അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുന്നത് അടുത്തമാസം ഇരുപതിനാണ്.അതോടെ 18,000 ഇന്ത്യക്കാരുള്‍പ്പടെ 1.5 ദശലക്ഷം പേർ അമേരിക്ക വിടേണ്ടിവരുമെന്നാണ് റിപ്പോർട്ടുകള്‍.
അനധികൃത താമസക്കാരെ പുറത്താക്കുമെന്ന് ട്രംപ് ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മതിയായ രേഖകളില്ലാതെ കഴിയുന്നവരുടെ വിശദമായ പട്ടിക അമേരിക്കൻ അധികൃതർ തയ്യാറാക്കിയിട്ടുണ്ട്. ട്രംപ് അധികാരമേറ്റാലുടൻ ഇവർക്കെതിരെയുള്ള നടപടികള്‍ക്ക് തുടക്കം കുറിക്കും. കഴിഞ്ഞമാസം പുറത്തിറക്കിയ പുറത്താക്കേണ്ടവരുടെ പട്ടികയില്‍ 17,940 ഇന്ത്യക്കാർ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ മെക്സിക്കാേയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്തുള്ളത് എല്‍ സാല്‍വദോറാണ്. മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. നേരത്തേ കുറച്ച് ഇന്ത്യക്കാരെ അമേരിക്ക ഇന്ത്യയിലേക്ക് മടക്കി അയച്ചിരുന്നു. അനധികൃത താമസക്കാരെ കണ്ടെത്താനുള്ള നടപടികള്‍ ഇനിയും തുടരുമെന്നാണ് അധികൃതർ പറയുന്നത്. ട്രംപിന്റെ കാലത്ത് ഉണ്ടാവുക അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പുറത്താക്കല്‍ നടപടി ആയിരിക്കുമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
അധികാരമേറ്റാലുടൻ , യു.എസില്‍ ജന്മാവകാശ പൗരത്വം നിറുത്തുമെന്ന് കഴിഞ്ഞദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. കുടിയേറ്റം നിയന്ത്രിക്കുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ജന്മാവകാശമായി പൗരത്വം നല്‍കുന്നുണ്ട്. എന്നാല്‍, അനധികൃത കുടിയേറ്റക്കാരുടെയും താത്കാലിക വിസയിലെത്തുന്നവരുടെയും കുട്ടികള്‍ക്ക് പൗരത്വം നല്‍കുന്നതിനെതിരെ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പല തവണ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ഭരണഘടനയിലെ 14-ാം ഭേദഗതില്‍ നിഷ്കർഷിക്കുന്ന ജന്മാവകാശ പൗരത്വം നിറുത്തലാക്കണമെങ്കില്‍ നിയമത്തിന്റെ നിരവധി കടമ്ബകള്‍ ട്രംപ് കടക്കേണ്ടതുണ്ട്.
അതിനിട, യു.എസ് പൗരാവകാശ വിഭാഗം അസിസ്‌റ്റന്റ് അറ്റോർണി ജനറല്‍ സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ ഹർമീത് ദില്ലനെ ട്രംപ് നോമിനേറ്റ് ചെയ്തു. ചണ്ഡീഗഢില്‍ ജനിച്ച ഹർമീത് കുട്ടിയായിരിക്കെ കുടുംബത്തോടൊപ്പം യു.എസിലേക്ക് കുടിയേറുകയായിരുന്നു. കാലിഫോർണയിലെ റിപ്പബ്ലിക്കൻ പാർട്ടി മുൻ ഉപാദ്ധ്യക്ഷയാണ് അഭിഭാഷകയായ ഹർമീത്.

















