എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ദൃശ്യങ്ങളില്‍ പി പി ദിവ്യ വേദിയിലേക്ക് കടന്നുവരുന്നതും നവീൻ ബാബുവും ദിവ്യയും തമ്മില്‍ പരസ്പരം ചിരിച്ചുകൊണ്ട് അഭിസംബോധന ചെയ്യുന്നതും വ്യക്തമാണ്.കണ്ണൂരിലെ ഒരു പ്രാദേശിക ചാനലിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ചടങ്ങ് നടന്നുകൊണ്ടിരിക്കെയാണ് പി പി ദിവ്യ വരുന്നത്. ദിവ്യയെ കണ്ടയുടനെ നവീൻ ബാബു ചിരിച്ചുകൊണ്ട് എഴുന്നേറ്റ് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇത് കണ്ട് ദിവ്യയും ചിരിക്കുന്നുണ്ട്. പിന്നീട് ചെയറില്‍ ഇരുന്ന ശേഷവും ഇരുവരും തമ്മില്‍ പുഞ്ചിരി കൈമാറുന്നുണ്ട്.
അതേസമയം, കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് സിപിഐഎം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്താനാണ് പാർട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയില്‍ ദിവ്യയെ ഉള്‍പ്പെടുത്താതിരിക്കാനാണ് തീരുമാനം. നടപടി പ്രത്യക്ഷത്തില്‍ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പില്‍ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
മാത്രമല്ല, നവീൻ ബാബുവിന്റെ മരണത്തില്‍ റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് മന്ത്രി കെ രാജന് ഇന്ന് കൈമാറും. കഴിഞ്ഞ ദിവസം ലാൻറ് റവന്യൂ ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് കൈമാറിയിരുന്നു. എൻഒസി നല്‍കുന്നതില്‍ നവീൻ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്.

















