പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലെ കാർ കത്തിച്ച സംഭവത്തില്‍ സഹപാഠിയും മാതാവും അറസ്റ്റില്‍.ആറ്റിങ്ങല്‍ വഞ്ചിയൂർ സ്വദേശിയായ സഹപാഠിയും മാതാവുമാണ് നഗരൂർ പൊലീസിന്റെ പിടിയിലായത്.
നവംബർ 11 ന് അർദ്ധരാത്രിയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. 16 ലക്ഷത്തിന്റെ കാറാണ് തിവെച്ച് നശിപ്പിച്ചത്. ഇരുചക്ര വാഹനത്തില്‍ എത്തി തീവെയ്‌ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടായിരുന്നു. തീയണയ്‌ക്കാൻ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിന്റെ കാലിന് സാരമായി പൊള്ളലേറ്റിരുന്നു. പുക ശ്വസിച്ച് പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയും ചെയ്തു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ 16 കാരനായ പ്രതി ആറ്റിങ്ങലിലെ പമ്ബില്‍ നിന്നും പെട്രോള്‍ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സഹപാഠിയുടെ മോശമായ പെരുമാറ്റം പെണ്‍കുട്ടി മുൻപ് വിലക്കിയിരുന്നു. ഈ വിരോധമാണ് ആക്രമണത്തിന് കാരണമായത്. 16 കാരൻ അമ്മയുടെ അറിവോടുകൂടിയാണ് അതിക്രമം നടത്തിയത്. പെട്രോളും കന്നാസും വാങ്ങാനുള്ള പണവും അമ്മ നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ മാതാവ് കുറ്റം സമ്മതിച്ചു. ആണ്‍കുട്ടിയെ ജുവനെല്‍ കോടതിയിലാണ് ഹാജരാക്കിയത്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.





