ഉമ്മൻ ചാണ്ടിയെ കൂടെനിന്നവർ വഞ്ചിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഉമ്മൻ ചാണ്ടിയുടെ യഥാർഥ അവകാശി ചാണ്ടി ഉമ്മനാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
തിരുവനന്തപുരം ശാന്തിഗിരിയില്‍ നടന്ന ഉമ്മൻചാണ്ടി അനുസ്മരണത്തിലായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം.
‘പുതുപ്പള്ളി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഉമ്മൻ ചാണ്ടിയുടെ കാര്യത്തില്‍ ഒരു മര്യാദയും കാണിക്കാത്തവർ വീട്ടില്‍ പ്രശ്‌നമുണ്ടാക്കാൻ ശ്രമിച്ചു. അപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ അനന്തരാവകാശി ചാണ്ടി ഉമ്മൻ ആണെന്ന് പരസ്യമായി ഞാൻ പ്രസ്താവന നടത്തിയത്. ഉമ്മൻ ചാണ്ടിയുടെ പൈതൃകം അവകാശപ്പെട്ട് കേരളത്തില്‍ ഒരാള്‍ക്കും മുന്നോട്ട് വരാനുള്ള അവകാശമില്ല. കാരണം ഇവരില്‍ പലരും ഉമ്മൻ ചാണ്ടിയെ വഞ്ചിച്ചവരാണ്.
സ്വന്തം മകനുവേണ്ടി പടവെട്ടിയ പല നേതാക്കന്മാരും കോണ്‍ഗ്രസിലുണ്ട്. ഉമ്മൻ ചാണ്ടി മക്കള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ല. ഇന്ന് മഹാന്മാരെന്ന് പറയുന്ന പല കോണ്‍ഗ്രസ് നേതാക്കന്മാരും ചാണ്ടി ഉമ്മനെ തഴയാൻ ശ്രമിച്ചത് ഞാൻ കണ്ടിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ പേരുപയോഗിച്ച് എല്ലാം നേടിയവർ തന്നെ ചാണ്ടി ഉമ്മനെ തകർക്കാൻ ശ്രമിച്ചത് ഞാൻ കണ്ടു. നാളെ ഉമ്മൻ ചാണ്ടിയുടെ പ്രതിനിധിയായി തിളങ്ങേണ്ടത് ചാണ്ടി ഉമ്മനാണെന്ന് പരസ്യമായി ഞാൻ പറയും’, ചെറിയാൻ ഫിലിപ്പ് പറഞ്ഞു.