മാധ്യമ റിപ്പോർട്ടുകളുടെയും സമരങ്ങളുടെയും പേരിൽ വിവാദങ്ങളിൽ ഉൾപ്പെട്ട പാലാ അച്ചായൻസ് ജ്വല്ലറിയുടെ ബോർഡ് അപ്രത്യക്ഷം. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നഗരസഭാ പ്രതിപക്ഷ നേതാവ് സതീശ് ചൊള്ളാനി അനധികൃത കയ്യേറ്റത്തിന്റെ വിവരം നഗരസഭ കൗൺസിലിൽ ഉന്നയിക്കുകയും ബോർഡ് മൂന്നു ദിവസത്തിനകം എടുത്തുമാറ്റമെന്ന് യോഗത്തിൽ ചെയർമാൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അനധികൃത ബോർഡ് നീക്കണമെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സമിതി നേതാവ് ജോയി കളരിക്കൽ ഒറ്റയാൾ സമരവും സംഘടിപ്പിച്ചിരുന്നു.
എന്നാൽ ചിലർ ബോധപൂർവ്വം തങ്ങളെ മാത്രം ലക്ഷ്യമിടുന്നു എന്നും മറ്റു കയ്യേറ്റങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നു എന്നുമായിരുന്നു അച്ചായൻസ് ജ്വല്ലറിയുടെ പ്രതികരണം. തങ്ങൾക്കെതിരെ സമരം നടത്തിയ ജോയി കളരിക്കലിനെ പരിഹസിച്ച് നഗരത്തിൽ ബോർഡുകളും ഇവർ ഉയർത്തിയിരുന്നു. വിഷയത്തിൽ അച്ചായൻസിനെ അനുകൂലിക്കുന്ന വാർത്തകളുമായി ചില ഓൺലൈൻ മാധ്യമങ്ങൾ ഇത്തരം വാദമുഖങ്ങൾ ഉയർത്തി നിരവധി വാർത്തകളും പ്രസിദ്ധീകരിച്ചു.
ഏതായാലും ഞായറാഴ്ച രാവിലെ അനധിതികൃത ബോർഡ് അപ്രത്യക്ഷമായി. സംഭവസ്ഥലം പരിശോധിക്കുവാൻ എത്തിയ ചെയർമാൻ ഷാജു തുരുത്തന് പൗരാവകാശ സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കി കാര്യങ്ങൾ കൊഴുപ്പിച്ചു. പിന്നാലെ തന്നെ ജനങ്ങളെയും അധികൃതരെയും വെല്ലുവിളിക്കാൻ ആഗ്രഹിക്കാത്തതിനാൽ ബോർഡ് സ്വയം എടുത്തു മാറ്റിയതാണ് എന്ന് അച്ചായൻസ് ഗ്രൂപ്പിന്റെ പത്രക്കുറിപ്പ് പുറത്തുവന്നു. ജനങ്ങളെ മാനിച്ച് ജനങ്ങൾക്കൊപ്പം നിന്ന് ബിസിനസ് ചെയ്യാൻ എത്തിയ തങ്ങൾ ചില കുടിപ്പകളുടേയും രാഷ്ട്രീയനീക്കങ്ങളുടെയും ഇരകളായതാണെന്നും, ജനങ്ങൾക്ക് മുന്നിൽ സംശയ നിഴലിൽ നിൽക്കാൻ താല്പര്യമില്ലാത്തതിനാൽ ബോർഡ് സ്വയം നീക്കുകയാണെന്നും പത്രക്കുറിപ്പിൽ അവകാശപ്പെടുന്നുണ്ട്.
തലയൂരി അച്ചായൻസും, പൊളിറ്റിക്കൽ സ്റ്റണ്ടുമായി ചെയർമാനും
മാസങ്ങൾക്കു മുമ്പേ തന്നെ നഗരസഭ ഹെൽത്ത് വിഭാഗം പരിശോധിച്ച് അച്ചായൻസിന്റേത് അനധികൃതമായ ബോർഡ് ആണെന്ന് റിപ്പോർട്ട് നൽകിയിരുന്നതാണ്. എന്നാൽ ഇതുവരെ ഭരണസമിതി ചെറുവിരൽ പോലും അനക്കിയില്ല. തുടർന്ന് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവരികയും, പ്രതിപക്ഷം വിഷയം നഗരസഭാ യോഗത്തിൽ ഉന്നയിക്കുകയും, പൗരാവകാശ സമിതിയുടെ പ്രതിഷേധം കേരള കോൺഗ്രസ് ജോസഫ് വിഭാഗം കൗൺസിലർ സിജി ടോണി ഉദ്ഘാടനം ചെയ്യുകയും ചെയ്തതോടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങൾ ആണ് ചെയർമാന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. അനാവശ്യ വിവാദങ്ങളിൽ നിന്ന് തലയൂരാൻ അച്ചായൻസ് ഗ്രൂപ്പ് ബോർഡ് എടുത്തു മാറ്റി. എന്നാൽ ഇതിൻറെ ക്രെഡിറ്റ് അവകാശപ്പെട്ട് ചെയർമാൻ രംഗത്തെത്തി. ആത്മാർത്ഥമായ ഇടപെടൽ നടത്താനായിരുന്നുവെങ്കിൽ ബോർഡ് അനധികൃതമാണെന്ന് ഹെൽത്ത് അധികൃതർ പരിശോധിച്ചു നൽകിയ റിപ്പോർട്ടിന്മേൽ മാസങ്ങൾക്കു മുന്നേ തന്നെ ചെയർമാന് നടപടി എടുക്കാമായിരുന്നു. ഇതിന്മേൽ അടയിരുന്ന അദ്ദേഹം സംഭവത്തിന് ന്യൂസ് വാല്യൂ ഉണ്ടായതോടെ പൊളിറ്റിക്കൽ സ്റ്റണ്ടുമായി രംഗത്തിറങ്ങുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

















