കാര്‍ വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ഹോണ്ടയും നിസാനും ലയിക്കാന്‍ ഒരുങ്ങുന്നു. ടെസ്‌ലയും ചൈനീസ് ഇലക്‌ട്രിക് കാറുകളും ഉയര്‍ത്തുന്ന ഭീഷണിയെ മറികടക്കാന്‍ വേണ്ടിയാണ് ജപ്പാനീസ് കാര്‍ ഭീമന്‍മാരുടെ നീക്കം.നേരത്തെ തന്നെ ഹോണ്ടയും നിസാനും പരസ്പരം സഹകരണത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സഹകരണത്തിന് അപ്പുറം ലയിച്ച് ഒരു കമ്ബനിയാനാകാണ് പുതിയ തീരുമാനമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.
പെട്രോള്‍, ഡീസല്‍ കാറുകളെക്കാള്‍ ഇലക്‌ട്രിക് കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിയതോടെ കാര്‍ നിര്‍മാണ രംഗത്തെ വമ്ബന്‍മാര്‍ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു. കുറഞ്ഞ വിലയ്ക്ക് കണ്ണഞ്ചിപ്പിക്കുന്ന സാങ്കേതിക വിദ്യകളുമായി എത്തിയ ചൈനീസ് ഇലക്‌ട്രിക് കാറുകള്‍ വിപണിയിലെ വീഴ്ചയുടെ ആഴം കൂട്ടി. ഇതോടെ ഇലക്‌ട്രിക് കാര്‍ വിപണിയിലേക്ക് കടക്കാന്‍ ചില കമ്ബനികള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് ഒറ്റയ്ക്ക് നേട്ടമാകില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഹോണ്ടയും നിസാനും പരസ്പരം സഹകരണത്തിന് തീരുമാനിച്ചത്. ഇലക്‌ട്രിക് സാങ്കേതിക വിദ്യയുടെ കാര്യത്തില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് ജപ്പാനിലെ രണ്ടാമത്തേയും മൂന്നാമത്തേയും കാര്‍ നിര്‍മ്മാണ കമ്ബനികള്‍ നേരത്തെ നീക്കം തുടങ്ങിയത്. എന്നാല്‍ അതില്‍ ചില സങ്കീര്‍ണതകള്‍ ഉടലെടുത്തതോടെ മാര്‍ച്ചില്‍ തുടങ്ങിയ ചര്‍ച്ചകള്‍ നീണ്ടുപോകുകയായിരുന്നു.
ഇരു കമ്ബനികളും മിസ്തുബുഷി മോട്ടോര്‍സുമായും റെനോയുമായും സഹകരണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതും എങ്ങുമെത്തിയില്ല. എന്നാല്‍ ചര്‍ച്ചകളുടെ വാര്‍ത്തകള്‍ പുറത്തുവന്നത് ഓഹരി വിപണിയില്‍ കമ്ബനികള്‍ക്ക് നേട്ടമായി. നിസാന്‍ ഓഹരികള്‍ക്ക് 24 ശതമാനവും മിസ്തുബിഷിയുടേത് 20 ശതമാനവും കൂടി. എന്നാല്‍ ഹോണ്ടയുടേത് 3 ശതമാനം ഇടിഞ്ഞു. നിസാനെക്കാള്‍ വിപണി മൂല്യം നാലിരട്ടി കൂടുതലാണ് ഹോണ്ടയ്ക്ക്. അതുകൊണ്ട് തന്നെ കമ്ബനികളുടെ ലയനം രക്ഷിക്കുക നിസാനെയാണ് എന്നാണ് വിപണി വിലയിരുത്തല്‍. വില്‍പന ഇടിവ് കാരണം പ്രതിസന്ധിയിലാണ് നിസാന്‍. ചൈനയിലും അമേരിക്കയിലും 85 ശതമനത്തിന്റെ വില്‍പന ഇടിവുണ്ടായതിന് പിന്നാലെ 9000 ജോലിക്കാരെ നിസാന്‍ പിരിച്ചുവിട്ടിരുന്നു.
ഹോണ്ടയും നിസാനും ചേര്‍ന്ന് 54 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കി 7.4 മില്യണ്‍ കാര്‍ ഉല്‍പാദനവുമുള്ള കമ്ബനി രൂപീകരിക്കാനാണ് നീക്കം. ഇത് യാഥാര്‍ത്ഥ്യമായാല്‍ ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായി സംയുക്ത സംരഭം മാറിയേക്കും. ഒന്നാം സ്ഥാനത്തുള്ള ടൊയോട്ടയ്ക്കും രണ്ടാം സ്ഥാനത്തുള്ള വോക്‌സ് വാഗണും വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യാം. ഒപ്പം ഇലക്‌ട്രിക് കാര്‍ വിപണിയിലും മുന്നേറ്റം നടത്താം. ഈ സാധ്യതകള്‍ മനസിലാക്കിയാണ് ഇരു കമ്ബനികളും ലയിക്കാന്‍ നീക്കം തുടങ്ങിയത്. മിസ്തുബിഷി മോട്ടോര്‍സുമായി സഹകരണത്തിനും ശ്രമം നടക്കുന്നുണ്ട്. മിസ്തുബിഷിയിലെ ഏറ്റവും വലിയ ഓഹരി പങ്കാളിയാണ് നിസാന്‍. 24 ശതമാനം ഓഹരിയുള്ള നിസാന്റെ സമ്മര്‍ദ്ദത്തിന് മിസ്തുബിഷി വഴങ്ങുമോയെന്നത് കാത്തിരിന്നു കാണണം. മിസ്തുബിഷി സഹകരണത്തിന് തയ്യാറായാല്‍ അത് കാര്‍ നിര്‍മ്മാണ മേഖലയില്‍ നിര്‍ണായക മാറ്റത്തിന് തുടക്കം കുറിക്കും.
എന്നാല്‍ ലയന വാര്‍ത്തകള്‍ തള്ളുകയാണ് ഹോണ്ടയും നിസാനും മിസ്തുബിഷിയും. പരസ്പര സഹകരണം മാത്രമാണ് ലക്ഷ്യമെന്നാണ് കമ്ബനികളുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നിസാന്റെ പ്രധാന ഓഹരി ഉടമകളായ ഫ്രാന്‍സിലെ റെനോയും തങ്ങള്‍ക്കൊന്നും അറിയില്ലെന്ന നിലപാടിലാണ്. എന്നാല്‍ സഹകരണ-ലയന വാര്‍ത്തകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ജപ്പാനീസ് ബിസിനസ് പത്രമായ നിക്കേയ് ഈ വര്‍ത്തയില്‍ ഉറച്ച് നില്‍ക്കുകയാണ്. ഐ ഫോണ്‍ നിര്‍മാതാക്കളായ തായ്‌വായിലെ ഫോക്‌സ്‌കോണ്‍ ഇവി കാര്‍ പദ്ധതിയുമായി നിസാനെ സമീപിച്ചെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു. പ്രതിസന്ധിയിലുള്ള നിസാന്റെ ഭൂരിഭാഗം ഓഹരികള്‍ വാങ്ങാമെന്ന വാഗ്ദാനമാണ് ഫോക്‌സ്‌കോണ്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ നിസാന്‍ അതിന് തയ്യാറാകാത്തത് ഹോണ്ടയുമായുള്ള ലയനം ഉറപ്പിച്ചത് കൊണ്ടാണെന്ന് നിക്കേയ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹോണ്ടയും നിസാനും ചേര്‍ന്നാല്‍ ചൈനീസ് ഇവി കമ്ബനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ കഴിയുമോ എന്ന സുപ്രധാന ചോദ്യവുമുണ്ട്. നവംബറിലെ കണക്ക് പ്രകാരം ലോകമെങ്ങുമുള്ള വൈദ്യുത കാര്‍ വില്‍പനയില്‍ 70 ശതമാനം ചൈനീസ് കമ്ബനികളുടെ കുത്തകയാണ്. പ്രത്യേകിച്ച് ബിവൈഡി. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ടെസ്‌നയുടെ പാദവാഷിക വരുമാനത്തെ പോലും ബിവൈഡി മറികടന്നിരുന്നു. ബിവൈഡിയെ കവച്ചുവെയ്ക്കുന്ന സാങ്കേതിക വിദ്യയോ കുറഞ്ഞ വിലയോ മറ്റ് ആകര്‍ഷണങ്ങളോ ഇല്ലാതെ ഏത് വമ്ബന്‍മാര്‍ ഒന്നിച്ചിട്ടും കാര്യമില്ലെന്നാണ് കാര്‍ നിര്‍മ്മാണമേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.






