പാലാ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കമ്മറ്റിയിൽ എടുത്ത തീരുമാനങ്ങൾ വളച്ചൊടിച്ച് പ്രചരണം നടത്തിയവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ക്രൈസ്തവ മതനേതൃത്വത്തിന്റെ നിർദ്ദേശം അനുസരിച്ച് അവഹേളനത്തിനിരയായ ജൂബിലി കമ്മിറ്റി അംഗങ്ങൾ തന്നെയാണ് പോലീസിൽ പരാതിപ്പെട്ടത്. സാമ്പത്തിക ഞെരുക്കവും, ഞായറാഴ്ച ആചരണവുമായി ബന്ധപ്പെട്ട പ്രായോഗിക തടസ്സങ്ങൾ മൂലമാണ് ചില പരിപാടികളിൽ മാറ്റം വരുത്താൻ ആലോചിച്ചതെന്ന് ഔദ്യോഗിക വിശദീകരണവും ജൂബിലി കമ്മിറ്റിയിൽ നിന്നുണ്ടായിക്കഴിഞ്ഞു. ഇത്തരത്തിൽ പാലായിലെ സാമുദായിക സൗഹാർദ അന്തരീക്ഷത്തിന് വെല്ലുവിളി ഏൽപ്പിക്കാൻ ശ്രമിച്ചവർക്ക് കൃത്യമായ മറുപടി നൽകിയതിന് പിന്നാലെ നിർണായ തീരുമാനങ്ങൾ കൈക്കൊള്ളുവാനും രൂപത നേതൃത്വം തീരുമാനിച്ചതായ റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
ജൂബിലി കമ്മിറ്റിയിലെ പവർ ഗ്രൂപ്പിൻറെ ഏകാധിപത്യം അവസാനിക്കുന്നു; സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തും
ജൂബിലി കമ്മിറ്റി സി വൈ എംഎൽ പോലുള്ള സംഘടനകളെ ചേർത്തുനിർത്തിയാണ് ജൂബിലിയുടെ ഭാഗമായ സാംസ്കാരിക ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഏതാനും വർഷങ്ങളായി കമ്മിറ്റിക്കുള്ളിൽ തന്നെ രൂപപ്പെട്ട ഒരു ‘പവർ ഗ്രൂപ്പ്’ സിവൈഎംഎൽ ഉൾപ്പെടെയുള്ള സംഘടനകളെ പോലും ദുർബലപ്പെടുത്തി ചില ആഘോഷങ്ങൾ സ്വയം സംഘടിപ്പിക്കുന്ന പ്രവണത രൂപപ്പെട്ടുവന്നു എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. കമ്മിറ്റിയിൽ പുതുതായി എത്തിയ ആളുകൾ ഇത്തരം പവർ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ചില പരിപാടികളുമായി ബന്ധപ്പെട്ട സാമ്പത്തിക സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടിയതിനെ ചൊല്ലിയും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരു പരിധിവരെ പുതുമുഖങ്ങൾ ആയവർ ഇത്തരം വിഷയങ്ങൾ ഉയർത്തിയതും ചോദ്യം ചെയ്തതിനും ഉള്ള മറുപടി കൂടിയായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ നടന്ന അവഹേളന/ വ്യാജ വാർത്ത പ്രചരണവും. എന്നാൽ രൂപത നേതൃത്വം ഇടപെട്ടതോടെ ഈ വിഷയങ്ങളിൽ ഒരു ശ്വാശ്വത പരിഹാരം ഉണ്ടാകുകയും ജൂബിലി തിരുനാൾ നടത്തിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക സുതാര്യത ഉറപ്പുവരുത്തുകയും ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളാനുള്ള തീരുമാനമെടുത്തു കഴിഞ്ഞു എന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.
പരിപാടികൾ കൂട്ടുത്തരവാദിത്വത്തോടെ സംഘടിപ്പിക്കും
ചില പരിപാടികളെ കുറിച്ചുള്ള പുനരാലോചന ഉണ്ടായ ഘട്ടത്തിൽ തന്നെ തെറ്റിദ്ധാരണ ജനകമായ മാധ്യമപ്രചരണം ഉണ്ടായതും സഭാ നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ പരിപാടികൾ കൂട്ടുത്തരവാദിത്വത്തോടെ ജൂബിലി കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആവും സംഘടിപ്പിക്കപ്പെടുക എന്ന സൂചനയും പുറത്തു വരുന്നുണ്ട്. എല്ലാത്തിനും മുകളിൽ രൂപത നേതൃത്വത്തിന്റെ കൃത്യമായ മേൽനോട്ടവും ഉണ്ടാവും. ഇത്തരത്തിൽ കൃത്യമായ ഒരു സംവിധാനവും ഏകോപനവും ജൂബിലിയുടെ നടത്തിപ്പിൽ കൊണ്ടുവരാനുള്ള തീരുമാനമാണ് കൈ കൊണ്ടിട്ടുള്ളത്.
ഞായറാഴ്ച ആചരണത്തിൽ വെള്ളം ചേർക്കില്ല
ജൂബിലി പെരുന്നാൾ ആഘോഷിക്കുന്ന ഡിസംബർ എട്ടാം തീയതി ഇത്തവണ ഞായറാഴ്ച ആയതായിരുന്നു സഭാ നേതൃത്വത്തെ ഏറെ അലട്ടിയ ഒരു വിഷയം. ജൂബിലി ആഘോഷങ്ങൾ ഞായറാഴ്ച ആചരണത്തിലെ ആധ്യാത്മിക ചടങ്ങുകൾക്ക് തടസ്സം സൃഷ്ടിക്കരുത് എന്ന വിശ്വാസപരമായ നിർബന്ധ ബുദ്ധി സഭാ നേതൃത്വത്തിനും കമ്മിറ്റിക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പൊതുപരിപാടികൾ ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ ഉണ്ടായി.
എന്നാൽ ഇത്തരം ആലോചനകൾ ചോർത്തിയെടുത്ത് അതിന് മറ്റൊരു നിറം നൽകി പാലായുടെ മതേതര മുഖത്തിന് കളങ്കം ഏൽപ്പിക്കാനാണ് ചില കേന്ദ്രങ്ങൾ ശ്രമിച്ചത്. ഇവർക്കെതിരെ നിയമപരമായി കർശന നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെ തന്നെ ജൂബിലി എന്ന പാലാക്കാരുടെ വികാരത്തെ ഹൃദയത്തോട് ചേർത്തുവച്ച് നിർണായക തീരുമാനങ്ങൾ ഉടൻ എടുക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച ആചരണത്തിന് തടസ്സം വരുത്താതെ സാംസ്കാരിക ഘോഷയാത്രയും, ബൈബിൾ ടാബ്ലോയും ടൂവീലർ ഫാൻസി ഡ്രസ്സും ഉൾപ്പെടെയുള്ള പൊതു പരിപാടികൾ ഡിസംബർ 7 ശനിയാഴ്ച ദിവസം നടത്തുവാൻ രൂപത നേതൃത്വം അനൗപചാരികമായി തീരുമാനമെടുത്തു കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക തീരുമാനം ഉടനടി പ്രഖ്യാപിക്കും എന്നും അറിയാൻ കഴിയുന്നു.
അപവാദപ്രചരണങ്ങൾക്കെതിരെ നിയമ നടപടികൾ കൈക്കൊണ്ടതിനുശേഷം മാത്രം തീരുമാനമെടുക്കുന്നത് ചില തെറ്റായ അവകാശവാദങ്ങൾ ഉയരാതിരിക്കാൻ
‘ബിഗ് ഇംപാക്ട്’, ‘ബിഗ് ബ്രേക്കിംഗ്’, ‘എക്സ്ക്ലൂസീവ്’ തലക്കെട്ടുകളോടെ ജൂബിലി തിരുനാൾ ആഘോഷങ്ങളുടെ ക്രെഡിറ്റ് തട്ടിയെടുക്കുവാൻ ആരും ഒരുമ്പടരുത് എന്ന കൃത്യമായ ലക്ഷ്യത്തോടെ തന്നെയാണ് അപവാദ വ്യാജ പ്രചരണങ്ങൾ നടത്തിയവർക്കെതിരെ നിയമ നടപടികൾ കൈക്കൊണ്ടതിനുശേഷം മാത്രം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നിർണായക തീരുമാനങ്ങൾ എടുക്കാനുള്ള കമ്മിറ്റി കൂടിയാൽ മതി എന്ന തീരുമാനവും സഭാ നേതൃത്വം തന്നെ കൈക്കൊണ്ടതാണ് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. ഭീഷണികൾക്കും മാധ്യമ വിചാരണകൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങി കൊടുക്കില്ല എന്ന കൃത്യമായ സന്ദേശം തന്നെയാണ് ഇതുവഴി നൽകപ്പെടുന്നത്. പാലാ രൂപത എന്നും ഉയർത്തിപ്പിടിച്ചിട്ടുള്ള മതേതര മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് തന്നെയാവും മുന്നോട്ടുപോവുക എന്നും, വിശ്വാസ ആഘോഷകാര്യങ്ങളിൽ അനാവശ്യ സമ്മർദ്ദങ്ങൾ ചെലുത്തി സാമൂഹ്യ വിചാരണയും, വ്യാജപ്രചരണങ്ങളും നടത്തിയാൽ അതിനെതിരെ കർശന നിലപാടുകൾ കൈക്കൊള്ളും എന്നും വ്യക്തമാക്കുന്നതാണ് ഈ തീരുമാനം.

















