രമേശ് ചെന്നിത്തലയ്ക്ക് സംഘിപ്പട്ടം ചാർത്തി കൊടുക്കാൻ സിപിഎം നടത്തിയിട്ടുള്ള ശ്രമങ്ങൾ ചെറുതല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മാതൃകായോഗ്യമായ പ്രവർത്തനം നടത്തിയിട്ടും, സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വേണ്ടി സർക്കാരിന് ക്രിയാത്മക പിന്തുണ നൽകിയിട്ടും ആ മര്യാദ ഒന്നും അദ്ദേഹത്തിനോട് സിപിഎമ്മോ, പിണറായി വിജയനോ തിരികെ കാട്ടിയില്ല. വ്യാജപ്രചരണങ്ങൾ അഴിച്ചുവിട്ട് സംഘപരിവാർ ഏജന്റ് ആയി രമേശ് ചെന്നിത്തലയെ ചാപ്പ കുത്താൻ സിപിഎം സൈബർ സന്നാഹങ്ങൾ നടത്തിയത് ആസൂത്രിത ശ്രമങ്ങൾ ആയിരുന്നു. ഒരു പരിധിവരെ പ്രതിപക്ഷ നേതൃസ്ഥാനത്ത് അദ്ദേഹത്തിന് തുടർച്ച ലഭിക്കാതെ പോയതും ഇത്തരം ചില കാരണങ്ങൾ കൊണ്ട് കൂടിയാണ്.
രമേശ് ചെന്നിത്തലയെ സംഘിയാക്കാൻ നടന്ന പിണറായി വിജയൻ ഇപ്പോൾ സംഘപരിവാർ ഏജൻറ് ആണോ എന്ന് സംശയിക്കത്തക്ക വിധത്തിലുള്ള തെളിവുകൾ നിരന്തരമായി പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ പിണറായി വിജയനെ കടന്നാക്രമിച്ചുകൊണ്ട് രമേശ് ചെന്നിത്തല ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിക്ക് വേണ്ടി ഇടപെടൽ നടത്തുന്ന പി ആർ ഏജൻസി ബിജെപി/സംഘപരിവാർ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ളതാണ് എന്ന ഗുരുതരമായ ആരോപണമാണ് ചെന്നിത്തല ഉയർത്തിയിരിക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കുന്ന പി.ആര്‍ ഏജന്‍സി എങ്ങനെ പിണറായി വിജയന്റെ ഓഫീസിനകത്തു കടന്നു കൂടി എന്ന ചോദ്യമാണ് രമേശ് ചെന്നിത്തല ഉയർത്തുന്നത്. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശാനുസരമാണ് പിണറായി വിജയന്‍ ഈ ഏജന്‍സിയെ നിയോഗിച്ചിരിക്കുന്നത് എന്നും മുഖ്യമന്ത്രി ജനങ്ങളോട് പറയുന്ന വാചകങ്ങളും വാക്കുകളും വരെ ഈ ഏജന്‍സിയാണ് നിശ്ചയിക്കുന്നത് എന്നും മുതിർന്ന കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
മലപ്പുറത്തെയും ന്യൂനപക്ഷ സമുദായത്തെയും താറടിച്ചു കാണിക്കുക എന്നത് ബിജെപിയുടെ അജണ്ടയാണ്. ആ അജണ്ടയാണ് ഇപ്പോള്‍ പിണറായി വിജയന്റെ ‘ഹിന്ദു’ പത്രത്തില്‍ വന്ന അഭിമുഖത്തിലൂടെ സംഘ് പരിവാര്‍ നിര്‍വഹിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിആര്‍ ഏജന്‍സിയെ നിയമിച്ചു എന്ന വെറുമൊരു വിഷയമല്ല, മറിച്ച് ബിജെപി നേതൃത്വം നിര്‍ദേശിച്ച പി ആര്‍ ഏജന്‍സിയെ കേരളത്തിലെ സിപിഎം മുഖ്യമന്ത്രി നിയോഗിച്ചു എന്നതാണ് പ്രധാനം. ഈ ഏജന്‍സി മുഖ്യമന്ത്രിക്കു വേണ്ടി മാധ്യമഅഭിമുഖങ്ങള്‍ സൃഷ്ടിച്ച് മുഖ്യമന്ത്രിയുടെ അറിവോടു കൂടി തന്നെ സംഘ് പരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത എന്നും രമേശ് ചെന്നിത്തല ആരോപിക്കുമ്പോൾ പിണറായി വിജയന്റെ അവശേഷിക്കുന്ന വിശ്വാസ്യത കൂടി നഷ്ടപ്പെടുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
ചെന്നിത്തലയുടെ സർജിക്കൽ സ്ട്രൈക്ക്
പ്രതിപക്ഷ നിരയിലെ മറ്റു പ്രമുഖർ മുഖ്യമന്ത്രിക്ക് പിആർ ഏജൻസി ഉണ്ട് എന്ന വിഷയം ഏറ്റുപിടിച്ചപ്പോൾ അതേ പി ആർ ഏജൻസിയുടെ സംഘപരിവാർ ബാന്ധവമാണ് രമേശ് ചെന്നിത്തല ഉയർത്തിക്കാട്ടിയത്. തൃശ്ശൂർ പൂരം കലക്കൽ, എഡിജിപി – ആർഎസ്എസ് നേതാക്കളുടെ കൂടിക്കാഴ്ച എന്നീ വിഷയങ്ങളുടെ പശ്ചാത്തലത്തിൽ ചെന്നിത്തല ഉയർത്തിയ ആരോപണം മുഖ്യമന്ത്രിക്കും സിപിഎമ്മിനും സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. പ്രത്യേകിച്ച് പകൽപോലെ തെളിഞ്ഞ തെളിവുകൾ ഉണ്ടായിട്ടും മകളുടെ മാസപ്പടി കേസിൽ അടക്കം കേന്ദ്ര ഏജൻസികൾ പിണറായിയോട് കാട്ടുന്ന മൃദു സമീപനവുമായി ചേർത്ത് വായിക്കുമ്പോൾ പിണറായി വിജയനും ആർഎസ്എസും തമ്മിൽ ധാരണയുണ്ടായിട്ടുണ്ട് എന്ന് സ്വാഭാവികമായും സംശയിക്കേണ്ടിയിരിക്കുന്നു.
കാലം കാത്തുവെച്ച കാവ്യനീതി എന്നത് പോലെയാണ് ചെന്നിത്തലയുടെ ഈ തിരിച്ചടി. കോൺഗ്രസിന് ഒപ്പം എല്ലാകാലത്തും അടിയുറച്ചു നിന്ന നേതാവിനെ സിപിഎം സംഘിയായി ചാപ്പ കുത്തിയപ്പോൾ പാർട്ടിക്കുള്ളിൽ നിന്നുപോലും അദ്ദേഹത്തിന് വേണ്ടത്ര പ്രതിരോധം സൃഷ്ടിക്കപ്പെട്ടിരുന്നില്ല. എഐസിസി പുനഃസംഘടനയിലും വേണ്ടത്ര പരിഗണന ലഭിക്കാതെ ചെന്നിത്തല അവഗണിക്കപ്പെടുകയായിരുന്നു. ഇതിലെല്ലാം ഉള്ള തന്റെ ദുഃഖം പലപ്പോഴും മറച്ചു വെച്ചിട്ടില്ലെങ്കിലും കോൺഗ്രസിനോടും ഗാന്ധി കുടുംബത്തോടും ഉള്ള അദ്ദേഹത്തിന്റെ കൂറ് അചഞ്ചലമായിരുന്നു. ഇപ്പോൾ നിർണായക ഘട്ടത്തിൽ നിർണായക വെളിപ്പെടുത്തലുമായി അക്ഷരാർത്ഥത്തിൽ ചെന്നിത്തല സർജിക്കൽ സ്ട്രൈക്ക് ആണ് നടത്തിയിരിക്കുന്നത്. ഈ രാഷ്ട്രീയ തന്ത്രജ്ഞത വേണ്ടതുപോലെ സംസ്ഥാന രാഷ്ട്രീയത്തിൽ ഉപയോഗിക്കുവാൻ കോൺഗ്രസ് ദേശീയ സംസ്ഥാന നേതൃത്വം തയ്യാറാവുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്.

















