പാലായിൽ വിവിധ ജാതി മതവിഭാഗങ്ങൾ ഒത്തൊരുമിച്ച് ആഘോഷിക്കുന്നതാണ് ജൂബിലി തിരുനാൾ. ഇത്തവണത്തെ തിരുനാളിന് സാധാരണ പതിവുണ്ടായിരുന്ന സാംസ്കാരിക ഘോഷയാത്രയും ടൂവീലർ ഫാൻസി ഡ്രസ്സും ഒഴിവാക്കിയിരുന്നു. ആഘോഷങ്ങളുടെ ആവേശം കുറയ്ക്കുന്ന ഈ തീരുമാനത്തിനെതിരെ വിവിധ കോണുകളിൽ നിന്ന് വിമർശനവും ഉയർന്നിരുന്നു. ജൂബിലി തിരുനാൾ കമ്മിറ്റിയിലെ ചില അംഗങ്ങൾ തമ്മിലുള്ള കിടമത്സരമാണ് ഇത്തരം ഒരു തീരുമാനത്തിന് ആധാരം എന്നും വാർത്ത പ്രചരിച്ചിരുന്നു.

എന്നാൽ ഇത്തരം വാർത്തകൾ ജൂബിലി തിരുനാൾ കമ്മിറ്റിയിലെ രണ്ട് വ്യക്തികളെ അധിക്ഷേപിക്കാനും, അവർക്ക് മറ്റ് മതവിഭാഗങ്ങളോട്ട് അസഹിഷ്ണുതയുണ്ട് എന്ന് ബോധപൂർവ്വം പ്രചരിപ്പിക്കുവാനും ഉള്ള അവസരമായി ഈ സാഹചര്യങ്ങളെ മാറ്റിയെടുക്കുന്ന സ്ഥിതിവിശേഷമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. യഥാർത്ഥത്തിൽ ജൂബിലി കമ്മിറ്റിയുടെ അംഗസംഖ്യ 20ൽ അധികം ആണ്. ചില ആഘോഷ പരിപാടികൾ മാറ്റിവെക്കുവാൻ കമ്മിറ്റി തീരുമാനമെടുക്കുമ്പോൾ അതിനെ സ്വാധീനിക്കുവാൻ കേവലം രണ്ട് അംഗങ്ങൾക്ക് കഴിയുകയില്ല എന്ന യാഥാർത്ഥ്യം ബോധപൂർവ്വം മറച്ചുവെച്ച് വ്യാജവാർത്തകൾ സൃഷ്ടിക്കപ്പെടുകയാണ് ഉണ്ടായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യഥാർത്ഥത്തിൽ സംഭവിച്ചത്

ജൂബിലി തിരുനാളിനോട് അനുബന്ധിച്ച് ആഘോഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യുവാൻ കമ്മിറ്റി കൂടിയപ്പോൾ സാംസ്കാരിക ഘോഷയാത്രയുടെ ചെലവുകൾ ഇപ്പോഴത്തെ സാഹചര്യത്തിൽ താങ്ങാനാവുന്നതിലും അപ്പുറമാണ് എന്ന ചിന്ത ഒരു അംഗം പങ്കുവെച്ചിരുന്നു. മറ്റൊരാൾ പറഞ്ഞത് ബൈബിൾ ടാബ്ലോയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകണമെന്ന് അഭിപ്രായമാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചില തൽപരകക്ഷികൾ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയും സി വൈ എം എൽ നടത്തിപ്പോന്നിരുന്ന ടൂവീലർ ഫാൻസി ഡ്രസ്സും ഉപേക്ഷിക്കണം എന്ന് നിർബന്ധം പിടിക്കുകയും ചെയ്തു.

ഇത്തരം നിരവധി അഭിപ്രായപ്രകടനങ്ങൾ വിലയിരുത്തുകയും ഞായറാഴ്ചയായതിനാൽ വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങൾ ക്രൈസ്തവർക്കുള്ളത് കൂടി കണക്കിലെടുത്തും, കുരിശുപള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിലവിൽ ഉണ്ടായിരിക്കുന്ന ചെലവുകൾ കണക്കിലെടുത്തും ആഘോഷ പരിപാടികളിൽ കുറവ് വരുത്തുവാൻ കമ്മിറ്റി തീരുമാനമെടുക്കുകയാണ് ഉണ്ടായത്. പൊതു സമൂഹത്തിൽ ഇതുമായി ബന്ധപ്പെട്ട ചില ആശങ്കകൾ ഉയർന്നു വന്നതോടെ തുടർ കമ്മിറ്റികൾ കൂടുകയും വിഷയത്തിൽ വ്യക്തത വരുത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു.

പ്രധാന തിരുനാൾ ദിവസമായ ഡിസംബർ എട്ടാം തീയതി ഞായറാഴ്ച ആയതിനാൽ ക്രൈസ്തവ വിശ്വാസം അനുസരിച്ച് നിർബന്ധമായിട്ടുള്ള ഞായറാഴ്ച ആചരണങ്ങൾക്ക് വിപുലമായ പരിപാടികൾ തടസ്സം സൃഷ്ടിക്കും എന്നുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും, ഇത്തരം പരിപാടികൾക്ക് വേണ്ടിവരുന്ന സാമ്പത്തിക ബാധ്യത നിലവിലെ സാഹചര്യത്തിൽ താങ്ങാവുന്നതിന് അപ്പുറമാണ് എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന തീരുമാനങ്ങൾ എന്ന് സഭാ നേതൃത്വം കൂടി അറിഞ്ഞുകൊണ്ട് കൃത്യമായ വിശദീകരണം നൽകുകയും ചെയ്യപ്പെട്ടിട്ടുള്ളതാണ്.

ഈ വിശദീകരണങ്ങൾ പുറത്തുവന്നിട്ടും ഹിന്ദു ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ മതസ്പർദ്ധയും സാമുദായിക സംഘർഷവും സൃഷ്ടിക്കുവാൻ ബോധപൂർവ്വം ചെയ്യുന്നത് എന്നതുപോലെ കുരിശുപള്ളി കമ്മിറ്റിയിലെ 2 അംഗങ്ങളെ ലക്ഷ്യമിട്ട് വ്യാപകമായ വ്യാജവാർത്തകൾ ആണ് പാലാകേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിൽ നിരന്തരം പ്രസിദ്ധീകരിക്കപ്പെടുന്നത്. മുമ്പ് പാലായിലെ ഒരു പ്രമുഖ അമ്പലത്തിനെതിരെ വ്യാജ വാർത്ത സൃഷ്ടിച്ച ചരിത്രവും ഈ ന്യൂസ് പോർട്ടലിന് ഉണ്ട് എന്നതും ഈ സാഹചര്യത്തിൽ ചർച്ചയാകുന്നുണ്ട്. എന്നാൽ രണ്ടു വ്യക്തികൾക്കപ്പുറം സഭയെയും സഭാ നേതൃത്വത്തെയും തന്നെ അവഹേളിക്കുന്ന നിലയിൽ വിശദീകരണത്തിനു ശേഷവും വാർത്തകളുടെ ഒരു കുത്തൊഴുക്കാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

നീക്കം സഭക്കെതിരെയോ?

ചില വ്യക്തികളെ അപകീർത്തിപ്പെടുത്തുവാനും, പാലായിലെ ക്രൈസ്തവ സഭയുടെ മതേതര നിലപാടുകൾക്ക് മേൽ കളങ്കം ചാർത്തുവാനും, ഇടയിലൂടെ ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ കുത്തിത്തിരുകുവാനും ഈ വാർത്തകൾ കാരണമാകുന്നുണ്ട്. ഏതാനും വ്യക്തികളെ ലക്ഷ്യമിട്ട് നടത്തുന്ന അപവാദ പ്രചരണം എന്ന നിലയിൽ ആരംഭിച്ച കാര്യങ്ങൾ ഇപ്പോൾ സഭയെയും ക്രൈസ്തവ കത്തോലിക്ക നേതൃത്വത്തെയും അവഹേളിക്കുന്ന തലത്തിലേക്ക് വളർന്നിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. പാലാ പിതാവിനുള്ള തുറന്ന കത്ത് എന്ന പേരിൽ പ്രചരിച്ച വാട്സ്ആപ്പ് സന്ദേശം ഉൾപ്പെടെ ഈ മാധ്യമത്തിൽ മുഴുവനായി പ്രസിദ്ധീകരിക്കുകയും അതിന് ആധികാരികത സൃഷ്ടിച്ചെടുക്കാൻ നടന്നിട്ടുള്ള ശ്രമങ്ങളും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

പാലായിലെ പൊതുസമൂഹം വിപുലമായ ആഘോഷങ്ങൾ ആഗ്രഹിച്ചിരുന്നു. അത് നഷ്ടമായതിൽ അവർ അല്പം നിരാശരുമാണ്. എന്നാൽ ഇത്തരം ആഘോഷങ്ങൾ വേണ്ടെന്നു വയ്ക്കാനുള്ള കാര്യകാരണസഹിതം കൃത്യമായ വിശദീകരണം പുറത്തുവന്നിട്ടും വിഷയം ആളിക്കത്തിക്കുവാനും മതസ്പർദ്ധ സൃഷ്ടിക്കുവാനും, കമ്മിറ്റിയിൽ ചില അഭിപ്രായങ്ങൾ പറഞ്ഞവരുടെ രാഷ്ട്രീയത്തെ ഇതിലേക്ക് വലിച്ചിഴച്ച് അവരെ ചാപ്പ കുത്തുവാനും നടത്തുന്ന നീക്കങ്ങൾക്ക് പിന്നിൽ മാധ്യമ സ്ഥാപനത്തിൻറെ ഉടമയ്ക്ക് അപ്പുറം മറ്റാരുടെയെങ്കിലും ശക്തമായ ഇടപെടൽ ഉണ്ടോ എന്നതുകൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തേണ്ട വിഷയമാണ്.

സൈബർ നിയമങ്ങൾ പ്രകാരമുള്ള നടപടി ആവശ്യപ്പെട്ട് പരാതി

ഇപ്പോൾ നടക്കുന്ന വ്യാജവാർത്തകൾക്കും, ഓൺലൈൻ മാധ്യമ പ്രചരണത്തിനെതിരെ പോലീസിൽ പരാതി നൽകുമെന്ന് ജൂബിലി കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അപവാദ പ്രചാരണങ്ങൾക്ക് ഇരയായ കമ്മിറ്റിയിലെ ഒരംഗം വ്യക്തിപരമായ പരാതി നൽകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. അത്രമേൽ നിന്ദ്യമായ വ്യാജ പ്രചരണങ്ങളാണ് ഇദ്ദേഹത്തിനെതിരെ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിട്ടുള്ളത്. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും, ബിസിനസിനെയും, മതവിശ്വാസത്തെയും അടക്കം കളങ്കിതമാക്കുന്ന തരത്തിലായിരുന്നു പ്രചാരണങ്ങൾ. തനിക്ക് ചുറ്റുമുള്ള സമൂഹത്തിൽ ഉണ്ടാകുന്ന നിരവധി അനവധി ആയ ആവശ്യങ്ങൾ നിറവേറ്റുന്നതിന് മുന്നിട്ടിറങ്ങുന്ന ഒരു വ്യക്തിയെ കടന്നാക്രമിക്കുകയും അയാളുടെ സാമൂഹ്യബോധത്തെ ചവിട്ടി തേച്ച് ആത്മവിശ്വാസം കെടുത്തുകയും ചെയ്യുന്ന തരത്തിൽ നടന്ന നെറികെട്ട പ്രചരണങ്ങൾക്കെതിരെ കൃത്യമായ അന്വേഷണം നടത്തേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക