
പാലാ സിവില്‍ സ്‌റ്റേഷന് മുന്‍വശം ഫുട്പാത്തിനുമേല്‍ അനധികൃത നിര്‍മ്മാണം നടത്തിയ അച്ചായന്‍സ് ഗോള്‍ഡ്. അടുത്തിടെ സ്ഥാപനം പുനര്‍നിര്‍മ്മാണം നടത്തിയപ്പോഴാണ് ഫുട്പാത്ത് കൈയേറി ഭിത്തിയും ബോര്‍ഡും സ്ഥാപിച്ച് നടപ്പാത ഇല്ലാതാക്കിയത്. പി.ഡബ്‌ള്യു.ഡി ഇട്ടകല്ല് മറികടന്ന് 1.5 മീറ്ററാളം നടപ്പാതയ്ക്ക് കുറുകെ ഭിത്തി നിര്‍മ്മിച്ചശേഷം ഈ ഭിത്തിയില്‍ ലൈറ്റ് ബോര്‍ഡും അനധികൃമായി സ്ഥാപിക്കുകയായിരുന്നു.
ഇതോടെ ഇവിടെ നടപ്പാത ഇല്ലാതായി. ഏറെ തിരക്കുള്ള സിവില്‍ സ്‌റ്റേഷന് മുന്നില്‍ ഇതോടെ കാല്‍നടയാത്രികര്‍ ഇപ്പോള്‍ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയിലുമായി. ഇതോടെ വാഹനം തട്ടി അപകടമുണ്ടാവാനും സാധ്യതയേറി. കാല്‍നടയാത്രികര്‍ക്ക് അപകടാവസ്ഥ ഏറെയുണ്ടാക്കുന്ന ഇവിടെ നടത്തിയ അനധികൃത നിര്‍മ്മാണം പൊതുമരാമത്ത് വകുപ്പും നഗരസഭയും കണ്ടില്ലന്ന് നടിക്കുന്നതിനെതിരെ പാലാ പൗരാവകാശസമിതി രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.
സ്ഥാപനം അനധികൃത നിര്‍മ്മാണം നടത്തിയെന്ന് സമ്മതിച്ച മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ ഇതിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് അനധികൃത നിര്‍മ്മാണം നടത്തിയ സ്ഥലത്ത് ധര്‍ണാ സമരം നടത്തുമെന്ന് പാലാ പൗരാവകാശ സമിതി പ്രസിഡന്റ് ജോയി കളരിക്കല്‍ അറിയിച്ചു. ഫുട്പാത്ത് കൈയേറിയുള്ള അനധികൃത നിര്‍മ്മാണത്തെപ്പറ്റി പാലാ പൗരാവകാശ സമിതി കഴിഞ്ഞ ഓഗസ്റ്റ് 22 ന് നഗരസഭാ ചെയര്‍മാന് പരാതി കൊടുത്തിരുന്നു. നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ജോയി നഗരസഭാ സെക്രട്ടറിക്ക് വിവരാവകാശ നിയമപ്രകാരം സെപ്റ്റംബര്‍ 19 ന് അപേക്ഷ കൊടുത്തു. ഇതിനുള്ള മറുപടി ഒക്‌ടോബര്‍ 17-ന് ലഭിച്ചു.
ജോയിയുടെ പരാതിയിന്‍മേല്‍ നഗരസഭാ ആരോഗ്യവിഭാഗം ഓഗസ്റ്റ് 24-ന് സ്ഥല പരിശോധന നടത്തിയെന്നും പ്രാഥമിക പരിശോധനയില്‍ തന്നെ പാതയോരത്തോട് ചേര്‍ന്ന് നടപ്പാതയില്‍ യാത്രാതടസം ഉണ്ടാക്കുന്ന രീതിയില്‍ നിര്‍മ്മാണം നടത്തിയതായി കണ്ടെത്തിയെന്നും പറയുന്നു. ഇതുസംബന്ധിച്ച് തുടര്‍പരിശോധനകള്‍ക്കായി പരാതി നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് ശുപാര്‍ശ ചെയ്‌തെന്നും വിവരാവകാശരേഖയില്‍ പറയുന്നു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും ഇതിന്‍മേല്‍ യാതൊരു നടപടിയും ഉണ്ടായില്ലന്ന് ജോയി കളരിക്കല്‍ പറഞ്ഞു. ഗുരുതരമായ നിയമലംഘനം കണ്ടിട്ടും നടപടി സ്വീകരിക്കാത്തതെന്തെന്ന് വിശദീകരിക്കാന്‍ അധികാരികള്‍ക്ക് കഴിയുന്നുമില്ല. നിയമലംഘനം കണ്ടിട്ടും നടപടി സ്വീകരിക്കാത്ത മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ നിലപാടില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 10 ന് അനധികൃത നിര്‍മ്മാണമുള്ള സ്ഥലത്ത് ഒറ്റയാള്‍ സമരം നടത്തുമെന്ന് ജോയി കളരിക്കല്‍ പറഞ്ഞു. സമാന ചിന്താഗതിയുള്ള മറ്റുള്ളവരും സമരത്തെ പിന്തുണയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും ജോയി കളരിക്കല്‍ പറഞ്ഞു.