വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നവംബർ 13ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സത്യൻ മൊകേരി എല്‍ ഡി എഫ് സ്ഥാനാർത്ഥിയാകും.
സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഉടൻ തന്നെ പ്രഖ്യാപനം ഉണ്ടായേക്കും.
ഇ എസ് ബിജിമോള്‍, സത്യൻ മൊകേരി ഉള്‍പ്പെടെയുള്ളവരെയായിരുന്നു പാർട്ടി പരിഗണിച്ചത്. കഴിഞ്ഞതവണ രാഹുല്‍ ഗാന്ധിയോട് മത്സരിച്ച ആനിരാജ ഇനി മത്സര രംഗത്തേക്ക് ഇല്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ആനി രാജിയുടെ മകള്‍ അപരാജിതയുടെ പേരും ഉയർന്നിരുന്നു.
തിരഞ്ഞെടുപ്പിന് ഇനി ഒരു മാസം പോലും ഇല്ല. അതിനാല്‍ തന്നെ പ്രചാരണ പ്രവർത്തനങ്ങള്‍ അതിവേഗതയില്‍ നടത്താനാണ് മുന്നണികളുടെ തീരുമാനം. മണ്ഡലത്തില്‍ നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധി റായിബറേലിയില്‍ കൂടി വിജയിച്ചിരുന്നു. റായിബറേലിയില്‍ രാജിവച്ചാല്‍ ഉത്തരേന്ത്യയില്‍ ഉണ്ടാകുന്ന തിരിച്ചടി ഭയന്ന് രാഹുല്‍ വയനാട് മണ്ഡലം വേണ്ടെന്നുവച്ചു. ഇതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
രാഹുലിന്റെ സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയാണ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ യുഡിഎഫ് മാസങ്ങള്‍ക്കു മുൻപ് തന്നെ ആരംഭിച്ചിരുന്നു. സംസ്ഥാന നേതാക്കള്‍ തന്നെ തിരഞ്ഞെടുപ്പിന്റെ ചുമതലകള്‍ ഏറ്റെടുത്തിട്ടുണ്ട്.
കെ സുരേന്ദ്രൻ,ശോഭാ സുരേന്ദ്രൻ എന്നിവരില്‍ ഒരാള്‍ എൻഡിഎ സ്ഥാനാർത്ഥിയായേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയോട് മത്സരിച്ച കെ. സുരേന്ദ്രൻ മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. 1,41,045വോട്ടാണ് സുരേന്ദ്രന് കിട്ടിയത്. 2019ലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന തുഷാർ വെള്ളാപ്പള്ളി 78, 816വോട്ട് മാത്രമായിരുന്നു നേടിയത്. എൻഡിഎ വോട്ട് 7.2 ശതമാനത്തില്‍ നിന്നും 13 ശതമാനം ആക്കി കെ. സുരേന്ദ്രൻ ഉയർത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയോട് ഒരു വനിത തന്നെ മത്സരിക്കട്ടെ എന്ന് തീരുമാനിച്ചാല്‍ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയായി എത്തും.

















