വയനാട് ലോക്സഭാ, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ദിവസം കോളിളക്കം സൃഷ്ടിച്ച സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥയായ ‘കട്ടൻചായയും പരിപ്പുവടയും: ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം’ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും തല്‍ക്കാലം പിന്മാറിയതായി പ്രസാധകരായ ഡിസി ബുക്സ്.

പുസ്തകം ഉടൻ പ്രസിദ്ധീകരിക്കില്ലെന്നാണ് അറിയിപ്പ്. സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് പുസ്തകം പുറത്തിറക്കുന്നത് നീട്ടി വയ്ക്കുന്നതെന്ന് ഫേസ്ബുക്കിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്ബോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന രാഷ്ട്രീയത്തില്‍ നിർണായക സ്വാധീനം ചെലുത്തുന്ന തിരഞ്ഞെടുപ്പുകള്‍ പുരോഗമിക്കുമ്ബോഴാണ് ഇപിയുടെ ആത്മകഥയിലെ ഉള്ളടക്കത്തിലെ ചില വിവരങ്ങള്‍ പുറത്തുവന്നത്. ഇത് ഇടതു മുന്നണി സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെ തൻ്റെ ആത്മകഥയിലെ ഭാഗങ്ങളല്ല പുറത്തുവന്നതെന്ന പ്രതികരണവുമായി ജയരാജൻ രംഗത്തെത്തിയിരുന്നു. രണ്ടാം പിണറായി സർക്കാർ ദുർബലമാണെന്നായിരുന്നു പുറത്തുവന്ന ഭാഗത്തിലെ പ്രധാന പരാമർശം. ജനക്ഷേമപ്രവർത്തനങ്ങള്‍ നിരവധിയുണ്ടെങ്കിലും ഇതിനപ്പുറം ജനങ്ങള്‍ സർക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഒന്നാം പിണറായി സർക്കാരിനെക്കുറിച്ചുള്ള മികച്ച അഭിപ്രായം രണ്ടാം പിണറായി സർക്കാരിനില്ലെന്നും കുറ്റപ്പെടുത്തുന്നു.

സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകള്‍ വേണമെന്നും എല്‍ഡിഎഫ് മുൻ കണ്‍വീനറിൻ്റേത് എന്ന പേരില്‍ ആത്മകഥയില്‍ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം പാളി എന്ന സംശയവും പുസ്തകത്തില്‍ ഉയർത്തുന്നു. പാലക്കാട് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി പി സരിൻ അവസരവാദിയാണ് എന്ന രീതിയില്‍ രൂക്ഷമായ വിമർശനവും ആത്മകഥയില്‍ ഉയർത്തുന്നു. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച്‌ വരുന്നവർ വയ്യാവേലിയാണെന്നും പി വി അൻവർ പോലും ഇത്തരം പ്രതീകമായിരുന്നു. സരിനെ സ്ഥാനാർഥിയാക്കിയ തീരുമാനം ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കുമെന്നും വിശദീകരിക്കുന്ന ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പ്രകാശ് ജാവഡേക്കറുമായുള്ള തൻ്റെ കൂടിക്കാഴ്ച ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപാകെ തന്നെ ചർച്ചയാക്കിയതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്ന് മാറ്റിയത് പാർട്ടി തന്നെ കേള്‍ക്കാതെയാണെന്നും ഇപി എഴുതുന്നു. താൻ ഇല്ലാത്ത സെക്രട്ടേറിയേറ്റിലാണ് തന്നെ നീക്കുന്ന കാര്യം ചർച്ച ചെയ്യുന്നത്. പാർട്ടി മനസിലാക്കിയില്ല എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ പ്രയാസം. കേന്ദ്രകമ്മറ്റിയാണ് തനിക്കെതിരെ തീരുമാനമെടുക്കേണ്ടത് എന്നിരിക്കെ, പാർട്ടി സംസ്ഥാന കമ്മിറ്റിയെടുത്ത തീരുമാനം അണികള്‍ക്കിടയില്‍ വലിയ തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും ആത്മകഥയില്‍ പറയുന്നു.

ഇപ്പോള്‍ പ്രചരിക്കുന്നത് തൻ്റെ ആത്മകഥയിലെ പരാമർശങ്ങളല്ലെന്നും അതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ഇപി ജയരാജൻ്റെ വിശദീകരണം. തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു പ്രചരണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. പുസ്തകം ഇറങ്ങുമ്ബോള്‍ എല്ലാക്കാര്യങ്ങളും വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക