വിദ്യാർത്ഥികളുടെ വിദേശപാലായനവും, അന്യസംസ്ഥാന പാലായനവും സർവ്വകലാശാലകളിലെ പാർട്ടി ഭരണവും, ഗവർണർ സർക്കാർ പോരാട്ടങ്ങളും എസ്എഫ്ഐയുടെ ക്യാമ്പസ് അതിക്രമങ്ങളും എല്ലാം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലൊടിച്ച കാരണങ്ങളാണ്. എയ്ഡഡ് കോളേജുകളിൽ ഉൾപ്പെടെ വിദ്യാർഥികൾ എണ്ണത്തിൽ ഞെട്ടിക്കുന്ന കുറവാണ് ഓരോ വർഷവും ഉണ്ടാകുന്നത്. നിരവധി സ്വാശ്രയ കോളേജുകൾ അടച്ചു പൂട്ടലിന്റെയും ജപ്തിയുടെയും ഭീഷണിയിലാണ്.
ഇത്രയെല്ലാം പ്രശ്നങ്ങൾ ഉണ്ടായിട്ടും ഈ മേഖലയിൽ കാര്യക്ഷമമായ ഒരു ഇടപെടൽ നടത്താൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് അതിലും ഞെട്ടിക്കുന്ന ഒരു വാർത്തയാണ്. സംസ്ഥാനത്തെ സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തകർച്ചയെ അഭിമുഖീകരിക്കുമ്പോൾ മുഖ്യമന്ത്രിക്ക് പ്രിയം അന്യസംസ്ഥാനത്തുനിന്ന് എത്തി വമ്പൻ ഫീസീടാക്കി കോർപ്പറേറ്റ് ശൈലിയിൽ വിദ്യാഭ്യാസത്തെ കച്ചവടവത്കരിക്കുന്ന ജയിൻ യൂണിവേഴ്സിറ്റി പോലുള്ള സ്വകാര്യ കൽപ്പിത സർവകലാശാലകളോടാണ്.
ജെയിൻ സർവ്വകലാശാല കേരളത്തിൽ പ്രവർത്തനമാരംഭിച്ച കാലത്ത് സിപിഎമ്മും സർക്കാരും ഇവർക്കെതിരായിരുന്നു. ഇവരുടെ കേരളത്തിലെ പ്രവർത്തനങ്ങൾ അണച്ച്കൃതമാണ് എന്ന് സർക്കാർ ഉത്തരവും പുറത്തിറക്കിയിരുന്നു. യുജിസിയോട് വിഷയത്തിൽ വിശദീകരണം ചോദിച്ച ശേഷം ലഭിച്ച മറുപടിയിലെ അടിസ്ഥാനത്തിൽ ആയിരുന്നു സർക്കാർ ഉത്തരവ്. ജെയിംസ് സർവ്വകലാശാലയുടെ കേരളത്തിലെ ഓഫ് ക്യാമ്പസ് സെന്റർ പ്രവർത്തനങ്ങൾ അനധികൃതമാണ് എന്ന് യുജിസിയും ആ കാലഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു.
പിന്നീട് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയുകയും യുജിസിക്കും സംസ്ഥാന സർക്കാരിനും നിർദ്ദേശം നൽകുന്ന കോടതിവിധി സമ്പാദിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ജെയിൻ സർവകലാശാലയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരം ലഭിച്ചത്. 2023 ഡിസംബർ മാസത്തിലായിരുന്നു ഇത്. ഇതോടു കൂടിയാണ് 2019-20 അധ്യയന വർഷങ്ങളിൽ ഇവിടെ ചേർന്ന വിദ്യാർത്ഥികളുടെ പഠനത്തിനും അംഗീകാരമായത്. എന്നാൽ കൃത്യമായ ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുള്ളത്. ഇവ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല.
സംസ്ഥാനത്ത് സ്വാശ്രയ കോളേജുകൾക്കെതിരെയും സ്വകാര്യ സർവകലാശാലകൾക്കെതിരെയും പരിധി വിട്ട സമരങ്ങൾ നടത്തിയവരാണ് ഇടതുപക്ഷ യുവജന സംഘടനകളും വിദ്യാർത്ഥി സംഘടനകളും. സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകണമെന്ന് റിപ്പോർട്ട് നൽകിയ ടി പി ശ്രീനിവാസനെ അതിക്രമിച്ച പാരമ്പര്യമാണ് എസ്എഫ്ഐയുടെത്. എന്നാൽ ഈ ഇടത് നിലപാടുകളെ പാടെ തള്ളികൊണ്ടാണ് പിണറായി വിജയൻ സ്വകാര്യ സർവകലാശാല ഗ്രൂപ്പിനെ ചേർത്തുപിടിക്കുന്നത്. ഇനി ഇദ്ദേഹത്തിൻറെ മകൾക്കെങ്ങാനും ഇവരുമായി മാസപ്പടി ഇടപാടുകൾ ഉണ്ടോ എന്ന കാര്യമാണ് പറ അറിയാനുള്ളത്.

















