പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് പിന്നാലെയുണ്ടായ പൊട്ടിത്തെറിയ്ക്കിടെ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാരെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്.

ബിജെപി നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന പാലക്കാട്ടെ ബിജെപിയുടെ 18 കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പനും വികെ ശ്രീകണ്ഠൻ എംപിയും വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോണ്‍ഗ്രസ് ആശയങ്ങള്‍ അംഗീകരിക്കാൻ തയ്യാറായാല്‍ സ്വീകരിക്കുമെന്നും അവര്‍ നിലപാട് വ്യക്തമാക്കിയാല്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തുമെന്നും എ തങ്കപ്പൻ പറഞ്ഞു. അതൃപ്തരായ മുഴുവൻ കൗണ്‍സിലർമാർക്കും സ്വാഗതമെന്നും നഗരസഭാധ്യക്ഷയെ അടക്കം കോണ്‍ഗ്രസ് സ്വാഗതം ചെയ്യുകയാണെന്നും ജനപ്രതിനിധികള്‍ക്ക് ബി ജെ പിയില്‍ തുടരാൻ കഴിയാത്ത സാഹചര്യമാണെന്നും വികെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

പാലക്കാട്ടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് നല്‍കിയ ലഡ്ഡു സന്തോഷത്തോട നഗരസഭാധ്യക്ഷ കഴിച്ചു. സി കൃഷ്ണകുമാറിനെതിരായ സാമ്ബത്തിക ആരോപണം അതീവ ഗുരുതരമാണ്. തമിഴ്നാട്ടിലെ ബ്ലേഡ് കമ്ബനിയെ കുറിച്ച്‌ അന്വേഷിക്കണം. സന്ദീപ് വാര്യർക്ക് പിന്നാലെ ഇനിയും നേതാക്കള്‍ വരുമെന്നും വി.കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

പാലക്കാട് തോല്‍വിക്ക് കാരണം 18 കൗണ്‍സിലർമാരാണെന്ന് സുരേന്ദ്ര പക്ഷം പരാതിപ്പെട്ടെന്നവാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടതിന് പിന്നാലെയാണ് ബിജെപി കൗണ്‍സിലര്‍മാര്‍ പരസ്യമായി ബിജെപി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. പ്രഭാരി പി. രഘുനാഥിനും കെ.സുരേന്ദ്രനുമെതിരെ ആഞ്ഞടിച്ച്‌ ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജൻ രംഗത്തെത്തിയിരുന്നു . സ്ഥാനാർത്ഥി നിർണയത്തിലെ പാളിച്ച യാണ് തോല്‍വിയ്ക്ക് കാരണമെന്ന് നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശശിധരനും തിരിച്ചടിച്ചു. നടപടിയുമായി മുന്നോട്ടു പോകാനാണ് നേതൃത്വത്തിന്‍റെ തീരുമാനമെങ്കില്‍ കൂട്ടരാജി യിലേക്ക് പോകാനാണ് കൗണ്‍സിലർമാരുടെ നീക്കം . അതേസമയം, കൗണ്‍സിലർമാർക്ക് മറുപടിയുമായി സ്ഥാനാർത്ഥി സി. കൃഷ്ണകുമാറും രഘുനാഥും രംഗത്തെത്തി.

പാലക്കാട്ടെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം നഗരസഭയിലെ 18 കൗണ്‍സിലർമാരുടെ തലയില്‍ കെട്ടിവെക്കാനുള്ള സുരേന്ദൻ പക്ഷത്തിന്‍റെ നീക്കമാണ് ശിവരാജൻ ഉള്‍പ്പെടെയുള്ളവരെ പ്രകോപിപ്പിച്ചത്. സ്വന്തം ബൂത്തില്‍ പോലും സ്ഥാനാർത്ഥിയ്ക്ക് വോട്ട് കുറഞ്ഞതിന് കൗണ്‍സിലർമാർ എന്തു പിഴച്ചു വെന്നാണ് ചോദ്യം . സി. കൃഷ്ണകുമാരുടെ ആസ്തി വെളിപ്പെടുതണമെന വെല്ലുവിളിയും എൻ. ശിവരാജൻ ഉയർത്തുന്നു. നഗരസഭ ഭരണത്തിലെ പാളിച്ചകള്‍ അല്ല സ്ഥാനാർത്ഥി നിർണയം പാളിയതാണ് തോല്‍വിക്ക് കാരണമെന്നാണ് നഗരസഭ ചെയർപേഴ്സന്‍റെ വിശദീകരണം.

അതേസമയം, ആരോപണങ്ങളെല്ലാം സി കൃഷ്ണകുമാര്‍ നിഷേധിച്ചു. നഗരസഭയില്‍ ഒന്നര ശതമാനം വോട്ടേ കുറഞ്ഞിട്ടുള്ളുവെന്നും ശിവരാജന്‍റെ വിമർശനങ്ങള്‍ക്ക് മറുപടിയില്ലെന്നുമായിരുന്നു പി രഘുനാഥിന്‍റെ പ്രതികരണം. ബി.ജെ.പി പരാജയം കൗണ്‍സിലർമാരുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള നീക്കത്തില്‍ അതൃപ്തി പുകയുകയാണ്. നഗരസഭയെ പഴിക്കുന്ന നില വന്നാല്‍ കുട്ടരാജി ഉണ്ടായേക്കും. രാജി ഭീഷണി ഉയർത്തി തങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കാനാണ് ഒരു വിഭാഗം കൗണ്‍സിലർമാരുടെ നീക്കം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക