പാലാ നഗര മധ്യത്തിലുള്ള തങ്ങളുടെ ഷോറൂമിന് മുന്നിൽ നടപ്പാത കെട്ടിയടച്ച് നിർമ്മാണ പ്രവർത്തനം നടത്തിയ അച്ചായൻസ് ഗോൾഡ് എന്ന സ്ഥാപനത്തിനെതിരെ കഴിഞ്ഞ ദിവസം പൊതുപ്രവർത്തകനായ ജോയി കളരിക്കൽ ഒറ്റയാൾ സമരം നടത്തിയിരുന്നു. ഈ അനധികൃത നിർമ്മാണം ചൂണ്ടിക്കാട്ടിയ മാധ്യമ റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസത്തെ നഗരസഭ കൗൺസിൽ യോഗത്തിലും ചർച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനിയാണ് കൗൺസിൽ യോഗത്തിൽ വിഷയം ഉയർത്തിയത്.
മുന്നേ നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ അനധികൃത നിർമ്മാണം കണ്ടെത്തിയിരുന്നു. എന്നാൽ ഇതിനെതിരെ നടപടി എടുക്കുവാൻ ഭരണനേതൃത്വമോ, മുനിസിപ്പൽ അധികൃതരോ തയ്യാറായില്ല. എന്നാൽ സംഭവം വിവാദമായതോടെ മൂന്നുദിവസത്തിനകം അനധികൃത നിർമ്മാണം പൊളിച്ചു നീക്കുമെന്ന് നഗരസഭ ചെയർമാൻ ഷാജു തുരുത്തൻ യോഗത്തിൽ ഉറപ്പു കൊടുത്തു.
എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് ജനങ്ങൾക്ക് വേണ്ടി സമരത്തിന് ഇറങ്ങിയ പൊതുപ്രവർത്തകനെ അവഹേളിക്കുന്ന രീതിയിൽ നഗരത്തിൽ ഉടനീളം ഉയർന്ന ഫ്ലക്സ് ബോർഡുകൾ ആണ്. അച്ചായൻസ് ഗോൾഡിന്റെ പേരിലാണ് ബോർഡുകൾ ഉയർത്തിയിട്ടുള്ളത്. ഇവരുടെ സ്ഥാപനത്തിനു മുന്നിലും ബോർഡ് ഉയർത്തിയിട്ടുണ്ട്. നമ്മുടെ നാടിൻറെ പൊതു നന്മയ്ക്കായി പ്രവർത്തിക്കുന്ന പൗരാവകാശ സമിതിക്കും ജോയ് ചേട്ടനും അച്ചായൻസ് ഗോൾഡിന്റെ അഭിവാദ്യങ്ങൾ എന്നാണ് ബോർഡിലെ വാക്യങ്ങൾ.
ജനകീയ വിഷയമുയർത്തി ജനാധിപത്യപരമായും, സമാധാനപൂർവ്വമായും പ്രതിഷേധിച്ച ഒരു പൊതുപ്രവർത്തകനെ അവഹേളിക്കുന്നത് അംഗീകരിക്കാൻ കഴിയുന്ന നടപടിയല്ല. അച്ചായൻസ് ഉടമയായ ടോണി വർക്കിച്ചന്റെ ഹുങ്ക് തന്നെയാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്. കോട്ടയം ജില്ലയിലെ പ്രമുഖ ‘നന്മ മരത്തിന്റെ’ യഥാർത്ഥ മുഖമാണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. നന്മ മരം ആയതുകൊണ്ട് തന്നെ എന്തു തോന്നിവാസവും നിയമലംഘനവും നടത്താം എന്ന പൊതുബോധവും, അത് ചോദ്യം ചെയ്യപ്പെട്ടപ്പോൾ ഉള്ള അസ്വസ്ഥതയുമാകാം ഇത്തരത്തിൽ അപലപനീയമായ ഒരു നടപടിക്ക് ഇയാളെ പ്രേരിപ്പിച്ചത്. പൊങ്ങന്മാരെയും, ഹുങ്കൻമാരെയും നിലക്ക് നിർത്തിയ പാലായുടെ പാരമ്പര്യം നിലനിർത്തുവാനുള്ള ആർജ്ജവം നഗരസഭയ്ക്കും നഗരസഭ ചെയർമാൻ ഷാജു തുരുത്തനും ഉണ്ടോ എന്നാണ് ഇനി കണ്ടറിയേണ്ടത്.


















