തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ തൃശൂർ ജില്ലയിലെ മികച്ച വിജയത്തിനു പിന്നാലെ ഡിസിസി അധ്യക്ഷനെ കണ്ടെത്തുന്നതില്‍ ഉടൻ തീരുമാനമുണ്ടായേക്കും.തൃശൂരില്‍ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതും മറ്റുചില ജില്ലാ അധ്യക്ഷൻമാരെ മാറ്റുന്നതിനുമുള്ള പട്ടിക എഐസിസിക്കു മുന്നിലുണ്ട്.
ഇക്കാര്യത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ ഉടൻ തീരുമാനമുണ്ടാകുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രാദേശികതലത്തില്‍ സ്ഥാനാർഥികളെ നിശ്ചയിച്ച് അതാതു വാർഡുകളില്‍ മത്സരിക്കണമെന്ന നിർദേശം നല്‍കിയത് അധ്യക്ഷന്‍റെ താത്കാലികചുമതലയുള്ള പാലക്കാട് എംപി വി.കെ. ശ്രീകണ്ഠനാണ്.
നാട്ടികയിലും കൊടുങ്ങല്ലൂരുമടക്കം കോണ്‍ഗ്രസിനു മുന്നേറാൻ ഈ നീക്കംകൊണ്ടു കഴിഞ്ഞു. വിജയത്തിന്‍റെ ക്രെഡിറ്റ് ഏറ്റെടുക്കാൻ ചില നേതാക്കള്‍ ശ്രമിച്ചതിനെതിരേ സോഷ്യല്‍ മീഡിയയിലടക്കം അണികള്‍ രൂക്ഷവിമർശനവും ഉയർത്തി. പ്രവർത്തകരെ വിശ്വാസത്തിലെടുത്തു ചുമതലകള്‍ നല്‍കാൻ കഴിയുന്നയാള്‍ തലപ്പത്ത് എത്തുന്നതു ഗുണംചെയ്യുമെന്ന വിലയിരുത്തലിലാണ് കെപിസിസി നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലുണ്ടായ തോല്‍വിക്കു പിന്നാലെ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ രാജിവച്ചിരുന്നു.
രൂക്ഷമായ ചേരിതിരിവിനെതുടർന്ന് ഏഴുമാസമായിട്ടും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ കഴിഞ്ഞില്ല. കെ. മുരളീധരന്‍റെ തോല്‍വിയില്‍ വിമർശനവിധേയരായ നേതാക്കള്‍തന്നെ അധ്യക്ഷപദവിക്കായി ചരടുവലിയും തുടങ്ങി. ഇതില്‍ ഒരുവിഭാഗം മുതിർന്ന നേതാക്കള്‍ക്കും പ്രവർത്തകർക്കും എതിർപ്പുണ്ട്.
തോല്‍വിക്കു പിന്നാലെ കെപിസിസിയുടെ മൂന്നംഗസമിതി നടത്തിയ തെളിവെടുപ്പിന്‍റെ റിപ്പോർട്ട് പുറത്തുവന്നില്ലെങ്കിലും അതിന്‍റെ ഉള്ളടക്കത്തില്‍ സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങള്‍ക്ക് അഭിപ്രായവ്യത്യാസങ്ങളില്ല. ഈ സാഹചര്യത്തില്‍ എല്ലാവർക്കും സ്വീകാര്യനായ ഒരാള്‍ എന്ന നിലപാടിലേക്കു പാർട്ടി നേതൃത്വം എത്തിയെന്നാണ് വിവരം.
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തലമുറമാറ്റവിവാദമാണ് നിയമനം വൈകാൻ കാരണം. ഏറെ വൈകാതെ ഇക്കാര്യത്തിലും തീരുമാനമാകുമെന്ന പ്രതീക്ഷയാണ് ജില്ലയിലെ നേതാക്കള്‍ പങ്കുവയ്ക്കുന്നത്.

















