തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാർട്ടികള്‍ക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന് 100 കോടി രൂപയാണ് താൻ ഫീസായി ഈടാക്കുന്നതെന്ന് മുൻ തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞനും ജൻ സ്വരാജ് പാർട്ടിയുടെ കണ്‍വീനറുമായ പ്രശാന്ത് കിഷോർ.
ബിഹാറിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബെലഗഞ്ചിലെ പൊതുപരിപാടിയില്‍വെച്ച് സംസാരിക്കവെയാണ് പ്രശാന്ത് കിഷോർ താന്റെ ഫീസ് വെളിപ്പെടുത്തിയത്.
വിവിധ സംസ്ഥാനങ്ങളിലെ പത്ത് സർക്കാരുകള്‍ പ്രവർത്തിക്കുന്നത് എന്റെ തന്ത്രങ്ങള്‍ അനുസരിച്ചാണ്. പ്രചാരണത്തിനാവശ്യമായ പണം എന്റെ കൈയില്‍ ഇല്ല എന്നാണോ നിങ്ങള്‍ കരുതുന്നത്. ഞാൻ അത്രയ്ക്കും ദുർബ്ബലനാണെന്നാണോ നിങ്ങള്‍ കരുതുന്നത്. എന്റെ ഫീസിനെക്കുറിച്ച് ബിഹാറില്‍ ആർക്കും അറിയില്ല. ഒരു തിരഞ്ഞെടുപ്പില്‍ ഞാൻ ആർക്കെങ്കിലും ഉപദേശം നല്‍കുകയാണെങ്കില്‍ ഫീസായി ഈടാക്കുന്നത് നൂറുകോടി രൂപയോ അതില്‍ കൂടുതലോ ആണ്. അത്തരത്തിലുള്ള പണം ഉപയോഗിച്ച് അടുത്ത രണ്ട് വർഷത്തേക്ക് പ്രചാരണത്തിനാവശ്യമായ ഫണ്ട് നല്‍കാൻ തനിക്ക് സാധിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.
ബിഹാറിലെ ഉപതിരഞ്ഞെടുപ്പില്‍ ജൻ സുരാജ് പാർട്ടിയും മത്സരരംഗത്തുണ്ട്. ബിഹാറിലെ നാല് നിയമസഭാ മണ്ഡലങ്ങളിലാണ് ജൻ സുരാജ് മത്സരിക്കുക. ബെലഗഞ്ചില്‍ മുഹമ്മദ് അംജദ്, ഇമാംഗഞ്ചില്‍ ജിതേന്ദ്ര പാസ്വാൻ, രാംഗഢില്‍ സുഷില്‍ കുമാർ സിങ് കുഷ്വാഹ, തരാരിയില്‍ നിന്ന് കിരണ്‍ എന്നിവരാണ് ജൻ സുരാജ് സ്ഥാനാർഥികള്‍. നവംബർ 13നാണ് ഈ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ്. നവംബർ 23ന് വോട്ടെണ്ണും.















