രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സസ്പെൻഷൻ സ്പീക്കറെ അറിയിച്ച്‌ ഉടൻ കത്ത് നല്‍കും. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് രാഹുലിനെ പാർലമെന്ററി പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തതായി കത്ത് നല്‍കുക.രാഹുല്‍ ഇനി സഭയില്‍ പ്രത്യേക ബ്ലോക്ക് ആയിരിക്കും. സഭയില്‍ വരുന്നതില്‍ രാഹുല്‍ സ്വയം തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. എംഎല്‍എയെ വിലക്കാൻ പാർട്ടിക്ക് കഴിയില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടർന്നാണ് പാർട്ടി അംഗത്വത്തില്‍ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്തത്. രാഹുല്‍ സഭയില്‍ വരേണ്ടതില്ലെന്ന നിലപാടിലാണ് വി ഡി സതീശൻ. എന്നാല്‍ എ ഗ്രൂപ്പിനും പാർട്ടിയില്‍ ഒരു വിഭാഗത്തിനും രാഹുല്‍ മാങ്കൂട്ടത്തില്‍ സഭയില്‍ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. ഇത് സംബന്ധിച്ച്‌ പാർട്ടി തലത്തില്‍ തീരുമാനമെന്നാണ് വി ഡി സതീശൻ നേരത്തെ പ്രതികരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഹുല്‍ വരണോ? നേതാക്കള്‍ രണ്ടുതട്ടില്‍

തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. രാഹുല്‍ അവധിയെടുക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും. രാഹുല്‍ മാങ്കൂട്ടത്തില്‍ വരാതിരിക്കുന്നതാണ് മുന്നണിക്ക് നല്ലതെന്നാണ് ഈ ചേരിയുടെ വാദം. രാഹുല്‍ വന്നാല്‍ ശ്രദ്ധ മുഴുവൻ ആരോപണങ്ങളിലേയ്ക്ക് മാറുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ രാഹുല്‍ നേരിടുന്നതിന് സമാനമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഭരണപക്ഷത്തിരിക്കുമ്ബോള്‍ രാഹുലിനെ വിലക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് മറുപക്ഷത്തിന്‍റേത്. അപ്പുറത്തുള്ളവരെ ചൂണ്ടിയും നിയമസഭാ കക്ഷിയില്‍ ഇല്ലെന്ന് വാദിച്ചും ഭരണപക്ഷത്തെ നേരിടാമെന്നാണ് എ ഗ്രൂപ്പിന്‍റെ അഭിപ്രായം.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ യുവനടിയുടെ മൊഴിയില്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും. വെളിപ്പെടുത്തലില്‍ ഉറച്ചുനിന്ന നടി, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസേജുകളുടെ സ്ക്രീൻഷോട്ടും ക്രൈംബ്രാഞ്ചിന് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ നടിയെ പരാതിക്കാരിയാക്കാൻ കഴിയുമോയെന്നറിയാനാണ് നിയമോപദേശം. തെളിവുകള്‍ കൈമാറിയെങ്കിലും നിയമ നടപടിക്ക് താല്‍പര്യമില്ലെന്ന് നടി അറിയിച്ചിരുന്നു. ആരോപണം ഉന്നയിച്ച്‌ മറ്റ് രണ്ട് സ്ത്രീകളും നിയമപരമായി നീങ്ങില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക