കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പി.പി ദിവ്യക്കെതിരെ സിപിഎം നടപടി. ജില്ലാ പഞ്ചായത്ത്‌ അധ്യക്ഷ സ്ഥാനത്ത് നിന്ന് ദിവ്യയെ മാറ്റി. പോലീസ് ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് നടപടി.

പൊതുജനങ്ങൾക്കിടയിൽ നിന്നും പാർട്ടിക്കുള്ളിൽ നിന്നും സർവീസ് സംഘടനകളിൽ നിന്നും ഉണ്ടായ കടുത്ത പ്രതിഷേധമാണ് സിപിഎമ്മിനെ ഇപ്പോൾ ഇത്തരം ഒരു നടപടിക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ ദിവ്യയുടെ പ്രസ്താവനയെ തള്ളിയെങ്കിലും ഇവർക്കെതിരെ കേസെടുക്കാനോ, ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റുന്ന കാര്യം പരിഗണിക്കാനോ പാർട്ടി തയ്യാറായിരുന്നില്ല. പാർട്ടിയുടെ പത്തനംതിട്ട ജില്ലാ കമ്മിറ്റി തന്നെ ദിവ്യക്കെതിരെ പരസ്യ നിലപാട് കൈ കൊണ്ടപ്പോഴും കണ്ണൂർ സിപിഎം നേതൃത്വം ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് കൈക്കൊണ്ടത്. എന്നാൽ ഉപതിരഞ്ഞെടുപ്പുകൾ കൂടി പ്രഖ്യാപിച്ചതോടെ പിടിച്ചുനിൽക്കാൻ മറ്റു വഴികൾ ഇല്ലാതെയാണ് സിപിഎം ദിവ്യയെ കൈവിടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവന: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമർശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചത്. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക