കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒ.ജെ ജനീഷ് ജയിക്കണമെന്നാണ് ഉമ്മൻ ചാണ്ടി ആഗ്രഹിക്കുകയെന്ന് മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മൻ.അദേഹത്തിന്റെ പേരില്‍ ഇവിടെ ആരും മുതലക്കണ്ണീർ ഒഴുക്കേണ്ടെന്നും ചാണ്ടി ഉമ്മൻ അന്നമനടിയില്‍ പറഞ്ഞു.

ഒജെ ജനീഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അദേഹം. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വർഗീസ് ജോർജിനെ ഉന്നമിട്ടായിരുന്നു ചാണ്ടി ഉമ്മന്‍റെ വാക്കുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ്മൻ ചാണ്ടിയുടെ മരുമകനാണ് വർഗീസ് ജോർജ്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ ഭര്‍ത്താവായ വര്‍ഗീസ് ജോര്‍ജ് കൊടുങ്ങല്ലൂരില്‍ ട്വന്റി 20 സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്. നിയമസഭയില്‍ തന്റെ കൂടെ കൊടുങ്ങല്ലൂർ എംഎല്‍എയായി ഒ.ജെ ജനീഷ് ഉണ്ടാകുമെന്നും കൊടുങ്ങല്ലൂരിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിക്കാൻ ജനീഷിന് സാധിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കെ. കരുണാകരന്റെ മണ്ണ് തിരിച്ചുപിടിക്കാനായി എത്തിയ ഉമ്മൻചാണ്ടിയുടെ മകന് നന്ദി അറിയിക്കുന്നതായി ഒ.ജെ ജനീഷ് പറഞ്ഞു. പൊയ്യയില്‍ നിന്നും മാള, വലിയപറമ്പ് വഴി അന്നമനട വരെ സൈക്കിള്‍ ചവിട്ടി ചാണ്ടി ഉമ്മൻ റോഡ് ഷോ നടത്തി. സ്ഥാനാർത്ഥി ഒ.ജെ ജനീഷും സൈക്കിള്‍ യാത്രയില്‍ പങ്കുചേർന്നു. ബൈക്കിലും കാറിലുമായി ആയിരങ്ങളാണ് റാലിയെ അനുഗമിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക