
ജില്ലയില്‍ സിപിഎമ്മിന്റെ ഓരോ സമ്മേളനങ്ങള്‍ കഴിയുമ്ബോഴും ശക്തമായ വിഭാഗീയത മറ നീക്കുകയാണ്. നിലവിലെ ജില്ലാ സെക്രട്ടറിയുടെ അടുപ്പക്കാരെയൊക്കെ പ്രവര്‍ത്തകരുടെ എതിര്‍പ്പ് മറികടന്ന് നേതൃസ്ഥാനങ്ങളില്‍ അവരോധിക്കുന്നുവെന്നാണ് ആക്ഷേപം. ഏറ്റവും ഒടുവിലായി പുതിയ കൊടുമണ്‍ ഏരിയ കമ്മിറ്റി സെക്രട്ടറി ആര്‍.ബി. രാജീവ് കുമാറിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ പോര് രൂക്ഷമായി.
പ്രവര്‍ത്തകരും നേതാക്കളും സമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശനം തുടരുകയാണ്. മൂടുതാങ്ങികള്‍ക്കും പെട്ടിതാങ്ങികള്‍ക്കും ഭാരവാഹിത്വമെന്നാണ് വിമര്‍ശനം. കലഞ്ഞൂരില്‍ നടന്ന ഏരിയ സമ്മേളനത്തില്‍ മല്‍സരത്തിലൂടെയാണ് രാജീവ്കുമാര്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം ഏഴംകുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം എ.എസ്. ഷെമീന്‍ ആണ് ഫെയ്‌സ്ബുക്കിലൂടെ കടുത്ത വിമര്‍ശനവുമായി ആദ്യം രംഗത്ത് വന്നത്. മുന്‍ ലോക്കല്‍കമ്മിറ്റി അംഗവും എസ്.എഫ്.ഐ മുന്‍ ഏരിയ സെക്രട്ടറിയും ജില്ലാസെക്രട്ടറിയേറ്റംഗവുമാണ് ഷെമീന്‍.
രാജീവ് കുമാറിന് സെക്രട്ടറിയാകാന്‍ എന്ത് യോഗ്യതയാണുള്ളതെന്നും സി.പി.എം എന്ന പാര്‍ട്ടി നശിപ്പിക്കാനാണോ ഇയാള്‍ തീരുമാനിച്ചേക്കുന്നത് എന്നുമാണ് ഫെയ്‌സ് ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്. നല്ലോണം ഒരു പോസ്റ്റര്‍ ഒട്ടിക്കാതെ ഒരു സമര പോരാട്ടത്തിലും ഒരിറ്റ് രക്തം വാര്‍ക്കാതെ സമരഘട്ടത്തില്‍ ഒരു രാത്രി പോലും അഴിക്കുള്ളില്‍ അന്തിയുറങ്ങാതെ നിങ്ങള്‍ ഇവിടെ വരെയെത്തിയെങ്കില്‍ എത്ര ചൂട്ടു പിടിച്ചു കൊടുത്തിട്ടുണ്ടാവുമെന്നും വിമര്‍ശനമുണ്ട്. കൂടാതെ മറ്റ് പ്രധാനപ്പെട്ട പാര്‍ട്ടി അംഗങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശനം അഴിച്ചു വിട്ടിട്ടുണ്ട്.
സകല വിരുദ്ധന്മാരും 10 വര്‍ഷം കൊണ്ട് പാര്‍ട്ടി അംഗങ്ങള്‍ ആയി. യഥാര്‍ത്ഥ സഖാക്കള്‍ പാര്‍ട്ടിക്ക് പുറത്താണ് എന്നതടക്കം സി.പി.എം നേതൃത്വത്തിന്റെ നടപടിയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ രൂക്ഷവിമര്‍ശനം ഉയരുകയാണ്. പാര്‍ട്ടിയുടെ തെറ്റായ നയങ്ങള്‍ക്ക് എതിരെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിയോജിപ്പുമായി ഷെമീന്‍ രംഗത്തു വന്നിരുന്നു. പാര്‍ട്ടി മെമ്ബര്‍ഷിപ്പ് രാജി വക്കാനും ശ്രമം നടന്നിരുന്നു. ഒടുവില്‍ ജില്ലാനേതൃത്വം ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. ഏരിയ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിച്ച ഏഴംകുളത്തു നിന്നുള്ള മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ പ്രസന്നകുമാറിന്റെ നേതൃത്വത്തില്‍ ഔദ്യോഗിക പക്ഷത്തിനെതിരെ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ജില്ലാസെക്രട്ടറി താല്‍പര്യമെടുത്താണ് രാജീവ് കുമാറിനെ ഏരിയാ സെക്രട്ടറിയാക്കിയതെന്നാണ് വിമര്‍ശനം. ഏരിയാ കമ്മിറ്റിയില്‍ 13 പേരുടെ പിന്തുണ രാജീവിന് ലഭിച്ചപ്പോള്‍ എതിരെ മത്സരിച്ച ഏഴംകുളത്തു നിന്നുള്ള പ്രസന്ന കുമാറിനെ ഏഴു പേര്‍ പിന്തുണച്ചു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയോടെയാണ് രാജീവ് കുമാര്‍ പ്രസിഡന്റായത് എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.