ചാണ്ടി ഉമ്മൻ എം.എല്‍.എയെ പിന്തുണച്ച് ചാനല്‍ ചർച്ചകളില്‍ പങ്കെടുത്ത കെ.പി.സി.സി. അംഗം അഡ്വ.ജെ.എസ്. അഖിലിനെ കോണ്‍ഗ്രസിന്റെ മാധ്യമവിഭാഗം വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള അഡ്വ. ദീപ്തി മേരി വർഗീസാണ് കെ.പി.സി.സി. വക്താക്കളുടെ ഗ്രൂപ്പില്‍ നിന്ന് അഖിലിനെ പുറത്താക്കിയത്. കോണ്‍ഗ്രസ് മാധ്യമ വക്താവ് സ്ഥാനത്തുനിന്ന് ജെ.എസ്. അഖിലിനെ നീക്കിയിട്ടുമുണ്ട്.
ചാനലിലെ ചർച്ചയില്‍ ചാണ്ടി ഉമ്മനെ പിന്തുണച്ച് പങ്കെടുത്തതിന്റെ പേരിലാണ് അഖിലിനെതിരെ നടപടി എന്നാണ് വിവരം. കെ.പി.സി.സി. മാധ്യമ വിഭാഗത്തിന്റെ അനുമതി ഇല്ലാതെയാണ് അഖില്‍ ചർച്ചയില്‍ പങ്കെടുത്തതെന്നാണ് വിശദീകരണം. ചാണ്ടി ഉമ്മന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ചർച്ചയില്‍ നിന്നും വിട്ടുനില്‍ക്കാനായിരുന്നു മാധ്യമ വിഭാഗത്തിന്റെ തീരുമാനം. ജെ.എസ്. അഖിലിനോട് വിശദീകരണം തേടുമെന്നാണ് വിവരം.
അതേസമയം ഔദ്യോഗിക വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്നല്ല അഖിലിനെ പുറത്താക്കിയത് എന്ന് കെ.പി.സി.സി. പ്രതികരിച്ചു. ചർച്ചകളില്‍ പങ്കെടുക്കുന്നവരെ ഉള്‍പ്പെടുത്തിയുള്ള ഔദ്യോഗിക വാട്ട്സ്‌ആപ്പ് ഗ്രൂപ്പ് ഇല്ല. ദീപ്തി മേരി വർഗീസ് ജെ.എസ്. അഖിലിനെ പുറത്താക്കിയത് അനൗദ്യോഗിക ഗ്രൂപ്പില്‍ നിന്നാണെന്നും സംഘടനാ ചുമതലയുള്ള കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു. കഴിഞ്ഞയാഴ്ച ഡോ. ഷമാ മുഹമ്മദിനേയും മാധ്യമവിഭാഗം വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു.

















