കോടതിയില്‍ കേസ് നിലനില്‍ക്കുന്ന കെട്ടിടം അടിച്ചു തകര്‍ത്തത് പരിശോധിക്കാനെത്തിയ വാദിഭാഗം അഭിഭാഷകന് നേരെ എതിര്‍കക്ഷിയുടെ ആക്രമണം. കത്തി കൊണ്ടുള്ള കുത്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ അഭിഭാഷകന്റെ കൈയ്ക്ക് ഗുരുതര പരുക്കേറ്റു. കോട്ടയം ബാറിലെ അഭിഭാഷകന്‍ അലക്‌സ് തോമസിനാണ് പരുക്കേറ്റത്. ഇടതുകൈയുടെ ചൂണ്ടുവിരലിനും നടുവിരലിനും പരുക്കേറ്റ അലക്‌സിനെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കി.

ചൊവ്വാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കോടിയാട്ട് ബില്‍ഡിങ്‌സ് വാടകയ്‌ക്കെടുത്ത് സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയിരുന്ന മനോജ് എസ് പിള്ളയാണ് അഭിഭാഷകനെ ആക്രമിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി ഇയാള്‍ ഇവിടെ വാടകയ്ക്ക് പ്രവര്‍ത്തിക്കുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെട്ടിടം ഒഴിഞ്ഞു കൊടുക്കാത്തത് സംബന്ധിച്ച്‌ ഉടമകളായ സഹോദരിമാര്‍ കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഇതില്‍ ഒരു കേസില്‍ ഉടമയ്ക്ക് അനുകൂലമായ വിധി ലഭിച്ചു. രണ്ടാമത്തെ ഉടമയായ കോടിയാട്ട് അനു തോമസിന് വേണ്ടി കോടതിയില്‍ ഹാജരായതിനു ശേഷമാണ് അഡ്വ. അലക്‌സ് കേസിലുള്ള കെട്ടിടത്തിലേക്ക് ചെന്നത്.

കോടതിയില്‍ കേസ് നടക്കുമ്ബോള്‍ തന്നെ കെട്ടിടം മനോജ് അടിച്ചു പൊളിച്ചു. അഡ്വ. അലക്‌സ് ഇത് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതു സംബന്ധിച്ച്‌ വാദം കേള്‍ക്കുന്നത് കോടതി ഒമ്ബതാം തീയതിയിലേക്ക് മാറ്റി വച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്നലെ വീണ്ടും ഇയാള്‍ കെട്ടിടം തകര്‍ക്കുന്നുവെന്നും വന്ന് പരിശോധിക്കണമെന്നും പറഞ്ഞ് കെട്ടിടം ഉടമ അനു തോമസ് അഡ്വ. അലക്സിനെ വിളിച്ചു വരുത്തിയത്.

ഇവർ കെട്ടിടത്തിനകത്ത് പരിശോധിക്കുന്നതിനിടെ രണ്ടു കത്തിയുമായി മനോജ് പാഞ്ഞടുക്കുകയായിരുന്നു. അഭിഭാഷകന് നേരെ കത്തി വിശീയത് തടയുമ്ബോഴാണ് കൈക്ക് പരുക്കേറ്റത്. വിവരം അറിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ വൈകിയതായി ആരോപണമുണ്ട്. ഇന്നലെ രാത്രി ഏറെ വൈകിയാണ് കുത്തേറ്റ് അഭിഭാഷകന്റെ മൊഴിയെടുക്കാന്‍ പോലീസ് എത്തിയതെന്ന് ആരോപണമുണ്ട്. കോട്ടയത്ത് ജോസഫ് ആന്‍ഡ് പൗലോസ് ലോയേഴ്‌സ് ഓഫീസിലെ അഭിഭാഷകനാണ് അലക്‌സ് തോമസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക