റെക്കോർഡ് വേഗതയിൽ സ്ഥാനാർഥിനിർണയം പൂർത്തിയാക്കി ഔദ്യോഗിക പ്രഖ്യാപനവും നടത്തിയാണ് കോൺഗ്രസ് ഉപതെരഞ്ഞെടുപ്പിന് വേണ്ടി കളത്തിൽ ഇറങ്ങുന്നത്. എന്നാൽ പാലക്കാട് സീറ്റിലെ സ്ഥാനാർത്ഥിയെ ചൊല്ലി പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. സരിൻ. 11.45 ന് മാധ്യമങ്ങളെ കണ്ടാണ് അദ്ദേഹം പ്രതികരണങ്ങൾ നടത്തിയത്.

പ്രബല വിഭാഗത്തിന്റെ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങി കൊടുത്തു എന്നതാണ് സരിൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആരോപണം. ഒരു വ്യക്തിയുടെ താല്പര്യങ്ങൾക്ക് അനുസരിച്ചാണ് സ്ഥാനാർത്ഥിനിർണയം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫി പറമ്പിലിന്റെ പേര് പറയാതെ പറയുകയായിരുന്നു സരിൻ. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എഐസിസി അധ്യക്ഷനും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും ഇമെയിൽ അയച്ചിട്ടുണ്ട് എന്നുപറഞ്ഞ് അദ്ദേഹം ഇ-മെയിലിന്റെ പ്രസക്തഭാഗങ്ങൾ പത്രസമ്മേളനത്തിൽ വായിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2021ലെ തിരഞ്ഞെടുപ്പിൽ ഇ ശ്രീധരന്റെ സ്ഥാനാർത്ഥിത്വം ചരിത്രത്തിലാദ്യമായി ബിജെപിക്ക് മണ്ഡലത്തിൽ അമ്പതിനായിരത്തിലധികം വോട്ട് നേടാൻ സഹായകരമായ സാഹചര്യങ്ങളും ഹൈക്കമാഡിന് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടന്ന കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പ്രഹസനമായിരുന്നു എന്ന ഗുരുതര ആരോപണവും സരിൻ ഉന്നയിക്കുന്നുണ്ട്. മാധ്യമങ്ങൾക്ക് മുന്നിൽ ഒന്നു പറയുകയും പിന്നീട് മാധ്യമപ്രവർത്തകരെ മാറ്റിനിർത്തി മറ്റൊന്നു പറയുകയും ചെയ്യുന്ന കോൺഗ്രസ് നേതാക്കളുടെ ശൈലി മാറ്റണമെന്നും അദ്ദേഹം തുറന്നടിച്ചു. പാർട്ടിക്കുള്ളിൽ നിന്നുകൊണ്ട് തെറ്റായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിയെ തിരുത്താനാണ് ശ്രമിക്കുന്നത് എന്നും ഇപ്പോൾ തിരുത്തൽ വരുത്തിയില്ലെങ്കിൽ അടുത്ത പൊതു തിരഞ്ഞെടുപ്പിൽ ഇപ്പോൾ ഹരിയാനയിൽ സംഭവിച്ചത് കേരളത്തിൽ ആവർത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ മാങ്കൂട്ടത്തിലും പരിഹാസം

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാലക്കാട് വിജയ സാധ്യതയുള്ള സ്ഥാനാർത്ഥിയെ അല്ല കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് തന്നെ ബോധ്യം സരിൻ മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചു. ഇൻസ്റ്റാഗ്രാമിൽ റീലിട്ട് ലൈക്ക് കിട്ടിയാൽ അതുകൊണ്ട് അന്ന് ഹിറ്റായി എന്ന് ആരും കരുതരുതെന്നും സരിൻ പരിഹസിച്ചു. പാർട്ടിയുടെ പേരിൽ ജയിലിൽ പോകുന്നതല്ല പാർട്ടിക്ക് വേണ്ടിയുള്ള ത്യാഗം എന്നും പാർട്ടി പ്രവർത്തനമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുഡിവൈഎഫ് നടത്തിയ പ്രക്ഷോഭം അക്രമാസക്തം ആയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടം അടക്കമുള്ള നേതാക്കൾ ജയിലിൽ ആകുകയും ഇന്നലെ ജാമ്യം ലഭിച്ചു പുറത്തിറങ്ങുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക