ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷ കൂട്ടായ്മയായ മാരാമണ്‍ കണ്‍വെൻഷനില്‍ പ്രാസംഗികനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ക്ഷണം. കണ്‍വെൻഷന്റെ ഭാഗമായി ഫെബ്രുവരി 15-ന് നാലിന് നടക്കുന്ന യുവജനസമ്മേളനത്തിലാണ് പ്രസംഗം.
മാരാമണ്‍ കണ്‍വെൻഷന്റെ 130 വർഷത്തെ ചരിത്രത്തില്‍ എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെ നേതാക്കന്മാരും ജനപ്രതിനിധികളും സംബന്ധിക്കാറുണ്ടെങ്കിലും പ്രസംഗിക്കാൻ അവസരം ലഭിക്കാറില്ല. അപൂർവമായിമാത്രമേ രാഷ്ട്രീയരംഗത്തുനിന്നുള്ളവർ പ്രസംഗിച്ചിട്ടുള്ളൂ. സുവിശേഷ യോഗങ്ങളായതിനാല്‍ അക്രൈസ്തവർ പ്രസംഗിച്ചിട്ടുള്ളതും അപൂർവംതന്നെ.
1935-ല്‍ എബ്രഹാം മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ക്ഷണപ്രകാരം സി.വി. കുഞ്ഞിരാമൻ പ്രസംഗിച്ചിരുന്നു. തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ജാതിസമ്ബ്രദായത്തില്‍ മനംനൊന്ത സി.വി. ഈഴവരുടെ കൂട്ടായ മതംമാറ്റത്തെക്കുറിച്ചുള്ള ചിന്ത കണ്‍വെൻഷനില്‍ പങ്കിട്ടത് വലിയ ചലനം സൃഷ്ടിച്ചു. ഇത്തരം സാമൂഹികസമ്മർദങ്ങളുടെകൂടി വെളിച്ചത്തിലായിരുന്നു പിറ്റേവർഷത്തെ ക്ഷേത്രപ്രവേശന വിളംബരം.
1974-ല്‍ യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ ക്ഷണപ്രകാരം മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനും പ്രസംഗിച്ചു. സഭകള്‍ കമ്യൂണിസവുമായി ഏറെ അകന്നുനിന്നിരുന്ന കാലമായിരുന്നു അത്. ക്രൈസ്തവദർശനത്തെ കമ്യൂണിസ്റ്റ് കാഴ്ചപ്പാടില്‍ എങ്ങനെ കാണുന്നെന്ന് വിശദീകരിക്കുന്നതായിരുന്നു പ്രസംഗം. മുൻവർഷം ശശി തരൂർ കണ്‍വെൻഷന്റെ ഭാഗമായി നടക്കുന്ന യുവജനസമ്മേളനത്തില്‍ പ്രസംഗിച്ചു. യുവജനങ്ങളുടെ കുടിയേറ്റമായിരുന്നു വിഷയം.
പ്രതിപക്ഷനേതാവായശേഷം വിവിധ ക്രൈസ്തവസഭാ കണ്‍വെൻഷനുകളില്‍ സതീശൻ പങ്കെടുത്തിട്ടുണ്ട്. ബൈബിള്‍ ധാരാളമായി ഉദ്ധരിച്ചും ക്രൈസ്തവവീക്ഷണത്തെ സാമൂഹികപ്രവർത്തനവുമായി ബന്ധിപ്പിച്ചുമുള്ള പ്രസംഗങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞദിവസം യു.ഡി.എഫ്. നേതൃയോഗത്തില്‍ അനൗപചാരികമായി ഇക്കാര്യം സംബന്ധിച്ച് പരാമർശവും വന്നു. കണ്‍വെൻഷനുകളില്‍ സതീശന്റെ സാന്നിധ്യത്തെ മോൻസ് ജോസഫും അനൂപ് ജേക്കബും അഭിനന്ദിക്കുകയും ചെയ്തിരുന്നു.
ചെറുപ്പംമുതല്‍തന്നെ മാരാമണ്‍ മണല്‍പ്പുറത്ത് നടക്കുന്ന ആധ്യാത്മിക കണ്‍വെൻഷനിലെ പ്രസംഗങ്ങള്‍ ശ്രദ്ധിക്കാറുണ്ടായിരുന്നെന്നും ക്ഷണം സന്തോഷത്തോടെ സ്വീകരിക്കുന്നെന്നും സതീശൻ പറഞ്ഞു.

















