ചേലക്കരയിലെ തോല്‍വിക്കു പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്ന ആരോപണങ്ങളില്‍ വിശദമായ മറുപടിയുമായി യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസ്. മറുനാടൻ മലയാളിയെ താൻ ഒരിക്കലും പിന്തുണച്ചിട്ടില്ലെന്ന് രമ്യ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ ഷാജൻ സ്‌കറിയയ്‌ക്കൊപ്പമുള്ള ചിത്രം വച്ച് പിന്തുണ പ്രഖ്യാപിച്ചതില്‍ നിർവ്യാജം ഖേദിക്കുന്നുവെന്നും അവർ പറഞ്ഞു.
എംപിയായ ശേഷവും ശമ്ബളവും അലവൻസുമെല്ലാം ലഭിച്ചിട്ടും പട്ടിണിയാണെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. വാഹനത്തിന്റെ അടവും ഡീസലും ആലത്തൂരിലെയും ചേലക്കരയിലെയും വീടുകളുടെയും ഓഫീസിന്റെയും വാടകയും സ്റ്റാഫിന്റെ ശമ്ബളവുമെല്ലാം താൻ തന്നെയാണു കൊടുത്തിരുന്നതെന്നും അക്കാര്യമാണു താൻ പറഞ്ഞതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ആലത്തൂർ ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും എന്നും യുഡിഎഫിന് ബാലികേറാമലയായിരുന്നുവെന്നും രമ്യ പറഞ്ഞു.
മികച്ച പ്രവർത്തനങ്ങളിലൂടെ 2019ല്‍ ആലത്തൂരില്‍ മുന്നണി ചരിത്രം സൃഷ്ടിച്ചു. ഏറ്റവും മുതിർന്ന, നിലവിലെ മന്ത്രിയെ തന്നെ ഇറക്കി ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചപ്പോഴും ഭൂരിപക്ഷം 20,000 വോട്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള സകല ഭരണസഹായങ്ങളും ചേലക്കരയില്‍ ശക്തിയായി പ്രവർത്തിച്ചിരുന്നു. എന്നിട്ടും ചേലക്കരയിലെ പ്രവർത്തകരുടെയും ജനാധിപത്യ മുന്നണിയുടെ സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തില്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 40,000ത്തോളം വരുന്ന ഭൂരിപക്ഷം 12,000 വോട്ടുകളിലേക്ക് കുറയ്ക്കാൻ സാധിച്ചുവെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
തോല്‍വിയില്‍ വ്യക്തിപരമായി അതിയായ ദുഃഖമുണ്ട്. യുഡിഎഫിന്റെ പ്രവർത്തകർ ആഗ്രഹിച്ച വിജയത്തിലേക്ക് എത്തിക്കാൻ കഴിയാത്തതില്‍ നിരാശയുമുണ്ട്. പക്ഷേ, തോല്‍വിയില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോകും. ചങ്കുറപ്പോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കും. വേണ്ട തിരുത്തലുകള്‍ വരുത്തി തിരിച്ചുവരുമെന്നും രമ്യ പറഞ്ഞു.
രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ചേലക്കരയിലെ പ്രിയപ്പെട്ടവർക്ക് നന്ദി.പ്രചാരണരംഗത്ത് കഠിനാധ്വാനം ചെയ്ത നേതാക്കളെയും സഹപ്രവർത്തകരെയും അഭിവാദ്യം ചെയ്യുന്നു. ആലത്തൂർ ലോക്‌സഭാ മണ്ഡലത്തെ സംബന്ധിച്ചും ചേലക്കര അസംബ്ലി മണ്ഡലത്തെക്കുറിച്ചും ചർച്ച ചെയ്യുമ്ബോള്‍ ഇവ രണ്ടും എന്നും യുഡിഎഫിന് ബാലികേറാമലയായിരുന്നുവെന്ന് ഓർക്കണം. മികച്ച പ്രവർത്തനങ്ങളിലൂടെ 2019 ആലത്തൂരില്‍ നമ്മള്‍ ചരിത്രം സൃഷ്ടിച്ചു. ഏറ്റവും സീനിയറായ, നിലവിലെ മന്ത്രിയായ നേതാവിനെ തന്നെ ഇറക്കി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മണ്ഡലം തിരിച്ചുപിടിച്ചപ്പോഴും ഭൂരിപക്ഷം കേവലം 20,000 വോട്ടായിരുന്നു.
ചേലക്കര ഉപതെരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നായിരുന്നു ഞാനടക്കം നമ്മളെല്ലാം പ്രതീക്ഷിച്ചിരുന്നത്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങുന്നതിനു മുൻപുതന്നെ നമുക്ക് ചേലക്കരയുടെ കണക്കുകള്‍ കൃത്യമായി അറിയാം. എല്ലാ പഞ്ചായത്തിലും ഇടതുപക്ഷത്തിന് കൃത്യമായ മുൻതൂക്കവും സംഘടനാ സംവിധാനവുമുള്ള ഒരു മണ്ഡലമാണ് ചേലക്കര. അവിടെ കടന്നുകയറണമെങ്കില്‍, പ്രത്യേകിച്ച് ഒരു ഉപതെരഞ്ഞെടുപ്പില്‍, ഭരിക്കുന്ന സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളെയും ഉപയോഗിക്കുന്ന ഈ സമയത്ത് കഠിനമാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള സകല ഭരണസഹായങ്ങളും ചേലക്കരയില്‍ എത്ര ശക്തിയായി പ്രവർത്തിച്ചുവെന്നതും നമ്മള്‍ കണ്ടതല്ലേ.. എന്നിട്ടും ചേലക്കരയിലെ പ്രവർത്തകരുടെയും ജനാധിപത്യമുന്നണിയുടെ സംസ്ഥാന നേതാക്കളുടെയും നേതൃത്വത്തില്‍ 2021ലെ നിയമസഭാ തെരെഞ്ഞെടുപ്പിലെ 40,000ത്തോളം വരുന്ന ഭൂരിപക്ഷം 12,000 വോട്ടുകളിലേക്ക് കുറയ്ക്കാൻ നമുക്ക് സാധിച്ചു.
അത്തരം ഒരു മണ്ഡലത്തെ സംബന്ധിച്ചിടത്തോളം അതൊരു ചെറിയ പ്രവർത്തനമല്ല എന്നാണ് വ്യക്തിപരമായി എന്റെ വിലയിരുത്തല്‍. തോല്‍വിയില്‍ വ്യക്തിപരമായി എനിക്ക് അതിയായ ദുഃഖമുണ്ട്. യുഡിഎഫിന്റെ പ്രവർത്തകർ ആഗ്രഹിച്ച ഒരു വിജയത്തിലേക്ക് എത്തിക്കാൻ കഴിയാത്തതില്‍ എനിക്ക് നിരാശയുമുണ്ട്. പക്ഷേ, അതിജീവിച്ചല്ലേ പറ്റൂ. ഇതൊരു ജനാധിപത്യരാജ്യമല്ലേ..കൂടുതല്‍ ശക്തിപ്പെടുത്തിയും വ്യക്തിപരമായി പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് നികത്തിയും നമുക്കു മുന്നോട്ടുപോകണം. കാലം കടന്നുപോകുമ്ബോള്‍ ചേലക്കര അടക്കമുള്ള എല്ലാ കുത്തക മണ്ഡലങ്ങളും ഒരിക്കല്‍ നമ്മള്‍ പിടിച്ചടക്കും. ഈ തെരഞ്ഞെടുപ്പുമായും അല്ലാതെയും സമൂഹമാധ്യമങ്ങളില്‍ ഉയർന്നുവന്ന വിമർശനങ്ങളില്‍ കൂടി മറുപടി വേണമെന്ന് തോന്നി.
ഒന്ന്, ഞാൻ മറുനാടൻ എന്ന ഓണ്‍ലൈൻ മാധ്യമത്തെ സപ്പോർട്ട് ചെയ്യുന്നുവെന്നതായിരുന്നു. ഇത് സംബന്ധിച്ച് ഞാൻ എന്റെ നിലപാട് ഒരിക്കല്‍ വ്യക്തമാക്കിയതാണ്. ഒരു ഓണ്‍ലൈൻ മാധ്യമത്തോടും എനിക്ക് മമതയോ കൂറോ ഇല്ല. അങ്ങനെ പിന്തുണയ്‌ക്കേണ്ട കാര്യവുമില്ല, ഞാൻ പിന്തുണയ്ക്കുന്നുമില്ല. അത്തരം മാധ്യമങ്ങളില്‍ വരുന്ന വാർത്തകളെ കുറിച്ച് വ്യക്തിപരമായി എനിക്ക് അത്ര നല്ല അഭിപ്രായവും അല്ല. എതിർശബ്ദങ്ങളെ ഇല്ലാതെയാക്കുക എന്ന ഇടതുപക്ഷത്തിന്റെ നയങ്ങള്‍ നടപ്പാക്കുന്നത് കണ്ടപ്പോഴാണ് ഓണ്‍ലൈൻ മാധ്യമവക്താവിന്റെ ചിത്രം വച്ച് പിന്തുണയുമായി രംഗത്തെത്തിയത്. അത് അദ്ദേഹത്തിന്റെ എല്ലാ വാർത്തകള്‍ക്കുമുള്ള പിന്തുണയോ വ്യക്തിക്കുള്ള പിന്തുണയോ അല്ല, ആയിരുന്നില്ല. എന്റെ പ്രിയപ്പെട്ട, എന്നെ സ്‌നേഹിക്കുന്നവർക്ക് അന്നത്തെ പിന്തുണ വേദന സൃഷ്ടിച്ചുവെങ്കില്‍ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയാണ്.
രണ്ട്, മറ്റൊരു പ്രധാനപ്പെട്ട ആരോപണമായി സമൂഹമാധ്യമങ്ങളില്‍ എനിക്ക് നേരിടേണ്ടി വരുന്നത് എംപി ആയപ്പോള്‍ എന്റെ ശമ്ബളത്തെക്കുറിച്ച് ഞാൻ പറഞ്ഞതാണ്. എനിക്ക് ശമ്ബളം പോരാ എന്നല്ല ഞാൻ പറഞ്ഞത്. കിട്ടുന്ന ശമ്ബളം എങ്ങനെ പോകുന്നുവെന്നതിനെ കുറിച്ചാണ്. എംപി ആയതിനുശേഷം ഇത്ര പണം ലഭിച്ചിട്ടും പട്ടിണിയാണെന്ന് ഞാൻ എവിടെയും ഒരിക്കലും പറഞ്ഞിട്ടില്ല. ശമ്ബളവും അലവൻസുമായി ലഭിക്കുന്ന 1,87,096 രൂപയില്‍നിന്ന് ഒരു രൂപ പോലും കൊടുക്കാതെ വായ്പയായി വാങ്ങിയ എന്റെ വാഹനത്തിന്റെ അടവ് പോകേണ്ടിയിരുന്നു. മിക്ക ദിവസവും എത്ര കിലോമീറ്റർ സഞ്ചരിക്കണം(ഇന്നോവയുടെ മൈലേജ് അറിയാമല്ലോ). നല്ലൊരു തുക ഡീസലിനായി മാറ്റിവെക്കണം. മെയിന്റനൻസ് ഇതിനു പുറമേ ആണ്. ഗവണ്‍മെന്റ് തരുന്ന ഒരു സ്റ്റാഫിനെ കൊണ്ട് മാത്രം രണ്ട് ജില്ലകളിലായി ഏഴ് നിയോജകമണ്ഡലങ്ങളുള്ള ആലത്തൂർ പാർലമെന്റിന്റെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ കഴിയില്ലെന്ന് ഊഹിക്കാമല്ലോ. അതിനായിവെച്ച സ്റ്റാഫുകളുടെ ശമ്ബളവും ഓഫീസ് വാടകയും ഇതില്‍നിന്ന് കണ്ടെത്തണം. ഡല്‍ഹിയിലെ ഒരു സ്റ്റാഫിന്റെ ശമ്ബളം ഇതിന് പുറമേ കൊടുക്കണം. ഡല്‍ഹിയിലെ വീടിന്റെ ചാർജുകള്‍. ആലത്തൂരില്‍ വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്ന എന്റെ വീട്ടുവാടക. എല്ലാം കൂടി ബുദ്ധിമുട്ടാണെന്നേ ഞാൻ പറഞ്ഞുള്ളൂ, പട്ടിണിയാണെന്ന് പറഞ്ഞിട്ടില്ല. പക്ഷേ, ആ അഭിമുഖത്തിന്റെ ഹെഡിങ്ങായി വന്നത് ‘രമ്യ ഹരിദാസ് പട്ടിണിയില്‍’ എന്നാണ്.ഒരു സമ്ബാദ്യവും എന്റേതായി എനിക്കില്ല. സാമ്ബത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന ഒരു ജീവിതസാഹചര്യത്തില്‍ ജനിച്ചുവളർന്നവളാണ് ഞാൻ. സ്വന്തമായി ഒരു കുഞ്ഞുവീട് സ്വപ്നം കണ്ടു ജീവിച്ച ആളാണ്, വർഷങ്ങളോളം എടുത്താണ് അതിന്റെ പ്ലാസ്റ്ററിങ്, നിലം വിരിക്കല്‍ പണി പോലും ചെയ്തത്. ഒരു ആർഭാടവും ഞാനെന്റെ ജീവിതത്തില്‍ അന്നും ഇന്നും കാണിച്ചിട്ടില്ല. ഒന്നും സമ്ബാദിച്ചിട്ടുമില്ല. ഒരു രൂപ പോലും ജനസേവനത്തിനുവേണ്ടി എടുത്തുവെക്കാൻ എനിക്ക് എന്റേതായി വരുമാനവുമില്ല.ഒരു മാസം വണ്ടി കൂടുതല്‍ ഓടേണ്ടി വരുമ്ബോള്‍ പേടിയാണ്. കാരണം ഡീസലിന് നീക്കിവെച്ച കാശ് തീരുമോ എന്ന പേടി. ഒരു രൂപ പോലും കൈയിലില്ലാത്ത ഞാനടക്കമുള്ള മൂന്നു പൊതുപ്രവർത്തകരുടെ അവസ്ഥ വിവരിച്ചതാണ് ആ അഭിമുഖത്തില്‍. വലിയ സമ്ബാദ്യങ്ങള്‍ ഇല്ലാത്ത, വരുമാനമില്ലാത്ത ഏതൊരു പൊതുപ്രവർത്തകന്റെയും അവസ്ഥ ഇതുതന്നെയാണ്. ഏത് പാർട്ടിക്കാരനായാലും. അത് വിവരിക്കുക മാത്രമായിരുന്നു ഞാൻ ആ ഇന്റർവ്യൂവില്‍ ചെയ്തത്. അത് യാഥാർഥ്യവുമാണ്.
ജനപ്രതിനിധി ആകുന്നതിനുമുൻപ് നിലമ്ബൂരില്‍ ജോലി ചെയ്യുന്ന സമയത്ത് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഞാനും എന്റെ കുടുംബവും ജീവിച്ചിരുന്നത്. കഴിഞ്ഞതൊന്നും മറന്നിട്ടില്ല, മറക്കുകയുമില്ല. പക്ഷേ, 1,87,000 കിട്ടിയിട്ടും പട്ടിണി മാറാത്തവള്‍ എന്ന് സാമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം വരുമ്ബോള്‍ മനസ്സ് വല്ലാതെ നോവുന്നുണ്ട്. ജീവിതത്തില്‍ അഞ്ചുരൂപ തികച്ചെടുക്കാൻ ഇല്ലാതിരുന്ന ഒരുകാലം എനിക്കുണ്ടായിരുന്നു. അന്ന് പലരുടെയും സഹായം കൊണ്ട് ജീവിച്ചതൊന്നും മറന്നിട്ടില്ല. ഒരിക്കലും മറക്കുകയുമില്ല. അങ്ങനെയുള്ള ഒരുവള്‍ക്ക് ജീവിക്കാൻ 1,87,000 പോരാ എന്ന് പറഞ്ഞ് ആക്ഷേപിക്കരുത്.
പ്ലീസ്… അതെന്നെ വല്ലാതെ നോവിപ്പിക്കുന്നു(ഇനി ഞാൻ അവതരിപ്പിച്ച കണക്കിന്റെ പേരില്‍ അധിക്ഷേപം വേണ്ട. പ്ലീസ്.. എന്നെ സ്‌നേഹിക്കുന്നവരുടെ അറിവിലേക്കായി പറഞ്ഞതാണ്.) തോല്‍വിയില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് മുന്നോട്ടുപോയവരാണ് നമ്മളെല്ലാം. ലോകം മുഴുവൻ അടക്കിവാണിരുന്ന ബ്രിട്ടീഷുകാരെ നിരന്തരമായ പ്രവർത്തനത്തിലൂടെ ഇന്ത്യയുടെ മണ്ണില്‍ മുട്ടുകുത്തിച്ചവരാണ് നമ്മുടെ മുൻഗാമികള്‍. എല്ലാ കോട്ടകളും വീഴുന്ന ദിനങ്ങള്‍ വരും. ചങ്കുറപ്പോടെ ഒറ്റക്കെട്ടായി നമ്മള്‍ പ്രവർത്തിക്കും. തിരുത്തലുകള്‍ വരുത്തേണ്ടത് തിരുത്തലുകള്‍ വരുത്തും, വരുത്തിയിരിക്കും. നമ്മള്‍ തിരിച്ചുവരും.ജയ് കോണ്‍ഗ്രസ്,ജയ് യുഡിഎഫ്

















