നമ്മുടെ ദിവസത്തില്‍ വലിയ ഒരു പങ്കും ഇന്ന് വീഡിയോകളും റീലും ഒക്കെ കണ്ട് സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്നവരുണ്ട്.
അത്രയധികം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ ആളുകളുടെ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നത്.
ഉത്തർപ്രദേശിലെ വാരണാസിയില്‍ പാർക്ക് ചെയ്തിരുന്ന എസ്‌യുവി കാറിൻ്റെ സണ്‍റൂഫ് ഒരു കുരങ്ങൻ തകർക്കുന്ന രംഗമാണിത്. ഇത് അതുവഴി യാത്ര ചെയ്തിരുന്നവരെ പോലും ഞെട്ടിച്ചു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കൊണ്ടിരിക്കയാണ് ഈ വീഡിയോ. യാത്രക്കാർ അമ്ബരപ്പോടെ ഈ രംഗം കണ്ടു നില്‍ക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.
എക്‌സില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോയില്‍, ഒരു കുരങ്ങൻ സമീപത്തെ മേല്‍ക്കൂരയില്‍ നിന്ന് പാർക്ക് ചെയ്തിരിക്കുകയായിരുന്ന കാറിലേക്ക് ചാടുന്നതാണ് കാണുന്നത്. കുരങ്ങൻ നേരെ കാറിൻ്റെ സണ്‍റൂഫിലേക്കാണ് ചാടുന്നത്. അത് അപ്പോള്‍ തന്നെ തകർന്നു. കുരങ്ങനും അത് പ്രതീക്ഷിച്ചില്ല. അമ്ബരന്നുപോയ കുരങ്ങൻ അതുപോലെ സണ്‍റൂഫിലൂടെ തന്നെ പുറത്തേക്കിറങ്ങി ചാടിപ്പോകുന്നതും കാണാം. അതുവഴി പോവുകയായിരുന്ന സ്കൂട്ടർ യാത്രികർ വണ്ടി നിർത്തി അമ്ബരപ്പോടെ ഈ രംഗം വീക്ഷിക്കുന്നതും കാണാം.
വാരണാസിയിലെ വിശേശ്വർഗഞ്ച് ഭാഗത്ത് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. വീഡിയോ എക്സില്‍ (ട്വിറ്റർ) ഷെയർ ചെയ്തിരിക്കുന്നത് രാജാ ബാബു എന്ന യൂസറാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
ചിലർ കുരങ്ങന്റെ സുരക്ഷയെ കുറിച്ചാണ് ആശങ്കപ്പെട്ടത്. അതേസമയം, മറ്റ് ചിലർ ഉടമയ്ക്ക് എത്ര രൂപ നഷ്ടം വന്നിരിക്കാം എന്നതിനെ കുറിച്ചായിരുന്നു ആശങ്കപ്പെട്ടത്. കുരങ്ങൻ സണ്‍റൂഫ് തകർത്താല്‍ ഇൻഷുറൻസ് കിട്ടുമോ എന്ന് ചോദിച്ചവരും ഉണ്ടായിരുന്നു.

















