സിപി.എമ്മിന് പിന്നാലെ സമ്മേളനങ്ങള്‍ക്കൊരുങ്ങി സി.പി.ഐയും. 25-ാം പാർട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങള്‍ക്ക് ജനുവരിയില്‍ തുടക്കമാവും.ഇടതുമുന്നണി ബന്ധമുപേക്ഷിച്ച് സിപിഐ പുറത്ത് വരണമെന്ന തരത്തില്‍ പാർട്ടിയില്‍ നടക്കുന്ന അനൗദ്യോഗിക ചർച്ചകള്‍ സമ്മേളനത്തിലും ഉന്നയിക്കപ്പെട്ടേക്കും.
സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന പാർട്ടി രേഖയില്‍ ഇത് സംബന്ധിച്ച ചില പരാമർശങ്ങള്‍ ഉള്‍പ്പെട്ടേക്കുമെന്നും കരുതപ്പെടുന്നു.
ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ബ്രാഞ്ച് സമ്മേളനങ്ങളും തുടർന്നുള്ള മാസങ്ങളില്‍ ലോക്കല്‍, മണ്ഡലം, ജില്ലാ സമ്മേളനങ്ങളും നടക്കും. ഇത് സംബന്ധിച്ച തീരുമാനം ഇക്കഴിഞ്ഞ ഒക്‌ടോബറില്‍ ചേർന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.
ഇത്തവണ ആലപ്പുഴയില്‍ സംസ്ഥാന സമ്മേളനം നടത്താനാണ് തീരുമാനം. പാർട്ടിക്കുള്ളില്‍ നിലവിലുള്ള വിഭാഗീയ ചേരിതിരിവ് സമ്മേളനങ്ങളില്‍ പ്രതിഫലിക്കാനുള്ള സാദ്ധ്യത എത്രത്തോളമാണെന്നും കണ്ടറിയേണ്ടതുണ്ട്.
നിലവില്‍ പാർട്ടിയിലെ ഒരു എംഎല്‍എ യുഡിഎഫുമായി ചർച്ച നടത്തിയെന്ന തരത്തില്‍ വാർത്തകള്‍ പുറത്ത് വരുന്നുണ്ട്. വടക്കൻ ജില്ലകളിലെ വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമായി മാത്രമാണ് പാർട്ടി ഇതിനെ നിലവില്‍ വിലയിരുത്തുന്നത്. ഇതടക്കം എല്ലാ കാര്യങ്ങളും സമ്മേളനങ്ങളില്‍ പാർട്ടി പരിശോധിക്കും.
പാർലമെന്റ് തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിലുണ്ടായ തോല്‍വി പാർട്ടി ആഴത്തില്‍ പരിശോധിച്ചിരുന്നു. പൂരം കലക്കി ബിജെപിക്ക് ജയിക്കാൻ പൊലീസ് വഴിയൊരുക്കിയെന്ന് നിയമസഭയിലടക്കം സിപിഐ ആരോപണം ഉന്നയിച്ചിരുന്നു.ഇത് സംബന്ധിച്ച് സർക്കാർ നടത്തുന്ന അന്വേഷണം എങ്ങുമെത്തിയിട്ടില്ല. തിരുവനന്തപുരം മണ്ഡലത്തില്‍ പന്നയൻ രവീന്ദ്രന് വേണ്ടി സിപിഎം കളത്തിലിറങ്ങിയില്ലെന്നും ഇടത് വോട്ടുകള്‍ ബിജെപിയിലേക്ക് ചേർന്നുവെന്നും വിലയിരുത്തലുണ്ടായിരുന്നു.
ഇക്കഴിഞ്ഞ വയനാട് ഉപതിരഞ്ഞെടുപ്പിലും സിപിഐ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളില്‍ സിപിഎം വേണ്ടത്ര സഹകരിച്ചില്ലെന്ന ആരോപണം വയനാട് ജില്ലാ സെക്രട്ടറി തന്നെ ഉന്നയിച്ചിരുന്നു.ഇക്കാര്യങ്ങളിലെല്ലാം സിപിഎമ്മിനോട് സിപിഐക്ക് അമർഷമുണ്ട്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ സിപിഐ നേതൃതം വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന പരാതിയും പാർട്ടിക്കുള്ളില്‍ ശക്തമാണ്.

















