പോളിംഗ് ബൂത്തില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ ആക്രമിച്ച് സ്ഥാനാർത്ഥി. രാജസ്ഥാനിലെ ഒരു പോളിംഗ് ബൂത്തില്‍ നടന്ന സംഭവത്തിത്തിൻ്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ഡിയോളി-ഉനിയാര നിയമസഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി നരേഷ് മീണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനെ (എസ്‌ഡിഎം) തല്ലുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
പോലീസും അധികൃതരും ഇയാളെ തടയാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. എസ്ഡിഎം മൂന്ന് വോട്ടർമാരോട് രഹസ്യമായി ആർക്ക് വോട്ട് ചെയ്യണമെന്ന് നിർദേശിച്ചതായി മീണ ആരോപിച്ചു. ഇവിഎമ്മില്‍ തൻ്റെ തിരഞ്ഞെടുപ്പ് ചിഹ്നം അവ്യക്തമാണ് വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അദ്ദേഹം പറയുന്നു. ഇതിന് വോട്ടുകള്‍ കൊണ്ട് മറുപടി നല്‍കാൻ സംഭവ ശേഷം ജനങ്ങളോട് ആവശ്യപ്പെട്ടു.
സംരവത പോളിംഗ് സ്റ്റേഷനിലാണ് സംഭവം. മീണ പോളിംഗ് ബൂത്തിലേക്ക് നടക്കുന്നതു മുതല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഡിഎം അമിത് ചൗധരിയെ തല്ലുന്നതു വരെയുള്ള വീഡിയോ ആണ് പ്രചരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിനാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മീണ മത്സരിക്കുന്നത്. നാമനിർദേശ പത്രിക നല്‍കിയതിനെ തുടർന്ന് കോണ്‍ഗ്രസ് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.





