വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും തട്ടുകടകളും രോഗങ്ങൾ പടർത്തുന്നതിൽ മുൻനിരയിലാണ്. എന്തെങ്കിലും അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ചില നടപടികൾ എടുക്കും എന്നല്ലാതെ കാര്യക്ഷമമായ തിരുത്തൽ നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവാറില്ല. അതുകൊണ്ടുതന്നെ ഇതിൻറെ പ്രത്യാഘാതങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
പാലാ നഗരസഭാ പരിധിക്ക് ഉള്ളിൽ നഗരസഭ ഉടമസ്ഥതയിലുള്ള കൊട്ടാരമറ്റം പ്രൈവറ്റ് ബസ്റ്റാൻഡ് രാത്രികാലങ്ങളിൽ കയ്യേറി തട്ടുകട നടത്തുന്നവരുടെ അതിക്രമമാണ് ഈ വാർത്തയുടെ ആധാരം. സ്റ്റാൻഡ് കയ്യേറി തട്ടുകട നടത്തുന്നു എന്നതല്ല പ്രശ്നം മറിച്ച് ഇവിടുന്നുള്ള മലിന ജലം യാതൊരു ഒളിവും, മറയുമില്ലാതെ പൊതുവഴിയിലേക്കാണ് ഒഴുക്കുന്നത്. ഇത് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സഹിതം പുറത്തുവന്നിട്ടും കാര്യക്ഷമമായ ഇടപെടൽ നടത്താനോ നടപടി എടുക്കുവാനോ ആരോഗ്യവകുപ്പോ, പാലാ നഗരസഭാ ഭരണകൂടമോ തയ്യാറാകുന്നില്ല എന്നതാണ് ഏറെ ദുഃഖകരം.
രാജ്യത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ; പാലായിൽ തട്ടുകടയിലെ മലിനജലം പൊതുനിരത്തിലേയ്ക്ക്….രാജ്യത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ; പാലായിൽ തട്ടുകടയിലെ മലിനജലം പരസ്യമായി പൊതുനിരത്തിലേയ്ക്ക്. നഗരസഭാ ബസ് ടെർമിനലിനുള്ളിലുള്ള തട്ടുകടയിലെ മലിനജലമാണ് വാഷ് ബെയ്സൺ വഴി റോഡിലേയ്ക്ക് ഒഴുക്കുന്നത്. പാലാ കൊട്ടാരമറ്റത്ത് നഗരസഭാ ബസ് ടെർമിനലിനുള്ളിൽ പ്രവർത്തിപ്പിക്കുന്ന തട്ടുകടയിലെ മലിനജലമാണ് റോഡിലൊഴുക്കി തട്ടുകടക്കാർ പാലായുടെ മുഖം വികൃതമാക്കിയത്.
Posted by PALA TIMES on Wednesday, October 2, 2024
ഗാന്ധിജയന്തി ദിനത്തിൽ രാഷ്ട്രീയനേതാക്കളും സാമൂഹ്യ നേതാക്കളും അടക്കം സകലയാളുകളും ശുചീകരണ യജ്ഞവുമായി മുന്നിട്ടിറങ്ങുമ്പോഴാണ് നഗ്നമായ ഈ നിയമലംഘനം നടക്കുന്നത് എന്നത് ഏറ്റവും ഗൗരവകരമായ വിഷയമാണ്. പലപ്പോഴും ഇത്തരം തട്ടുകടകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് വൻ ലോബികൾ ആയതിനാലും, അധികൃതരെ ഇവർ വേണ്ടതുപോലെ കാണുന്നതിനാലും നടപടികൾ ഉണ്ടാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പാലായിലെ സാമൂഹ്യ പ്രവർത്തകനായ ശ്രീ എബി ജെ ജോസ് ആണ് തന്റെ ഓൺലൈൻ വാർത്താ ചാനലിലൂടെ ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

















