ഗുജറാത്തിലെ ഗാന്ധിനഗറില്‍ വിവാഹം കഴിഞ്ഞ നാലാംദിവസം ഭർത്താവ് കൊല്ലപ്പെട്ടു. സംഭവം അന്വേഷിച്ച പോലീസ് പിന്നില്‍ ഭാര്യയും കാമുകനുമാണെന്ന് കണ്ടെത്തി.അഹമ്മദാബാദ് സ്വദേശിയായ ഭവിക് ആണ് കൊല്ലപ്പെട്ടത്. ഗാന്ധി നഗർ സ്വദേശിനിയായ പായലിനെയാണ് ഭവിക് വിവാഹം കഴിച്ചിരുന്നത്.
പ്രാഥമിക അന്വേഷണത്തില്‍, വിവാഹത്തിന് മുമ്ബ് താൻ പ്രണയിച്ചിരുന്ന ബന്ധുവായ കല്‍പേഷുമായി ചേർന്ന് പായല്‍ തന്നെയാണ് ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതെന്ന് വ്യക്തമായി.
ശനിയാഴ്ച ഭവിക് പായലിനെ കൊണ്ടുവരുന്നതിനായി അവളുടെ വീട്ടിലേക്ക് പോയിരുന്നു. എന്നാല്‍ ഭവിക് വീട്ടിലെത്താതിരുന്നപ്പോള്‍ പായലിന്റെ പിതാവ് ഭവികിന്റെ പിതാവിനെ ഫോണ്‍ ചെയ്ത് അന്വേഷിച്ചു. മകൻ ഇവിടെ നിന്ന് നേരത്തെ ഇറങ്ങിയിട്ടുണ്ടെന്ന് ഭവികിന്റെ പിതാവ് വ്യക്തമാക്കി. തുടർന്ന് പായലിന്റെ ബന്ധുക്കളും മറ്റും തിരച്ചില്‍ നടത്തുകയായിരുന്നു.
തിരച്ചിലിനിടെ ഭവികിന്റെ ഇരുചക്രവാഹനം റോഡില്‍ വീണുകിടക്കുന്നത് കണ്ടെത്തി. ഇരചക്രവാഹനത്തിലുണ്ടായിരുന്ന ആളെ മൂന്ന്പേർ ചേർന്ന് തട്ടിക്കൊണ്ടുപോയതായി ദൃക്സാക്ഷികളും പറഞ്ഞു. ഇരുചക്ര വാഹനത്തിലായിരുന്ന ഭവികിനെ കാറിടിപ്പിച്ച് വീഴ്ത്തിയ ശേഷമായിരുന്നു തട്ടിക്കൊണ്ടുപോകല്‍.
തുടർന്ന് പായലിന്റെ പിതാവുംമറ്റു ബന്ധുക്കളും പോലീസിനെ സമീപിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞ് നാലാംദിവസമുള്ള തട്ടിക്കൊണ്ടുപോകല്‍ പോലീസിന് സംശയമുണ്ടാക്കി. പോലീസ് പായലിനെ ചോദ്യം ചെയ്തു. ഇതോടെ തട്ടിക്കൊണ്ടുപോകലും കൊലപാതകവും വെളിച്ചത്തുവന്നു.
പായല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് മൂന്ന് പ്രതികളെയും പിടികൂടി ചോദ്യം ചെയ്തു. പായലിന്റെ കാമുകൻ കല്‍പേഷും മറ്റു രണ്ടുപേരും ചേർന്നാണ് കൃത്യം നടത്തിയത്.
ഭവികിനെ കാറില്‍ കയറ്റി കൊണ്ടുപോയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കല്‍പേഷ് പോലീസിനോട് പറഞ്ഞു.മൃതദേഹം അടുത്തുള്ള നർമദ കനാലില്‍ തള്ളിയതായും പ്രതികള്‍ മൊഴിനല്‍കി.
ഭവിക് വരുന്ന വഴിയും മറ്റുവിവരങ്ങളും കല്‍പേഷിന് കൈമാറിയത് പായലാണെന്നും പോലീസ് അറിയിച്ചു. കല്‍പേഷും പായലും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാർ ഭവികുമായുള്ള വിവാഹം ഉറപ്പിക്കുകയായിരുന്നു. തുടർന്നാണ് പായല്‍ കാമുകനുമായി ചേർന്ന് തന്റെ ഭർത്താവിനെ ഇല്ലാതാക്കാനുള്ള പദ്ധതിയിട്ടത്.

















