മുംബൈ: മഹാരാഷ്ട്ര സർക്കാർ പദ്ധതിയായ ലഡ്‌കി ബഹിൻ പ്രകാരം ലഭിച്ച സ്ത്രീകളുടെ ഫോട്ടോ എടുക്കാനും കോൺഗ്രസ് റാലികളിൽ അവർ പങ്കെടുത്തിട്ടുണ്ടെങ്കിൽ അവരെ പ്രത്യേകം ശ്രദ്ധിച്ചു വെക്കാനും ബിജെപി രാജ്യസഭാ ധനഞ്ജയ് മഹാദിക് പാർട്ടി പ്രവർത്തകരോട് നിർദേശിച്ചു. പിന്നീട് അവരെ നമുക്ക് കാണാമെന്നും എംപി പറഞ്ഞു. എന്നാൽ ധനഞ്ജയ് മഹാദിക്കിന്റെ ഈ പ്രസ്താവനക്കെതിരെ പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം കടുത്ത ഭാഷയിൽ രംഗത്ത് വന്നു.
മഹാദിക് സ്ത്രീകൾക്ക് മുന്നറിയിപ്പ് നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷം പറഞ്ഞു. അതേസമയം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിഎൻഎസിൻ്റെ സെക്ഷൻ 179 പ്രകാരം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കോലാപൂർ ജില്ലാ കളക്ടർ മഹാദിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കോലാപ്പൂരിൽ നടന്ന ഒരു റാലിയിലാണ് രാജ്യസഭാ എംപി വിവാദ പരാമർശം നടത്തിയത്. സർക്കാരിൽനിന്ന് സഹായം വേടിച്ചവർ കോൺഗ്രസിനെ പിന്തുണയ്ക്കുന്ന കാഴ്ച്ച കാണുന്നു.ഇത് വെച്ചുപൊറുപ്പിക്കില്ല.
അതേ സമയം മഹാദികിനെയും മഹായുതിയെയും എൻസിപി(എസ്പി) എംപി സുപ്രിയ സുലെ രൂക്ഷമായി വിമർശിച്ചു. ‘ലഡ്‌കി ബഹിൻ പദ്ധതി പ്രകാരം നൽകുന്ന പണം ബിജെപിയുടെ പോക്കറ്റിൽ നിന്നല്ല നൽകുന്നത്. അത് നികുതിദായകരുടെ പണമാണ്. സ്ത്രീകളുടെ പണം തടഞ്ഞാൽ ഞാൻ നിങ്ങളെ കോടതിയിലേക്ക് വലിച്ചിഴയ്ക്കുകയും സർക്കാരിനെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.
യുബിടി നേതാവ് സഞ്ജയ് റാവത്തും വിമർശനവുമായി രംഗത്തെത്തി. “സർക്കാർ ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്, ഒരു പാർട്ടിക്കും വേണ്ടിയല്ല. പണം നികുതിദായകരിൽ നിന്നാണ്. ഇത് പ്രധാനമന്ത്രി മോദിയുടെയോ അമിത് ഷായുടെയോ ഫഡ് നഫിസിൻ്റെയോ ഏകനാഥ് ഷിൻഡെയുടെയോ പോക്കറ്റിൽ നിന്നല്ല വരുന്നതെന്നും റാവത്ത് പറഞ്ഞു.
സ്ത്രീകൾക്കെതിരെ എന്ത് നടപടിയാണ് നിങ്ങൾ എടുക്കാൻ പോകുന്നത് എന്ന് കോൺഗ്രസ് എംപി പ്രണിതി ഷിൻഡെ ചോദിച്ചു. “ഇത് ഏതുതരം ഭാഷയാണ്? മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ ഇത്തരമൊരു ഭാഷ കേട്ടിട്ടില്ല. മഹാദിക്കിൻ്റെ ലജ്ജാകരമായ പ്രസ്താവനയാണിത്.ഭീഷണി ഇവിടെ വില പോകില്ലെന്നും അവർ കൂട്ടിച്ചേർത്തു.












