പാലാ കുരിശുപള്ളി കവലയിൽ മീനച്ചിൽ ഹെറിറ്റേജ് കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പായസമേളയിലേക്ക് പതിവ് തെറ്റിക്കാതെ ഈ വർഷവും മാവേലി ആശംസകളും ആയി എത്തി. അനാഥരുടെയും, ആലംബഹീനരുടെയും അത്താണിയും, പാലാക്കാരുടെ പ്രിയങ്കരനുമായ മരിയ സദനം സന്തോഷ് ആണ് മഹാബലിയുടെ വേഷത്തിൽ പായസ സ്റ്റാളിൽ എത്തിയത്. അദ്ദേഹത്തെ പായസ മേളയുടെ പ്രധാന സംഘാടകനും മീനച്ചിൽ ഹെറിറ്റേജ് കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റുമായ അഡ്വക്കേറ്റ് സന്തോഷ് മണർകാടും മറ്റ് ഭാരവാഹികളും ചേർന്നാണ് സ്വീകരിച്ചത്. പായസം വാങ്ങാൻ എത്തിയവർക്കും സ്റ്റാളിലെ മാവേലിയുടെ സാന്നിധ്യം വലിയ കൗതുകമായി മാറി.
മിനച്ചിൽ കൾച്ചറൽ ഹെറിറ്റേജ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് പായസമേളയാണ് കുരിശുപള്ളി കവലയിൽ നടക്കുന്നത്. ഈ വർഷത്തെ പായസമേള ഉദ്ഘാടനം ചെയ്തത് പാലാ എംഎൽഎ ശ്രീ മാണി സി കാപ്പനാണ്. തിരുവോണ ദിനം വരെ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 8 മണി വരെയാണ് പായസമേള സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധയിനം പായസങ്ങൾ കൂടാതെ ചിപ്സ്, ശർക്കര വരട്ടി, അച്ചാറുകൾ ഓണക്കിറ്റുകൾ മുതലായവയും സ്റ്റാളിൽ വില്പനയ്ക്ക് ഒരുക്കിയിട്ടുണ്ട്. ഈ വർഷത്തെ ലാഭവിഹിതത്തിൽ നിന്ന് വയനാടിന് വേണ്ടി സംഭാവന നൽകുമെന്നാണ് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചിട്ടുള്ളത്.
ബൾക്കായി ഓർഡർ കൊടുത്താൽ പായസം ഡെലിവർ ചെയ്യുന്ന സൗകര്യവും ഇവർ ഒരുക്കിയിട്ടുണ്ട്. ഇതുകൂടാതെ വലിയ ഓർഡറുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യപ്പെടുന്നു. പായസം ബുക്ക് ചെയ്യാനായി ചുവടെയുള്ള നമ്പരിൽ ബന്ധപ്പെടാം: 944732424


















