ഗുരുഗ്രാമില്‍വെച്ച് ലൈംഗികാതിക്രമം നേരിട്ടതായി മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതിയുടെ പരാതി. ടാക്സിക്കായി കാത്തിരിക്കുമ്ബോള്‍ അടുത്തെത്തിയ ഒരാള്‍ തന്റെ അടുത്തുനിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തതായി സോണി സിങ് എന്ന യുവതി പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച ഒരു വീഡിയോയും ഇവർ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് രണ്ടാം തീയതി രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ജയ്പുരില്‍നിന്ന് മടങ്ങവെ രാജീവ് ചൗക്കിലെത്തിയ സോണി അവിടെനിന്ന് വീട്ടിലേക്കെത്താൻ ടാക്സി ബുക്ക് ചെയ്ത് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയത്താണ് ഒരാള്‍ യുവതിയുടെ അടുത്തേക്കെത്തുന്നത്. ”അയാള്‍ എനിക്കു ചുറ്റും നടന്നുകൊണ്ടിരുന്നു. എന്നെ നിരന്തരം തുറിച്ചുനോക്കുന്നുമുണ്ടായിരുന്നു. ആദ്യം ഞാൻ അത് അവഗണിച്ചു. പക്ഷേ, പിന്നീട് അയാള്‍ പാന്റിന്റെ സിബ്ബ് അഴിച്ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ എന്നെ നോക്കി അയാള്‍ സ്വയംഭോഗം ചെയ്യാൻ തുടങ്ങ”, സോണി സിങ് പറഞ്ഞു.
After a woman shared her horrific experience in Gurugram, the police registered an FIR. pic.twitter.com/ezvPA94E3a
— Brut India (@BrutIndia) August 7, 2025
ഇയാളുടെ പ്രവൃത്തി സോണി ഫോണില്‍ പകർത്തി. ഈ സമയം പോലീസിനെയും വനിതാ ഹെല്‍പ്പ് ലൈനിനെയും വിളിച്ചെങ്കിലും ഒരു പ്രതികരണവും ലഭിച്ചില്ലെന്നും യുവതി വ്യക്തമാക്കി. ബുക്ക് ചെയ്ത ടാക്സിയുടെ ഡ്രൈവറെ വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ മറ്റൊരു വാഹനത്തിലാണ് യുവതി വീട്ടിലെത്തിയത്.
പിന്നാലെ സോണി സിങ് തന്റെ ദുരനുഭവം വെളിപ്പെടുത്തി ഈ ദൃശ്യങ്ങള്‍ അടങ്ങുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട് രണ്ടു ദിവസങ്ങള്‍ക്ക് ശേഷമാണ് ഗുരുഗ്രാം പോലീസ് യുവതിയെ ബന്ധപ്പെടുന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് സ്റ്റേഷനില്‍ എത്താൻ ആവശ്യപ്പെട്ടെന്നും സോണി വെളിപ്പെടുത്തി.
”എനിക്ക് വെറുപ്പും സുരക്ഷിതത്വമില്ലായ്മയും നിസ്സഹായതയും തോന്നി. പകല്‍ സമയത്തും സ്ത്രീകള്‍ പൊതുസ്ഥലത്ത് സുരക്ഷിതരല്ലാത്തത് എന്തുകൊണ്ടാണ്? ഇത്തരം വൃത്തികേടുകള്‍ക്കെതിരേ കർശന നടപടി ആവശ്യമാണ്. പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായിരിക്കണം”, സോണി സിങ് വ്യക്തമാക്കി.കുറ്റവാളിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

















