ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പൊതുപരിപാടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാദങ്ങള്‍ വന്ദിക്കാൻ ശ്രമിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ബിഹാറിലെ ദർഭംഗയിലാണ് സംഭവം.വേദിയിലേക്ക് കയറിവരുന്ന നിതീഷിനോട് തന്റെ സമീപത്തെ കസേരയില്‍ ഇരിക്കാൻ മോദി ആവശ്യപ്പെടുന്നത് വീഡിയോയില്‍ കാണാം.
എന്നാല്‍ നിതീഷ് പെട്ടെന്ന് പ്രധാനമന്ത്രിയുടെ പാദംതൊടാൻ ശ്രമിച്ചു. ഉടനെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റ മോദി നിതീഷിനെ തടയുന്നതും പിന്നീട് ഹസ്തദാനം ചെയ്ത ശേഷം നിതീഷ് മോദിക്ക് സമീപം ഇരിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. എയിംസ് ഉള്‍പ്പടെ 12,000 കോടി രൂപയുടെ പദ്ധതിയ്ക്ക് തറക്കല്ലിടാനായാണ് പ്രധാനമന്ത്രി ദർഭംഗയിലെത്തിയത്. പ്രസംഗത്തിനിടെ മോദി നിതീഷിനെ വാനോളം പ്രശംസിക്കുകയും ചെയ്തു.
ഇത് ആദ്യമായല്ല മോദിയുടെ കാലില്‍ വീഴാൻ നിതീഷ് ശ്രമിക്കുന്നത്. ജൂണില്‍ പാർലമെന്റ് സെൻട്രല്‍ ഹാളില്‍ നടന്ന പരിപാടിക്കിടെ മോദിയുടെ കാലില്‍ തൊടാൻ നിതീഷ് ശ്രമിച്ചത് എല്ലാവരേയും അമ്ബരപ്പിച്ചിരുന്നു. നിതീഷ് കുമാറിനേക്കാള്‍ ഒരു വയസ്സ് മാത്രം കൂടുതലുള്ള വ്യക്തിയാണ് നരേന്ദ്രമോദി.

















