ലുലു മാൾ ഉദ്ഘാടനം ചെയ്യാൻ പോകുന്നതിന്റെ ആഹ്ലാദരവത്തിലാണ് കോട്ടയം നിവാസികൾ. എം സി റോഡിൽ ഇരയിൽ കടവ് ബൈപാസിനോട് ചേർന്ന് മണിപ്പുഴയിലാണ് കോട്ടയത്തെ ലുലു മിനിമാൾ പടുത്തുയർത്തിയിരിക്കുന്നത്. കോട്ടയത്തിന്റെയും സമീപനഗരങ്ങളുടെയും ഷോപ്പിംഗ് സംസ്കാരത്തിൽ തന്നെ ലുലുവിന്റെ കടന്നുവരവ് കാതലായ മാറ്റങ്ങൾ ഉണ്ടാക്കും എന്ന് ഉറപ്പാണ്.

13 വർഷം മുമ്പ് കോട്ടയം നഗരത്തിന്റെ ഒരു ഭാഗമായി പോലും കണക്കാക്കാതിരുന്ന, വികസനം എത്തിനോക്കാതിരുന്ന ഒരു പ്രദേശത്താണ് ഇന്ന് ലുലു ഷോപ്പിംഗ് മാൾ യാഥാർത്ഥ്യമായിരിക്കുന്നത്. ലുലു മാത്രമല്ല മികച്ച റെസ്റ്ററന്റുകളുടെ സാന്നിധ്യവും, വാഹന ഷോറൂമുകളുടെ നീണ്ട നിരയും, പ്രമുഖ ബാങ്കുകളുടെ ശാഖകളും ഇന്നീ പ്രദേശത്ത് എംസി റോഡിൽ തലയുയർത്തി നിൽക്കുമ്പോൾ അതിന് ഒരു തരത്തിൽ കാരണം ആയത് കോട്ടയം എംഎൽഎയായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ദീർഘവീക്ഷണത്തോടെയുള്ള വികസന കാഴ്ചപ്പാടാണ് എന്ന് വിലയിരുത്തേണ്ടി വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം നഗരത്തെ വിപുലീകരിച്ച ബൈപ്പാസുകളും മേൽപ്പാലങ്ങളും

ലുലു സ്ഥാപിതമായ പ്രദേശത്ത് എംസി റോഡിന് വീതി കുറവാണെങ്കിലും കോട്ടയം നഗരത്തിന്റെ തിരക്കുകളിലേക്ക് കടക്കാതെ കുമരകം ഉൾപ്പെടെയുള്ള കോട്ടയത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് സുഖകരമായ ട്രാൻസിറ്റ് ഒരുക്കുന്ന സിമന്റ് കവലയിൽ നിന്ന് ആരംഭിക്കുന്ന ബൈപ്പാസും, എംസി റോഡിന് സമാന്തരമായി കെ കെ റോഡിലേക്ക് മനോരമ ജംഗ്ഷനിലൂടെ പ്രവേശനമൊരുക്കുന്ന ഈരയിൽകടവ് ബൈപ്പാസും, മണിപ്പുഴയിലെ റെയിൽവേ മേൽപാലം വഴി കഞ്ഞികുഴിയിലേക്കും പുതുപ്പള്ളിയിലേക്കും യാത്രാസൗകര്യം ഒരുക്കുന്ന പാതകളും, എംസി റോഡ് കോടിമത സ്ട്രെച്ചിലെ നാലുവരിപ്പാതയും യാഥാർത്ഥ്യമായത് തിരുവഞ്ചൂർ കോട്ടയത്തിന്റെ എംഎൽഎയായി എത്തിയതോടെയാണ്. അദ്ദേഹം വിഭാവനം ചെയ്ത നിരവധി പദ്ധതികൾ ഇടതു സർക്കാരുകളുടെ കാലത്ത് മുടങ്ങി പോയില്ലായിരുന്നുവെങ്കിൽ ഇതിലും സൗകര്യപ്രദമായ നഗര വികസനം ഈ പ്രദേശത്തും കോട്ടയത്തും സംഭവിക്കുമായിരുന്നു. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഇപ്പോൾ പണിമുടങ്ങിക്കിടക്കുന്ന കോടിമതയിലെ രണ്ടാം പാലവും, നഗര ഹൃദയത്തിൽ അസ്ഥികൂടം കണക്ക് ഉയർന്നുനിൽക്കുന്ന ആകാശപാതയും. മുടങ്ങിപ്പോയ കഞ്ഞിക്കുഴിയിലെ മേൽപ്പാലം ഇത്തരത്തിൽ കോട്ടയത്തിന്റെ മുഖച്ഛായ തന്നെ മാറ്റമായിരുന്ന മറ്റൊരു അടിസ്ഥാന സൗകര്യ വികസന പദ്ധതിയായിരുന്നു. കോട്ടയം നഗരത്തിന്റെ അനക്സ് എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന പ്രദേശത്തെ ഗതാഗത കുരുക്കുകൾക്ക് ശാശ്വത പരിഹാരം ആകുമായിരുന്ന ഈ പദ്ധതിയും രാഷ്ട്രീയ, വാണിജ്യ താൽപര്യങ്ങളുടെ പേരിൽ അട്ടിമറിക്കപ്പെട്ടതാണ്. കൃത്യമായ ആസൂത്രണത്തോടെ വിഭാവനം ചെയ്ത് നടപ്പിലാക്കിയ നഗരവികസന പദ്ധതികൾക്ക് തുരങ്കം വെച്ചവർ കോട്ടയത്തിന്റെ വികസന കുതിപ്പിന് തന്നെയാണ് തുരങ്കം വെച്ചത് എന്നും പറയേണ്ടിവരും.

ഒരുവട്ടം കൂടി യുഡിഎഫ് അധികാരത്തിലെത്തിയാൽ

ദീർഘവീക്ഷണമുള്ള ജനപ്രതിനിധി എന്ന നിലയിൽ കോട്ടയം നിവാസികളുടെ ഹൃദയത്തിൽ ഇടം നേടിയ വ്യക്തിത്വമാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന കോൺഗ്രസ് നേതാവ്. ദീർഘകാലം അടൂരിനെ നിയമസഭയിൽ പ്രതിനിധീകരിച്ച ശേഷം കോട്ടയത്ത് മത്സരിക്കാൻ എത്തിയപ്പോൾ അടൂരിൽ അദ്ദേഹം യാഥാർത്ഥ്യമാക്കിയ വികസന പദ്ധതികളുടെ മേൽവിലാസമാണ് മുതൽക്കൂട്ടായത്. ചുരുങ്ങിയ കാലം കൊണ്ട് നടപ്പാക്കിയ പദ്ധതികൾ വഴി കോട്ടയത്തും ഇദ്ദേഹം തന്റെ വികസന മാജിക് കാഴ്ചവച്ചു. അതുകൊണ്ടുതന്നെ എല്ലാ പ്രതികൂല രാഷ്ട്രീയ കാലാവസ്ഥകളിലും ആധികാരികമായ ഭൂരിപക്ഷം നേടിയാണ് ഒരു പതിറ്റാണ്ട് കാലത്തിനിടയിൽ കോട്ടയത്തു നിന്ന് അദ്ദേഹത്തിന് രണ്ടു തുടർ വിജയങ്ങൾ നേടാൻ സാധിച്ചത്. കോട്ടയം നഗരത്തിന്റെ വികസനം ആഗ്രഹിക്കുന്ന ആളുകൾ തിരുവഞ്ചൂർ ജനപ്രതിനിധിയായിരിക്കെ ഒരുവട്ടം കൂടി യുഡിഎഫ് അധികാരത്തിൽ എത്തിയാൽ കോട്ടയം നഗരത്തിനും നിയോജകമണ്ഡലത്തിലും സമാനതകൾ ഇല്ലാത്ത വികസന ക്ഷേമപ്രവർത്തനങ്ങൾ ഒരുങ്ങുമെന്ന് വിശ്വസിക്കുന്നതും ഇതിനാലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക