മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പോളിംഗ് മുംബൈയിൽ പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് കണ്ടതെങ്കിലും വോട്ടിംഗ് ശതമാനം ശരാശരി മാത്രം. മുംബൈ സിറ്റിയും മുംബൈ സബർബൻ ജില്ലയും ചേർന്ന് ശരാശരി പോളിംഗ് 51.54 ശതമാനം മാത്രമാണ് രേഖപ്പെടുത്തിയത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ 50.51 ശതമാനത്തേക്കാൾ ഒരു ശതമാനം മാത്രം കൂടുതലാണ് വൈകിട്ട് അഞ്ച് മണി വരെ രേഖപ്പെടുത്തിയ പോളിങ്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് അന്തിമ കണക്കുകൾ പുറത്തുവിടുമെന്നാണ് കരുതുന്നത്. ദക്ഷിണ മുംബൈയിൽ സ്ഥിതി ചെയ്യുന്ന പത്ത് നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന മുംബൈ സിറ്റി ജില്ലയിൽ വൈകുന്നേരം 5 മണി വരെ 50.06 ശതമാനം പോളിങ് രേഖപ്പെടുത്തി. എംഎൻഎസിൻ്റെ അമിത് താക്കറെ, ശിവസേനയുടെ സദാ സർവങ്കർ, ശിവസേനയുടെ (യുബിടി) മഹേഷ് സാവന്ത് എന്നിവർ തമ്മിലുള്ള ത്രികോണ പോരാട്ടം കണ്ട മാഹിം മണ്ഡലത്തിൽ 58 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇത് നഗരത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ആയാണ് കണക്കാക്കുന്നത്.
എന്നാൽ ബിജെപിയുടെ രാഹുൽ നർവേക്കറിന് അനുകൂലമായ ഏകപക്ഷീയമായ കൊളാബ മണ്ഡലം സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തി, 44.49 ശതമാനം മാത്രമാണ് ഇവിടെ പോളിംഗ് രേഖപ്പെടുത്തിയത്. തൊട്ടടുത്ത മണ്ഡലമായ മലബാർ ഹില്ലിൽ 50.08 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.ധാരാവി നിയോജക മണ്ഡലത്തിൽ പുനർ വികസനത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്കിടയിലും 46.15 ശതമാനം പോളിംഗ് രേഖപ്പെടുത്തിയത് പ്രതിപക്ഷത്തെ നിരാശ പ്പെടുത്തി.

















