
മാനുഷിക മുഖത്തോടെ ഇന്ത്യ എന്ന രാജ്യത്തെ പടുത്തുയർത്തിയ പ്രസ്ഥാനമാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴയ്ക്കൻ. സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ദരിദ്ര രാജ്യമായിരുന്ന ഇന്ത്യ ആഗോളതലത്തിൽ സാമ്പത്തിക ശക്തിയായും, സൈനികശക്തിയായും വളർന്നത് കോൺഗ്രസ് രാജ്യം ഭരിച്ചതിനാലാണ്. 75 വർഷങ്ങൾക്കിടെ രാജ്യത്തിനുണ്ടായ നേട്ടങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ ഉണ്ടായതാണെന്ന് വരുത്തി തീർക്കാൻ ആണ് ഇന്ന് ബിജെപി ശ്രമിക്കുന്നത്. ആവർത്തിച്ച് വ്യാജം പ്രചരിപ്പിച്ച് അത് സത്യമാക്കി തീർക്കാം എന്ന ബിജെപി തന്ത്രത്തെ ചെറുത്തു തോൽപ്പിക്കുവാൻ കോൺഗ്രസ് പ്രവർത്തകർ മുന്നിട്ടിറങ്ങേണ്ട കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും വാഴയ്ക്കൻ ഓർമിപ്പിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാമപുരം മണ്ഡലത്തിലെ ചക്കാമ്പുഴ, ചിറകണ്ടം വാർഡുകൾ സംയുക്തമായി സംഘടിപ്പിച്ച മഹാത്മ ഗാന്ധി കുടുബ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിറകണ്ടം വാർഡ് പ്രസിഡൻറ് സുകുമാരൻ കവളനാംതടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിറകണ്ടം ചക്കാമ്പുഴ വാർഡുകളിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ആദരിച്ചു. യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രജിൻ എസ് ഉണ്ണിത്താൻ മുഖ്യപ്രഭാക്ഷണം നിർവഹിച്ചു.