തിരുവനന്തപുരം കാഞ്ഞിരംകുളത്ത് വാഹനം ഈടായിവാങ്ങി പണം പലിശയ്ക്കു നല്‍കുന്ന ആള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കാഞ്ഞിരംകുളം കഴിവൂർ കൊറ്റം പഴിഞ്ഞിയില്‍ അതുല്‍ ഭവനില്‍ അതുല്‍ ദേവിനെതിരേയാണ് പൊലീസ് കേസെടുത്തത്. വാഹനം ഈടായിവാങ്ങി പണം നല്‍കിയശേഷം അമിത പലിശ ഈടാക്കുന്നതായാണ് ഇയാള്‍ക്കെതിരായ പരാതി. ഇത്തരത്തില്‍ സ്വന്തമാക്കി വീട്ടുവളപ്പില്‍ സൂക്ഷിച്ചിരുന്ന 47 ഇരുചക്ര വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെത്തുടർന്നായിരുന്നു പൊലീസിന്റെ പരിശോധന.
വാഹനങ്ങള്‍ സെക്കൻഡ് ഹാൻഡ് വില്‍പനയ്ക്കായി എത്തിച്ചതാണെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ രേഖകള്‍ ഹാജരാക്കാൻ പറഞ്ഞെങ്കിലും വാഹനങ്ങള്‍ രഹസ്യമായി കടത്തിക്കൊണ്ട് പോകാനുള്ള ശ്രമം നടത്തി. ഉടമകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിന്റെ ആർസി ബുക്ക് ഉള്‍പ്പെടെ പണയമായി വാങ്ങിയശേഷം പണം കടംകൊടുത്തിരുന്നതായി പൊലീസ് കണ്ടെത്തിയത്.
വാഹന ഉടമകള്‍ക്ക് കൊടുത്ത പണത്തിന് അമിത പലിശ വാങ്ങിയിരുന്നതായുള്ള വാഹന ഉടമകളുടെ പരാതിയില്‍ അതുല്‍ദേവിനെതിരേ നാലു കേസുകള്‍ രജിസ്റ്റർ ചെയ്തു. പിടികൂടിയ വാഹനങ്ങള്‍ കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. വാഹനങ്ങളുടെ ആർസി ഉടമകളെ കണ്ടത്തി തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

















