രാമപുരം പഞ്ചായത്തിൽ പുറമ്പോക്ക് കയ്യേറ്റം വ്യാപകമാകുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. വിഷയത്തിൽ യുഡിഎഫ് ഭരണസമിതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി സി ടി രാജൻ രംഗത്തെത്തി. കേരള കോൺഗ്രസ് എമ്മിന്റെ ഒത്താശയോടുകൂടി തോട് പുറമ്പോക്കടക്കം നിരവധി കയ്യേറ്റങ്ങളാണ് മുൻകാലങ്ങളിൽ നടന്നിട്ടുള്ളത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ ഭൂമി തിരികെ പിടിക്കുവാൻ ഭരണസമിതിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്.
തോട് പുറമ്പോക്ക് കയ്യേറി കൃഷി നടത്തിയിട്ട് ലക്ഷക്കണക്കിന് രൂപയ്ക്ക് വസ്തു മറിച്ചുവയ്ക്കുന്ന സംഭവങ്ങൾ വരെ പഞ്ചായത്തിൽ ഉണ്ടായിട്ടുണ്ട്. ഇത്തരത്തിൽ നടക്കുന്ന പലകയ്യേറ്റങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും, വെള്ളക്കെട്ടിനും കാരണമാകുന്നുണ്ട്. സ്വകാര്യ വ്യക്തികൾ പുറമ്പോക്ക് കൈയേറി നിരവധി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പൊതുസ്വത്ത് സംരക്ഷിക്കുവാനുള്ള പ്രതിബദ്ധത ഉദ്യോഗസ്ഥർക്ക് ഇല്ല എന്നതുകൊണ്ട് തന്നെ പലപ്പോഴും കയ്യേറ്റക്കാർ മാന്യന്മാരായി നടക്കുകയാണെന്നും സി ടി രാജൻ ആരോപിച്ചു.
ജില്ലാ സർവെയർ നേരിട്ട് എത്തി അളന്നു തിട്ടപ്പെടുത്തി സർക്കാർ ഭൂമിയാണെന്ന് സ്ഥിരീകരിച്ച വസ്തുക്കൾ പോലും കൈയേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇത് അധികൃതരുടെ അനാസ്ഥയുടെ ഉദാഹരണമാണ്. മുടന്തൻ ന്യായങ്ങൾ മുന്നോട്ടുവയ്ക്കാതെ ശക്തമായ നടപടികൾ ഉണ്ടായില്ലെങ്കിൽ പാർട്ടി തലത്തിൽ തന്നെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരാവകാശ രേഖകളുടെ അടിസ്ഥാനത്തിൽ കയ്യേറ്റങ്ങൾ സംബന്ധിച്ച നിരവധി രേഖകൾ അദ്ദേഹം സമാഹരിച്ചിട്ടുണ്ട്. വികസന പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നത് പലപ്പോഴും ഇത്തരം കയ്യേറ്റക്കാരാണ് എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സാമൂഹിക പ്രതിബദ്ധതയില്ലാതെ ധനസമ്പാദനത്തിനുവേണ്ടി കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്യുന്ന കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ രാഷ്ട്രീയ ശൈലിയാണ് ഈ ദുരന്തത്തിന് വഴിവച്ചതൊന്നും അദ്ദേഹം ആരോപിക്കുന്നു. വരുംദിവസങ്ങളിലും പോരാട്ടവുമായി ശക്തമായി നിലകൊള്ളും എന്നും സി ടി രാജൻ നിലപാട് വ്യക്തമാക്കി.













