
എറണാകുളം ഉദയംപേരൂരില്‍ 73 സിപിഐഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഐഎം മുന്‍ ഏരിയ കമ്മിറ്റി അംഗവും മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന എം എല്‍ സുരേഷിന്റെ നേതൃത്വത്തില്‍ എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 73 പാര്‍ട്ടി പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഉദയംപേരൂരില്‍ നടന്ന ചടങ്ങില്‍ വി ഡി സതീശന്‍ ഇവര്‍ക്ക് പ്രാഥമിക അഗത്വം നല്‍കി.
ഇടത് ആശയം കേരളത്തിലെ സിപിഐഎമ്മില്‍നിന്ന് നഷ്ടമായെന്നും ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍പോലും കഴിയാത്ത സര്‍വാധിപത്യത്തിലേക്ക് സിപിഐഎം മാറിയെന്നും എം എല്‍ സുരേഷ്, കെ. മനോജ്, എന്‍.ടി. രാജേന്ദ്രന്‍ എന്നിവര്‍ നേരത്തേ നടന്ന പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇടതുരാഷ്ട്രീയത്തെ ഇന്ന് പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസാണെന്ന തിരിച്ചറിവാണ് തങ്ങളെ കോണ്‍ഗ്രസില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് അവര്‍ പറഞ്ഞു. ആര്‍എസ്‌എസുമായുള്ള ചങ്ങാത്തംപോലും ചോദ്യം ചെയ്യാന്‍ കഴിയാത്ത നിലയിലേക്ക് സിപിഐഎം എത്തി.