
അടിവസ്ത്രത്തിലും ചെരുപ്പിലും നീന്തല്‍ വസ്ത്രങ്ങളിലുമെല്ലാം ഗണപതിയുടെ ചിത്രം പതിപ്പിച്ച് വില്‍പ്പന നടത്തിയ വാള്‍മാര്‍ട്ടിനെതിരെ വൻ പ്രതിഷേധം. ഹിന്ദു സമൂഹത്തിൻ്റെ വികാരം വ്രണപ്പെടുത്തുന്നതാണ് ഇതെന്ന് ആരോപിച്ചാണ് അമേരിക്കന്‍ ബഹുരാഷ്ട്ര റീട്ടെയില്‍ കമ്ബനിയായ വാള്‍മാര്‍ട്ടിനെതിരെ പ്രതിഷേധം ശക്തമാകുന്നത്. വാള്‍മാര്‍ട്ടിന്റെ സാംസ്കാരിക അവബോധമില്ലായ്മയാണ് ഇതെന്നാണ് ഉപയോക്താക്കളുടെ ആരോപണം. ഇത്തരം വസ്ത്രങ്ങള്‍ വില്‍പ്പന നടത്തുന്നത് വാള്‍മാര്‍ട്ട് ഉടൻ നിർത്തലാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വാള്‍മാര്‍ട്ടിനെതിരെ പ്രതിക്ഷേധം ശക്തമായതോടെ ഗണപതിയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത സ്ലിപ്പറുകള്‍, സോക്സുകള്‍, അടിവസ്ത്രങ്ങള്‍ തുടങ്ങിയ നിരവധി വസ്തുക്കള്‍ വാള്‍മാര്‍ട്ട് അവരുടെ സൈറ്റില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഗണപതിയുടെ ചിത്രം പ്രിന്റ് ചെയ്ത നീന്തല്‍ വസ്ത്രങ്ങള്‍ ഇപ്പോഴും വില്‍പ്പന നടത്തുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്.
ലോകമെമ്ബാടുമുള്ള ഹിന്ദുമത വിശ്വാസികള്‍ ഏറ്റവും അധികം ആരാധിക്കുന്ന ദൈവങ്ങളില്‍ ഒന്നാണ് ഗണപതി. ഗണപതിയോടുള്ള അനാദരവ് പ്രകടമാകുന്ന ഗണപതിയുടെ ചിത്രങ്ങള്‍ ചേർത്തുള്ള വസ്തുക്കളുടെ വില്‍പ്പന ഉടൻ നിർത്തണമെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. നിരവധി ആളുകളാണ് സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്. ഹിന്ദു സമൂഹത്തിൻ്റെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നതാണ് വാള്‍മാർട്ടിൻ്റെ ഈ പ്രവണത എന്നാണ് അവർ അഭിപ്രായപ്പെട്ടത്.
