കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് വേണ്ടി പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എത്തിയിരുന്നില്ല. ഇന്ത്യാ സഖ്യത്തില്‍ പ്രചാരണസമിതിയിൽ ഉള്ളതിനാലാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രചാരണത്തിന് എത്താത്തത് എന്ന് ആക്ഷേപം ഉണ്ടായിരുന്നു. ഈ ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കുറി പ്രിയങ്കയ്ക്ക് എതിരെ വയനാട്ടില്‍ പ്രചാരണത്തിന് ജോസ് കെ.മാണി എത്തുമോ എന്ന ചോദ്യം ഉയര്‍ന്നത്.

പ്രിയങ്ക ഗാന്ധിക്ക് എതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജോസ്.കെ.മാണി ഇറങ്ങുമെന്നു കേരളാ കോൺഗ്രസ് വ്യക്തമാക്കി. വയനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയുണ്ട്. അതിനാല്‍ വയനാട്ടില്‍ പ്രചാരണത്തിന് എത്തും. – ജോസ് കെ.മാണി മാധ്യമങ്ങളോട് പറഞ്ഞു. “വയനാട് മാത്രമല്ല, ഇടതുമുന്നണി നിലപാടിന്റെ ഭാഗമായി പാര്‍ലമെന്റിലും ചിലപ്പോള്‍ വിയോജിക്കേണ്ടി വരുന്നുണ്ട്. എപ്പോഴും ഇടതുപക്ഷത്തിന്റെ നിലപാടാണ് പിന്തുടരുക. അതിനാല്‍ സത്യന്‍ മൊകേരിക്ക് വേണ്ടി പ്രചാരണത്തിന് എത്തും.” – ജോസ് കെ.മാണി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയാണെങ്കിലും സിപിഐയുമായി ഉരസല്‍ നില്‍ക്കുന്നുണ്ട്. സിപിഐയേക്കാള്‍ പ്രാധാന്യം കേരള കോണ്‍ഗ്രസിന് നല്‍കുന്നു എന്നാണ് സിപിഐയുടെ പരാതി. ജോസ് കെ.മാണി വയനാട്ടില്‍ എത്തിയില്ലെങ്കില്‍ അത് മുന്നണിക്കുള്ളിലെ രാഷ്ട്രീയ പ്രശ്നമായി മാറുകയും ചെയ്യുമായിരുന്നു. വയനാട് ഇടതുമുന്നണി പ്രചാരണത്തിന് ജോസ്.കെ.മാണി എത്തിയാല്‍ അത് കേരള കോണ്‍ഗ്രസിന് നേരെയുള്ള വിമര്‍ശനങ്ങളുടെ മുനയൊടിക്കും.

രാഹുല്‍ ഗാന്ധിക്ക് എതിരെ എന്തുകൊണ്ടാണ് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ എത്താതിരുന്നതെന്ന് ചോദ്യം ഉയര്‍ന്നപ്പോള്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ ചുമതല ഉള്ളതിനാലാണ് എത്താതിരുന്നത് എന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചത്. എന്നാല്‍ ഇക്കുറി സാഹചര്യം വ്യത്യസ്തമാണ്. വയനാട് നടക്കുന്നത് ഉപതിരഞ്ഞെടുപ്പാണ്. ജോസ് കെ.മാണി വയനാട് എത്തിയില്ലെങ്കില്‍ ഇടതുമുന്നണിയില്‍ നിന്നും എതിര്‍പ്പ് ഉയരുമായിരുന്നു. ഈ എതിര്‍പ്പ് മുന്‍കൂട്ടി കണ്ടാണ്‌ ജോസ് കെ.മാണിയുടെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക