു.

സ്കൂളുകളില്‍ എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങള്‍ നടത്തുന്നതിനെ സ്വാഗതം ചെയ്തു. വിദ്യാലയങ്ങളില്‍ നബി ദിനവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിക്കുന്നതിനോടും എതിർപ്പില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.നല്ലേപ്പിള്ളി സംഭവുമായി ബന്ധപ്പെട്ട് പോലീസ് നടപടിയെടുക്കട്ടെയെന്ന് ബിജെപി നേതാവ് വി മുരളീധരൻ പറഞ്ഞു. ബിജെപി പ്രവർത്തകർ ആരും ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ല. നല്ലേപ്പിള്ളിയില്‍ സംഭവിച്ചത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ക്രിസ്മസ് ആഘോഷം തടഞ്ഞത് ബിജെപി പ്രവർത്തകരാണ് എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ ഇന്ന് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇന്ന് ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കെടുക്കുകയാണ്. അതാണ് ബിജെപിയുടെ നിലപാട്. പ്രധാനമന്ത്രി ചെയ്യുന്നതാണ് ശരിയെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.

ബിജെപിയുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും യഥാർത്ഥ ബിജെപി എന്താണെന്ന് നല്ലേപ്പള്ളിയിലെ സംഭവം കാണിച്ചുതരുന്നുവെന്നുമാണ് സന്ദീപിൻ്റെ കുറ്റപ്പെടുത്തല്‍. തിരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയ ബിജെപി പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് അട്ടിമറിക്കാനുള്ള ശ്രമം ബിജെപി സംസ്ഥാന നേതൃത്വം നടത്തിയിട്ടുണ്ട്. പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയായിരുന്ന സി കൃഷ്ണകുമാറുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളുകളാണ് റിമാൻഡിലായതെന്നും സന്ദീപ് പറഞ്ഞിരുന്നു.

ഇന്നലെ പാലക്കാട് നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്തുമസ് ആഘോഷത്തിന്‍റെ ഭാഗമായി കരോള്‍ നടക്കുമ്ബോഴാണ് വിഎച്ച്‌പി പ്രവർത്തകർ എത്തി തടഞ്ഞത്. ഇവര്‍ പ്രധാനാധ്യാപികയെയും അധ്യാപകരെയും അസഭ്യം പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വിഎച്ച്‌പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ഇവരില്‍ കെ അനില്‍കുമാര്‍, വി സുശാസനന്‍ എന്നിവർക്ക് ബി.ജെ.പി നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നാണ് സന്ദീപ് വാര്യരുടെ ആരോപണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക