എഡിഎം നവീൻ ബാബുവിൻ്റെ മരണത്തില്‍ കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. നവീൻ ബാബു ഒരു കുറ്റവും ചെയ്തിട്ടില്ല, താൻ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ലാൻഡ് റവന്യൂ കമ്മീഷണർ നല്‍കിയ റിപ്പോർട്ടാണ് സത്യം. നവീൻ ബാബുവിന് എതിരെ ഒരു പരാതിയും ഇല്ലെന്നും കളക്ടർ പരാതി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കളക്ടറുടെ പുതിയ മൊഴി അവിശ്വസനീയമാണ്. രേഖകളില്‍ കൃത്യമായി എല്ലാം പറയുന്നുണ്ട്, അതാണ് സത്യം. അത് ഞാൻ ഒപ്പിട്ടതാണ്. നവീൻ ബാബുവിന്റെ മരണത്തില്‍ മുൻ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കെ രാജൻ പറഞ്ഞു. മന്ത്രിയുടെ നിലപാട് കൂടി പുറത്തുവന്നതോടെ കളക്ടർ സിപിഎമ്മിനും പി പി ദിവ്യക്കും വേണ്ടി കള്ളം പറയുകയാണ് എന്ന സംശയവും ഉയരുന്നുണ്ട്. അങ്ങനെയെങ്കിൽ അപമാനഭാരം താങ്ങാനാവാതെ ജീവനൊടുക്കിയ ഒരു വ്യക്തിയോട് ചെയ്യുന്ന വലിയ ക്രൂരതയായിരിക്കും അത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം തെറ്റ് പറ്റിയതായി നവീൻ ബാബു പറഞ്ഞതായുള്ള കളക്ടർ അരുണ്‍ കെ വിജയന്റെ മൊഴി പുറത്ത് വന്നിരുന്നു. നവീൻ ബാബു പറഞ്ഞ കാര്യങ്ങള്‍ മന്ത്രി കെ രാജനോട് പറഞ്ഞിരുന്നതായും കളക്ടറുടെ മൊഴിയുണ്ടായിരുന്നു. യാത്രയയപ്പിനെക്കുറിച്ചും എഡിഎം പറഞ്ഞ കാര്യങ്ങളെക്കുറിച്ചും മന്ത്രി കെ രാജനോട് പറഞ്ഞുവെന്നാണ് കളക്ടർ പുതിയ മൊഴിയില്‍ പറയുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി പറഞ്ഞതായും കളക്ടർ നല്‍കിയ മൊഴിയിലുണ്ട്.

ഇതിനിടെ മൊഴിയില്‍ കെ രാജനെ പ്രതിരോധത്തിലാക്കി കണ്ണൂർ ജില്ലയിലെ സിപിഐ നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. കളക്ടറുടെ മൊഴിയെക്കുറിച്ച്‌ പ്രതികരിക്കേണ്ടത് മന്ത്രിയാണെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ പ്രതികരിച്ചിരുന്നു. മന്ത്രിയും ഉത്തരവാദിത്വപ്പെട്ടവരും മറുപടി പറയുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ മൊഴി അന്വേഷണ സംഘം എടുത്തില്ലല്ലോ ആ മൊഴിയും രേഖപ്പെടുത്തേണ്ടതല്ലേയെന്നായിരുന്നു സിപിഐ കണ്ണൂർ ജില്ലാ കൗണ്‍സില്‍ അംഗം അഡ്വ. അജയകുമാർ പ്രതികരിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക